ബംഗ്ലാദേശിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ് ബാറ്റിങ് ആരംഭിച്ചിരിക്കുകയാണ്. മത്സരം അവസാനിക്കാന്‍ ഒരു ദിവസത്തിലധികം മാത്രം ബാക്കി നില്‍ക്കവെയാണ് ഇന്ത്യ ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയിരിക്കുന്നത്. നിലവില്‍ 20 ഓവര്‍ പിന്നിടുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സാണ് ടീം നേടിയത്.
ആദ്യ ഓവര്‍ മുതല്‍ക്കുതന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ പുറത്തെടുത്തത്. ആദ്യ ഓവര്‍ എറിഞ്ഞ ഹസന്‍ മഹ്‌മൂദിനെ അടിച്ചുതുടങ്ങിയ ഇന്ത്യ 18ാം പന്തില്‍ തന്നെ ടീം സ്‌കോര്‍ 50 കടത്തി. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 11 പന്തില്‍ മൂന്ന് സിക്‌സറും ഒരു ഫോറും അടക്കം 23 റണ്‍സിന് പുറത്താകുമ്പോള്‍ ഇന്ത്യ 55 റണ്‍സാണ് നേടിയത്. പിന്നീട് യശസ്വി ജയ്‌സ്വാളിന്റെ മിന്നും പ്രകടനത്തില്‍ ഇന്ത്യ കുതിക്കുകയായിരുന്നു. 51 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 72 റണ്‍സാണ് താരം നേടിയത്.
അതിനിടയില്‍ ഇന്ത്യ 10.1 ഓവറിലാണ് 103 റണ്‍സ് നേടി മൂന്നക്കത്തില്‍ എത്തിയത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റില്‍ വമ്പന്‍ റെക്കോഡ് സ്വന്തമാക്കാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് നേടുന്ന ടീമാകാനാണ് ഇന്ത്യയ്ക്ക് സാധിച്ചത്.
ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 100 റണ്‍സ് നേടുന്ന ടീം, എതിരാളി, വേദി, വര്‍ഷം, ഓവര്‍
ഇന്ത്യ – ബംഗ്ലാദേശ് – കാണ്‍പൂര്‍ – 2024 – 10.1*
ഇന്ത്യ – വെസ്റ്റ് ഇന്‍ഡീസ് – പോര്‍ട്ട് ഓഫ് സ്‌പെയിന്‍ – 2023 – 12.2
മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ശുഭ്മന്‍ ഗില്‍ 36 പന്തില്‍ നിന്ന് 39 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷബ് പന്ത് വെറും ഒമ്പത് റണ്‍സുമാണ് നേടിയത്. നിലവില്‍ വിരാട് കോഹ്‌ലി 13 റണ്‍സും കെ.എല്‍. രാഹുല്‍ റണ്‍സൊന്നും നേടാതെ ക്രീസില്‍ തുടരുകയാണ്.
Content Highlight: India In Great Record Achievement In Test Cricket