ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരക്ക് അരങ്ങൊരുങ്ങുകയാണ്. മുന്‍ നായകന്‍ എം.എസ്. ധോണിയുടെ ഹോം ഗ്രൗണ്ടായ റാഞ്ചിയില്‍ വെച്ചാണ് മത്സരം നടക്കുന്നത്.
എം.എസ്. ധോണിയുടെ ഹോം ഗ്രൗണ്ട് എന്നതിനേക്കാള്‍ ടി-20യില്‍ ഇന്ത്യയുടെ ഭാഗ്യ ഗ്രൗണ്ടാണ് റാഞ്ചി. റാഞ്ചിയില്‍ കളിച്ചപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പം തന്നെയായിരുന്നു.
ഇതിന് മുമ്പ് മൂന്ന് തവണയാണ് ഇന്ത്യ റാഞ്ചിയില്‍ ടി-20ക്ക് ഇറങ്ങിയത്. അവസാനം ഇന്ത്യ റാഞ്ചിയില്‍ കളിച്ചത് 2021ലാണ്. അന്നും എതിരാളികള്‍ ന്യൂസിലാന്‍ഡ് ആയിരുന്നു.
ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ രണ്ടാം ടി-20യാണ് അന്ന് റാഞ്ചിയില്‍ കളിച്ചത്. ടോസ് നേടിയ ഇന്ത്യ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. 34 റണ്‍സ് നേടിയ ഗ്ലെന്‍ ഫിലിപ്‌സിന്റെയും 31 റണ്‍സ് വീതം നേടിയ ഡാരില്‍ മിച്ചലിന്റെയും മാര്‍ട്ടിന്‍ ഗപ്ടില്ലിന്റെയും ഇന്നിങ്‌സിന്റെ ബലത്തില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 65 റണ്‍സ് നേടിയ കെ.എല്‍. രാഹുലിന്റെയും 55 റണ്‍സ് നേടിയ രോഹിത് ശര്‍മയുടെയും ഇന്നിങ്‌സിന്റെ ബലത്തില്‍ 17.2 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി അനായാസം വിജയം സ്വന്തമാക്കുകയായിരുന്നു.
പരമ്പരയിലെ ആദ്യ മത്സരം ജയിച്ച ഇന്ത്യ റാഞ്ചിയിലെ രണ്ടാം ടി-20യും ജയിക്കുകയും പരമ്പര സ്വന്തമാക്കുകയുമായിരുന്നു. ഈഡന്‍ ഗാര്‍ഡനില്‍ വെച്ച് നടന്ന മൂന്നാം മത്സരവും ജയിച്ച് കിവികളെ വൈറ്റ്‌വാഷ് ചെയ്താണ് ഇന്ത്യ പരമ്പര വിജയം ആഘോഷിച്ചത്.
ടോസ് നേടിയാല്‍ ഇന്ത്യ ബൗളിങ് തന്നെയാകും തെരഞ്ഞെടുക്കുക. നേരത്തെ കളിച്ച മൂന്ന് മത്സരങ്ങളിലും രണ്ടാമത് ബാറ്റ് ചെയ്ത ടീമാണ് വിജയിച്ചത്.