സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സര്‍ക്കാര്‍ അനുമതി നിഷേധിച്ചതോടെ പാകിസ്ഥാനില്‍ നടക്കുന്ന ബ്ലൈന്‍ഡ് ടി-20 ലോകകപ്പില്‍ നിന്നും പിന്‍മാറി ഇന്ത്യ. ബ്ലൈന്‍ഡ് ക്രിക്കറ്റ് നാഷണല്‍ ഫെഡറേഷനാണ് തങ്ങള്‍ ലോകകപ്പില്‍ പങ്കെടുക്കില്ല എന്ന കാര്യം അറിയിച്ചത്.
നവംബര്‍ 23 മുതല്‍ ഡിസംബര്‍ മൂന്ന് വരെയാണ് ടൂര്‍ണമെന്റ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. നേരത്തെ തീരുമാനിച്ച പ്രകാരം ബുധനാഴ്ച ഇന്ത്യന്‍ ടീം പാകിസ്ഥാനിലെത്തേണ്ടതാണ്. എന്നാല്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെ എന്‍.ഒ.സിയോ വിദേശകാര്യ മന്ത്രാലയത്തിന്റെ ക്ലിയറന്‍സോ ഇന്ത്യന്‍ ടീമിന് ഇനിയും ലഭിച്ചിട്ടില്ല.
Best wishes to Pakistan Blind Cricket Council for hosting the Blind Cricket T20 World Cup 2024!
Let the games begin!
#T20WorldCup #BlindCricket #cabi #samarthanamtrust pic.twitter.com/dCmJKhDCJW
— Cricket Association for the Blind in India (CABI) (@blind_cricket) November 13, 2024
‘ഇന്ത്യയുടെ ബ്ലെന്‍ഡ് ടീമിന് പാകിസ്ഥാനിലേക്ക് പോകാന്‍ അനുമതിയില്ലെന്ന് ഞങ്ങളോട് അനൗദ്യോഗികമായി പറഞ്ഞിരുന്നു. നാളെ ഞങ്ങള്‍ വാഗാ ബോര്‍ഡര്‍ കടക്കേണ്ടതായിരുന്നു.
എന്നാല്‍ ഇതുവരെ മന്ത്രി തലത്തില്‍ നിന്നും ഒരു തരത്തിലുമുള്ള ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റുകളും ഞങ്ങള്‍ക്ക് ലഭിച്ചിട്ടില്ല,’ ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ ഇന്ത്യ (സി.എ.ബി.ഐ) ജനറല്‍ സെക്രട്ടറി ശൈലേന്ദ്ര യാദവ് പറഞ്ഞു.
ഈ തീരുമാനം നേരത്തെ അറിയിക്കുകയായിരുന്നെങ്കില്‍ സെലക്ഷന്‍ ട്രയല്‍സ് അടക്കമുള്ള അധ്വാനങ്ങള്‍ ഒഴിവാക്കാന്‍ സാധിക്കുമായിരുന്നെന്നും യാദവ് പറഞ്ഞു.
‘ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവിടെ സുരക്ഷിതരല്ലാത്തപ്പോള്‍ ഞങ്ങള്‍ അവിടെ എങ്ങനെ സുരക്ഷിതരായിരിക്കുമെന്നാണ് അവര്‍ പറയുന്നത്. തീര്‍ച്ചയായും ആ തീരുമാനത്തെ ഞങ്ങള്‍ പൂര്‍ണമായും അംഗീകരിക്കുന്നു.
എന്നാല്‍ എന്തുകൊണ്ടാണ് അവസാന നിമിഷം വരെ ഈ തീരുമാനം അറിയിക്കാതിരുന്നത്. ഒരു മാസം മുമ്പോ 25 ദിവസം മുമ്പോ ഇക്കാര്യം ഞങ്ങളെ അറിയിക്കാമായിരുന്നില്ലേ,’ യാദവ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിക്കായി ഇന്ത്യ പാകിസ്ഥാനില്‍ പര്യടനം നടത്തില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ത്യയുടെ മത്സരങ്ങള്‍ ന്യൂട്രല്‍ വേദിയായ ദുബായില്‍ നടത്തണമെന്നാണ് അപെക്സ് ബോര്‍ഡിന്റെ ആവശ്യം. ഈ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിനില്ല എന്നാണ് ഇന്ത്യയുടെ നിലപാട്.
അതേസമയം, ഹൈബ്രിഡ് മോഡലിന് തങ്ങള്‍ തയ്യാറല്ല എന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം. ഈ വിഷയം ബി.സി.സി.ഐയുമായി വീണ്ടും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്നും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞിരുന്നു.
Content Highlight: India has pulled out of the 2024 Blind T20 World Cup in Pakistan