ഇന്ത്യയില്‍ ഫേസ്ബുക്കിനെ ബി.ജെ.പി വിലയ്ക്കുവാങ്ങിയോ? വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്
Politics
ഇന്ത്യയില്‍ ഫേസ്ബുക്കിനെ ബി.ജെ.പി വിലയ്ക്കുവാങ്ങിയോ? വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 17th August 2020, 2:25 pm

‘പൊതുജനത്തിന് എന്ത് തരത്തിലുള്ള വാര്‍ത്തകള്‍ എത്തിക്കാനും നമ്മള്‍ പ്രാപ്തരാണ്. അത് കയ്പുള്ളതാകട്ടെ പുളിപ്പുള്ളതാകട്ടെ മധുരിക്കുന്നതാകട്ടെ വ്യാജമാകട്ടെ’.

2018 സെപ്തംബറില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രാജസ്ഥാനിലെ ബി.ജെ.പിയുടെ സൈബര്‍ വിങ്ങിനെ അഭിസംബോധന ചെയ്ത് സംസാരിച്ചതാണിത്. ബി.ജെ.പി എന്ന പാര്‍ട്ടി ഏത് രീതിയിലാണ് സമൂഹ മാധ്യമങ്ങളെ വിനിയോഗിക്കുന്നത് എന്നത് വെളിപ്പെടുത്തുന്നതു കൂടിയായിരുന്നു അമിത് ഷായുടെ നിര്‍ണായകമായ ഈ പ്രസ്താവന.

സമൂഹമാധ്യമങ്ങളില്‍ ബി.ജെ.പിയ്ക്കുള്ള സ്വാധീനത്തെക്കുറിച്ചും ശക്തിയെക്കുറിച്ചും അമിത് ഷാ വെറുതെ പറഞ്ഞതായിരുന്നില്ല. 2017ലെ ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പ് സമയത്ത് ഒരു വ്യാജ വാര്‍ത്ത എങ്ങനെ ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രചരിപ്പിച്ചു എന്നതിനെകുറിച്ചും അമിത് ഷാ സംസാരിച്ചിരുന്നു.

അന്നത്തെ സമാജ് വാദി പാര്‍ട്ടി മുഖ്യമന്ത്രിയായിരുന്ന അഖിലേഷ് യാദവ് തന്റെ അച്ഛനായ മുലായം സിങ് യാദവിനെ മര്‍ദ്ദിക്കുന്നതായുള്ള വ്യാജ ചിത്രങ്ങളായിരുന്നു അന്ന് വ്യാപകമായി പ്രചരിച്ചിരുന്നത്. ഇത്തരത്തില്‍ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ സാധിച്ചത് ഏകദേശം 32 ലക്ഷത്തിലധികം ആളുകള്‍ നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ ഉണ്ട് എന്നത് കൊണ്ടാണെന്നും അമിത് ഷാ അന്ന് വ്യക്തമാക്കിയിരുന്നു.

ഇന്ത്യയിലെ സമൂഹ മാധ്യമങ്ങളിലൊട്ടാകെ ബി.ജെ.പി അനുകൂല പ്രചരണങ്ങളാണ് നടക്കുന്നത് എന്നാണ് ഉദാഹരണങ്ങളും കണക്കുകളും വ്യക്തമാക്കുന്നത്. ഇതില്‍ തന്നെ പലതും വ്യാജവുമാണ്. ഇത്തരം പ്രചരണങ്ങള്‍ ഇടയ്ക്കൊക്കെ മുഖ്യധാര മാധ്യമങ്ങളിലും ഇടം പിടിക്കാറുണ്ട്.

അമേരിക്കന്‍ മാധ്യമമായ വാള്‍സ്ട്രീറ്റ് ജേണല്‍ വെള്ളിയാഴ്ച്ച പുറത്തുവിട്ട റിപ്പോര്‍ട്ട് എങ്ങിനെയാണ് വെര്‍ച്ച്വല്‍ ലോകത്തിലെ പ്രചരണങ്ങളില്‍ ബി.ജെ.പി ശക്തരാകുന്നത് എന്നത് വ്യക്തമാക്കുന്നതായിരുന്നു. ഭരണകക്ഷിയായ ബി.ജെ.പിയെ പിണക്കുന്നത് ഇന്ത്യയിലെ തങ്ങളുടെ ബിസിനസിനെ ബാധിക്കുമെന്ന ഭയത്തില്‍ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ പ്രസംഗം പോലും ഫെയ്സ്ബുക്ക് അനുവദിച്ചുവെന്ന റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍ ഏറെ ആശങ്കയുളവാക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ കമ്പനിയായ ഫെയ്സ്ബുക്കും മെസയ്ജിങ്ങ് ആപ്ലിക്കേഷനായ വാട്സ് ആപ്പും ബി.ജെ.പി നേതാക്കള്‍ നടത്തിയ വിദ്വേഷ പ്രസംഗങ്ങളെ അവഗണിച്ച് ഭരണകക്ഷിക്കൊപ്പം നില്‍ക്കുകയാണെന്നാണ് വാള്‍സ്ട്രീറ്റ് ജേണല്‍ വ്യക്തമാക്കുന്നത്.

2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സമയത്ത് വ്യാജ വാര്‍ത്ത പേജുകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്തത് കമ്പനിയുടെ ഇന്ത്യയിലെ പബ്ലിക്ക് പോളിസി ഡയറ്ക്ടറായ അന്‍കി ദാസ് മറച്ചുവെച്ചു എന്നതാണ് ഈ പക്ഷപാതത്തിന് ഉദാഹരണമായി വാഷിങ്ടണ്‍ പോസ്റ്റിന്റെ റിപ്പോര്‍ട്ട് ഉയര്‍ത്തികാട്ടുന്നത്.

തെലങ്കാനയിലെ ബി.ജെ.പി എം.എല്‍.എയായ ടി രാജാ സിങ് മുസ്ലിങ്ങളെ കൊല്ലുന്നതിനെ കുറിച്ചും ബീഫ് കഴിക്കുന്നതിനെകുറിച്ചും പള്ളികള്‍ തകര്‍ക്കുന്നതിനെക്കുറിച്ചും രോഹിങ്ക്യന്‍ മുസ്ലിങ്ങളെ വെടിവെച്ചുകൊല്ലുന്നതിനെക്കുറിച്ചുമെല്ലാം ആഹ്വാനങ്ങള്‍ നടത്തിയിരുന്നു.

രാജ സിങ് നടത്തിയ ഈ വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തെ അപകടകാരിയായ വ്യക്തിയായി ഫെയ്സ്ബുക്ക് കണക്കാക്കി. ഫെയ്സ്ബുക്കിന്റെ തന്നെ ഇന്റേണല്‍ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം അപകടകരമായ കലാപങ്ങള്‍ ഉണ്ടാക്കാന്‍ ഇടയാക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങളാണ് ബി.ജെ.പി എം.എല്‍.എ നടത്തിയത്.

ഇത് ഫെയ്സ്ബുക്ക് സിങിനെ വിലക്കാന്‍ ഇടയാക്കി എന്നാണ് അന്‍കി ദാസ് പറയുന്നത്. പക്ഷേ രാജാ സിങ് ഇപ്പോഴും ഫെയ്സ്ബുക്കില്‍ തുടരുന്നുണ്ട് എന്നും വാള്‍സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

ഇത് ഒരു ഒറ്റപ്പെട്ട ഉദാഹരമണമല്ല. ഫെയ്സ്ബുക്കിലെ 25000ത്തിലധികം ജീവനക്കാരുമായി സി.ഇ.ഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ് നടത്തിയ വീഡിയോ കോണ്‍ഫറന്‍സിങ്ങില്‍ ബി.ജെ.പി നേതാവ് കപില്‍ മിശ്രയുടേത് വിദ്വേഷ പ്രസംഗത്തിന് ഉദാഹരമാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കപില്‍ മിശ്ര നടത്തിയ പരാമര്‍ശമായിരുന്നു സുക്കര്‍ബര്‍ഗ് എടുത്തുകാട്ടിയത്. കപില്‍ മിശ്രയുടെ പ്രസംഗത്തിന് പിന്നാലെയാണ് ദല്‍ഹി കലാപം പൊട്ടിപ്പുറപ്പെട്ടത്. പ്രസംഗം ഫെയ്സ്ബുക്ക് നീക്കം ചെയ്തെങ്കിലും കപില്‍ മിശ്രയ്ക്ക് ഇപ്പോഴും ഫെയ്സ്ബുക്കിന്റെ വെരിഫൈഡ് അക്കൗണ്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.

വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന മൂന്നാമത്തെയാള്‍ കേന്ദ്ര മന്ത്രിയും എം.പിയുമായ ആനന്ദ്കുമാര്‍ ഹെഗ്ഡയാണ്. മുസ്ലിങ്ങളാണ് കൊവിഡ് 19 ഇന്ത്യയില്‍ പരത്തുന്നത് എന്നായിരുന്നു ഹെഗ്ഡെയുടെ വിദ്വേഷ പ്രചരണം. ഇതിനെതിരെയും നടപടികള്‍ ഒന്നുമുണ്ടായിട്ടില്ല.
ഫെയ്സ്ബുക്കും ഭരണകക്ഷിയായ ബി.ജെ.പിയും തമ്മിലുള്ള ബന്ധത്തിലേക്ക് വ്യക്തമായി വിരല്‍ ചുണ്ടുന്നതാണ് വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ട്. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ ഇന്ത്യയില്‍ ആദ്യമായല്ല ഉയരുന്നത്.

 വിവാദങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്

2017ല്‍ ബ്ലൂം ബര്‍ഗും ഫെയ്സ്ബുക്കിന്റെ സുതാര്യതയെ സംബന്ധിക്കുന്ന റിപ്പോര്‍ട്ട് പ്രസിദ്ധപ്പെടുത്തിയിരുന്നു. അതില്‍ പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓണ്‍ലൈന്‍ പ്രസന്‍സ് സജീവമാക്കാന്‍ ഫെയ്സ്ബുക്ക് സഹായിച്ചുവെന്നാണ്. ഇതിലുപരി ഫെയ്സ്ബുക്ക് ജീവനക്കാര്‍ പ്രചരണ പ്രവര്‍ത്തകരെപ്പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും ബ്ലൂംബര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

നരേന്ദ്രമോദിയുടെ ഫെയ്സ്ബുക്ക് ഫോളോവേഴ്സ് തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ ഹരാസ്മെന്റ് ക്യാമ്പയിനുകള്‍ നടത്താന്‍ ഫെയ്സ്ബുക്കും വാട്സ്ആപ്പും ഉപയോഗിക്കുന്നു, തീവ്ര ഹിന്ദുത്വ അനുഭാവികള്‍ മുസ്ലിങ്ങള്‍ക്കെതിരായി വിദ്വേഷ പ്രചരണത്തിന് ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നു തുടങ്ങി നിരവധി കാര്യങ്ങള്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഇതിനും ഒരു വര്‍ഷം മുന്‍പ് അങ്കി ദാസിന് മോദി സര്‍ക്കാരുമായുള്ള ബന്ധം എത്ര ദൃഡമാണെന്ന് ചൂണ്ടിക്കാട്ടി ദ ഗാര്‍ഡിയന്‍ ഒരു റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. മോദിയുടെ കൊച്ചുമകളെപ്പോലെയാണ് അവരെന്ന് തങ്ങള്‍ തമാശ പറയാറുണ്ടായെന്നാണ് ഫെയ്സ്ബുക്കിന്റെ ഒരു എക്സിക്യൂട്ടിവ് ഗാര്‍ഡിയനോട് പ്രതികരിച്ചത്.

ഇന്ത്യന്‍ മാധ്യമമായ കാരവന്‍ അമിത്ഷായുടെ മകന്‍ ജയ്ഷായ്ക്കെതിരായി 2018ല്‍ റിപ്പോര്‍ട്ട് ചെയ്ത അഴിമതി ആരോപണം ഫെയ്സ്ബുക്ക് എത്തരത്തിലാണ് ഞെക്കികൊന്നതെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇന്ത്യയിലെ ഫെയ്സ്ബുക്ക് ജീവനക്കാര്‍ ബി.ജെ.പിയുമായി എങ്ങനെയാണ് ബന്ധപ്പെട്ട് കിടക്കുന്നത് എന്നത് സംബന്ധിച്ച് ന്യൂസ് ക്ലിക്ക് അഞ്ച് വിഭാഗങ്ങളായുള്ള ഒരു പരമ്പര ചെയ്തിരുന്നു. ഫെയ്സ്ബുക്ക് ജീവനക്കാര്‍ക്ക് നരേന്ദ്രമോദിയുമായുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു ഇത്.
2019 ലെ ലോകസഭ തെരഞ്ഞെടുപ്പിന് ശേഷം ഈ ആരോപണം കുറേക്കുടി ശക്തിപ്രാപിച്ചിരുന്നു.

പാര്‍ലമെന്റിലും ഇത് ചര്‍ച്ചയായിരുന്നു. ബി.ജെ.പിയുടെ പ്രചാരകരെപ്പോലെയാണ് ഫെയ്സ്ബുക്ക് ജീവനക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്ന ആരോപണം ത്രിണമൂല്‍ കോണ്‍ഗ്രസ് നേതാക്കളും ഉന്നയിച്ചിരുന്നു. ബി.ജെ.പിക്കെതിരായുള്ള കണ്ടന്റുകള്‍ ഫെയ്സ്ബുക്കിന്റെ അല്‍ഗൊരിതം സെന്‍സര്‍ ചെയ്യുന്നുവെന്നായിരുന്നു ത്രിണമൂല്‍ കോണ്‍ഗ്രസിന്റെ ഡെറിക് ഓ ബ്രയന്റെ ആരോപണം.

ഈ ആരോപണങ്ങളോട് കോണ്‍ഗ്രസ് ഇതുവരെ വലിയ രീതിയില്‍ പ്രതികരിച്ചിട്ടില്ലെങ്കിലും വാള്‍സ്ട്രീറ്റ് ജേണലിന്റെ റിപ്പോര്‍ട്ടിന് പിന്നാലെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഇന്ത്യയില്‍ ഫെയ്സ്ബുക്കിനെ ബി.ജെ.പിയും ആര്‍.എസ്.എസുമാണ് നിയന്ത്രിക്കുന്നത് എന്നായിരുന്നു രാഹുല്‍ ഗാന്ധി പറഞ്ഞത്. ശശി തരൂരും വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു.

ഫേസ്ബുക്കിനെ സംബന്ധിച്ചിടത്തോളം നിര്‍ണായകമായ മാര്‍ക്കറ്റാണ് ഇന്ത്യ. അവര്‍ക്ക് ഏറ്റവും കൂടുതല്‍ ഉപയോക്താക്കളുള്ളതില്‍ ഒരു രാജ്യം കൂടിയാണ്. ജൂലായില്‍ 43,574കോടി രൂപ റിലയന്‍സ് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ ജിയോയില്‍ നിക്ഷേപിച്ച് ഫെയ്സ്ബുക്ക് ഇതിന് അടിവര ഇടുകയായിരുന്നു.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന സോഷ്യല്‍ മീഡിയ ആപ്ലിക്കേഷന്‍ ആയത് കൊണ്ടു തന്നെ ഫെയ്സ്ബുക്കും വാട്സ് ആപ്പും ഇന്ത്യയുടെ രാഷ്ട്രീയ മേഖലയിലും നിര്‍ണായക സ്വാധീനം വഹിക്കുന്നു. സ്റ്റാറ്റിസ്റ്റിക്കയുടെ ജൂലായിലെ കണക്കുകള്‍ പ്രകാരം ഫെയ്സ്ബുക്കിന് 290 മില്ല്യണ്‍ ഉപയോക്താക്കള്‍ രാജ്യത്തുണ്ട്. വാട്സ്ആപ്പിന് ഇത് 400 മില്ല്യണില്‍ കൂടുതലാണ്. ഇന്ത്യയിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അതുകൊണ്ട് തന്നെ ഫെയ്സ്ബുക്കിനെയും വാട്സ്ആപ്പിനെയും ഉപയോഗപ്പെടുത്തുന്നവര്‍ തന്നെയാണ്.

വാട്സ്ആപ്പാണ് ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ ഒരു പ്രധാന ആയുധമെന്നത് പലയാവര്‍ത്തി തെളിയിക്കപ്പെട്ടതാണ്. ഇപ്പോള്‍ നടക്കാനിരിക്കുന്ന ബീഹാര്‍ തെരഞ്ഞെടുപ്പിലും വാട്സ്ആപ്പിന്റെ പ്രസക്തി ബി.ജെ.പി പലവട്ടം വ്യക്തമാക്കുന്നുണ്ട്. അതുകൊണ്ട് തന്നെ വാള്‍സ്ട്രീറ്റ് ജേണല്‍ ഇപ്പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട് ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് എന്നാണ് നീരീക്ഷണങ്ങള്‍.

കടപ്പാട്: ദ സ്ക്രോൾ

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ