പട്ടിണി സൂചികയില്‍ ഇന്ത്യ 105ാം സ്ഥാനത്ത്; ആഗോളതലത്തില്‍ 733 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍
national news
പട്ടിണി സൂചികയില്‍ ഇന്ത്യ 105ാം സ്ഥാനത്ത്; ആഗോളതലത്തില്‍ 733 ദശലക്ഷം ആളുകള്‍ പട്ടിണിയില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th October 2024, 10:26 pm

ന്യൂദല്‍ഹി: ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 105ാം സ്ഥാനത്ത്. പോഷകാഹാരക്കുറവും ശിശുമരണവും ഉള്‍പ്പെടെ അടിസ്ഥാനമാക്കിയുള്ള ജി.എച്ച്.ഐ സ്‌കോറുകള്‍ ഉപയോഗിച്ചുള്ള പഠനത്തിലാണ് ഇന്ത്യ 105ാം സ്ഥാനത്ത് റാങ്ക് ചെയ്യപ്പെട്ടത്.

ഐറിഷ് മാനുഷിക സംഘടനയായ കണ്‍സര്‍ണ്‍ വേള്‍ഡ് വൈഡും ജര്‍മന്‍ എയ്ഡ് ഏജന്‍സിയായ വെല്‍ത്തുങ്കര്‍ഹില്‍ഫും ചേര്‍ന്നാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

റിപ്പോർട്ടിൽ ഗുരുതരമായ സ്ഥിതികളിലൂടെ കടന്നുപോകുന്ന 42 രാജ്യങ്ങളിലും ഇന്ത്യ ഉള്‍പ്പെടുന്നു. പാകിസ്ഥാനും അഫ്ഗാനിസ്ഥാനും ഈ പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. എന്നാല്‍ ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ അയല്‍രാജ്യങ്ങള്‍ ഇന്ത്യയേക്കാള്‍ മികച്ച റാങ്കിങ് നേടുകയും ചെയ്തു.

2024 ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ നേടിയത് 27.3 സ്‌കോറാണ്. ജനസംഖ്യയുടെ 13.7 ശതമാനവും പോഷകാഹാരക്കുറവ് നേരിടുന്നവരാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 35.5 ശതമാനവും പ്രായത്തിനനുസൃതമായ വളര്‍ച്ചയില്ലാത്തവരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2.9 ശതമാനം കുട്ടികള്‍ അഞ്ച് വയസ് പൂര്‍ത്തിയാകുന്നതിന് മുന്നോടിയായി മരണപ്പെടുന്നു.

കണക്കുകള്‍ പ്രകാരം, 2030ഓടെ ‘സീറോ ഹംഗര്‍’ എന്ന ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം ഇന്ത്യ കൈവരിക്കാന്‍ സാധ്യത വളരെ കുറവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

2016ല്‍ 104 രാജ്യങ്ങളെ മുന്‍നിര്‍ത്തിയാണ് പട്ടിണി സൂചിക പരിശോധിച്ചത്. ഇതില്‍ ഇന്ത്യയുടെ റാങ്ക് 80 ആയിരുന്നു. ഇന്ത്യയുടെ അന്നത്തെ റാങ്ക് 29.3മായിരുന്നു. എന്നാല്‍ ഇത് ആശ്വസിക്കാന്‍ കഴിയുന്ന കണക്കല്ലെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാട്ടി. 2000ലും 2008ലും യഥാക്രമം ഇന്ത്യ 38.4, 35.2 എന്നീ റാങ്കിങ്ങുകളാണ് നേടിയത്.

2024ഓടെ ആഗോള പട്ടിണി സൂചികയില്‍ 23 രാജ്യങ്ങള്‍കൂടി പരിഗണിക്കപ്പെടുകയായിരുന്നു. ഈ 23 രാഷ്ട്രങ്ങളും അവികസിത രാജ്യങ്ങള്‍ കൂടിയായിരുന്നു. എന്നാല്‍ ഇന്ത്യയുടെ 2024ല്‍ റാങ്കിങ് 105ലേക്ക് താഴുകയാണ് ഉണ്ടായത് .

അതേസമയം ആഗോളതലത്തില്‍ പ്രതിദിനം 733 ദശലക്ഷം ആളുകള്‍ പട്ടിണി കിടക്കുന്നുണ്ട്. ഏകദേശം 2.8 ബില്യണ്‍ ആളുകള്‍ക്ക് പോഷകാഹാരം ലഭിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഗസ, സുഡാന്‍ എന്നീ രാജ്യങ്ങളില്‍ തുടരുന്ന യുദ്ധം ആഗോളതലത്തിലെ പട്ടിണി പ്രതിസന്ധി വര്‍ധിച്ചതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഹെയ്തി, മാലി, സിറിയ എന്നീ രാജ്യങ്ങളിലെ ആഭ്യന്തര കലഹങ്ങളും പട്ടിണിയിലെ ആഗോള പ്രതിസന്ധി വര്‍ധിപ്പിച്ചു.

കാലാവസ്ഥാ വ്യതിയാനം, ലിംഗ അസമത്വം എന്നീ മാനദണ്ഡങ്ങളും ആഗോള പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ട്. സ്ത്രീകളിലും ലൈംഗിക-ലിംഗ ന്യൂനപക്ഷങ്ങളിലും പോഷകാഹാരക്കുറവ് വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: India ranks 105th on hunger index 2024