ന്യൂദല്‍ഹി: ഭീകരവിരുദ്ധ നിയമങ്ങള്‍ ഇന്ത്യ ദുരുപയോഗം ചെയ്യുന്നതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ആംനസ്റ്റി ഇന്റര്‍നാഷണലും ഐറിഷ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടനയായ ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്‌സും. ഭീകരവിരുദ്ധ നിയമങ്ങള്‍ പൊതുസമൂഹത്തെ ലക്ഷ്യം വെക്കുന്നതാണെന്നും അത് ദുരുപയോഗം ചെയ്യപ്പെടുകയാണെന്നും സംഘടനകള്‍ പറഞ്ഞു.
ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്.എ.ടി.എഫ്) പ്ലീനറിക്ക് മുന്നോടിയായിട്ടായിരുന്നു സംഘടനകങ്ങള്‍ വിഷയത്തിലുള്ള തങ്ങളുടെ ആശങ്ക അറിയിച്ചത്. എഫ്.എ.ടി.എഫ് മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങള്‍ രാജ്യം പാലിക്കേണ്ടതുണ്ടെന്നും സംഘടന ഇന്ത്യന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജി 7 രാജ്യങ്ങളുടെ നേതൃത്വത്തില്‍ 1989-ല്‍ സ്ഥാപിതമായ ഒരു ഇന്റര്‍ ഗവര്‍മെന്റല്‍ ഓര്‍ഗനൈസേഷനാണ് എഫ്.എ.ടി.എഫ്.
എഴുത്തുകാരി അരുന്ധതി റോയ്, കശ്മീരി അക്കാദമീഷ്യനായ ഷെയ്ഖ് ഷൗക്കത്ത് ഹുസൈന്‍ എന്നിവര്‍ക്കെതിരെ യു.എ.പി.എ നിയമപ്രകാരം കേസെടുത്തിരിക്കുകയാണെന്നും ഇത്തരം ക്രൂരമായ നിയമങ്ങള്‍ ഉപയോഗിച്ച് സര്‍ക്കാരിനെ വിമര്‍ശിക്കുന്നരുടെ വായടപ്പിക്കുകയാണെന്നും ഇവരെ ഏകപക്ഷീയമായി ടാര്‍ഗറ്റ് ചെയ്യുകയാണെന്നും ഫ്രണ്ട് ഡിഫന്‍ഡേഴ്‌സ് പറഞ്ഞു.
‘ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷകരെ ലക്ഷ്യം വെയ്ക്കാനും വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനുമായി യു.എ.പി.എ ഉപയോഗിക്കുന്നത് കഴിഞ്ഞ 10 വര്‍ഷത്തിനിടെ ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുകയാണ്. യു.എ.പി.എ പ്രകാരം കേസെടുക്കപ്പെടുന്നവര്‍ക്ക് ജാമ്യം ലഭിക്കുന്നില്ല. മാത്രമല്ല കുറ്റം ചുമത്താതെ ഇവരെ ദീര്‍ഘനാളുകളായി തടങ്കലില്‍ വെക്കാന്‍ സാധിക്കും. നിരപരാധിത്വം തെളിയിക്കാന്‍ പോലും ഇവര്‍ക്ക് കഴിയാതെ വരുന്നു. ഇത്തരം കടുത്ത വകുപ്പുകള്‍ ആളുകള്‍ക്ക് മേല്‍ ഉപയോഗിക്കപ്പെടുകയാണ്. ഇന്ത്യയുടെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ കാലക്രമേണ വികസിച്ചുവരികയും കൂടുതല്‍ വിശാലമാവുകയുമാണ്. ഇത് പലപ്പോഴും പ്രതികളുടെ അടിസ്ഥാന അവകാശത്തെ ഇല്ലാതാക്കുന്നതാണ്,’ സംഘടന കൂട്ടിച്ചേര്‍ത്തു.
പൊതു സമൂഹത്തെ ലക്ഷ്യമിട്ട് ഇന്ത്യന്‍ സര്‍ക്കാര്‍ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യകയാണെന്ന് ചൂണ്ടിക്കാട്ടി ആംനസ്റ്റി ഇന്റര്‍നാഷണലും ഫ്രണ്ട് ലൈന്‍ ഡിഫന്‍ഡേഴ്സും കഴിഞ്ഞ വര്‍ഷം എഫ്.എ.ടി.എഫ് സെക്രട്ടേറിയറ്റിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.ഇന്ത്യ തങ്ങളുടെ തീവ്രവാദ വിരുദ്ധ നിയമങ്ങള്‍ എങ്ങനെയാണ് വിപുലീകരിച്ചതെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
‘ 2012-ല്‍, ഇന്ത്യന്‍ സര്‍ക്കാര്‍ നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുമെന്ന പേരില്‍ എഫ്.എ.ടി.എഫിന്റെ ശുപാര്‍ശകളെ ഖണ്ഡിക്കുന്ന ഖണ്ഡിക്കുന്ന ചില തീരുമാനങ്ങള്‍ എടുത്തു. അതേസമയം 2010 ല്‍ കള്ളപ്പണം വെളുപ്പിക്കല്‍ വിരുദ്ധ നിയമം, തീവ്രവാദ ധനസഹായം തടയല്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രത്യേക ശുപാര്‍ശകള്‍ എഫ്.എ.ടി.എഫിന്റെ നിര്‍ദേശങ്ങളെ അംഗീകരിച്ചുകൊണ്ടാണ് ഇന്ത്യ നടപ്പാക്കിയത്.
ഭീകരവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിലൂടെ ഇന്ത്യയിലെ മനുഷ്യാവകാശ സംരക്ഷകരെ ടാര്‍ഗറ്റ് ചെയ്യുകയാണ്. യു.എ.പി.എ മാനദണ്ഡങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനൊപ്പം എഫ്.എ.ടി.എഫിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെക്കുറിച്ച് ഓര്‍മ്മിപ്പിക്കുകയാണെന്നും സംഘടന പറഞ്ഞു.
‘ഭീകരവിരുദ്ധ നിയമങ്ങള്‍ ദുരുപയോഗം ചെയ്യുന്നത് അവസാനിപ്പിക്കാനും മനുഷ്യാവകാശത്തെ മാനിക്കാനും ഇന്ത്യന്‍ സര്‍ക്കാരിനോട് ഞങ്ങള്‍ ആവശ്യപ്പെടുന്നു. പൊതുസമൂഹത്തെ ലക്ഷ്യം വെക്കാനും വിമത ശബ്ദങ്ങളെ അടിച്ചമര്‍ത്താനും നിയമത്തെ ദുരുപയോഗം ചെയ്യില്ലെന്ന് സര്‍ക്കാര്‍ ഉറപ്പുവരുത്തണം,’ ആംനസ്റ്റി ഇന്റര്‍നാഷണല്‍ പറഞ്ഞു.
Content Highlight: India’s Misuse of Counter-Terrorism Laws Targets Civil Society, Says Amnesty International