ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യയിൽ വൻ വർധനവ്; ആഗോള ശരാശരിയേക്കാൾ ഇരട്ടി
national news
ഇന്ത്യയിൽ യുവാക്കളുടെ ആത്മഹത്യയിൽ വൻ വർധനവ്; ആഗോള ശരാശരിയേക്കാൾ ഇരട്ടി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 11th September 2024, 7:56 am

ന്യൂദൽഹി: മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ യുവാക്കൾക്കിടയിൽ ആത്മഹത്യാ നിരക്കിൽ വൻ വർധനവെന്ന് റിപ്പോർട്ട്. ആഗോള തലത്തിലെ കണക്കുകളെ അപേക്ഷിച്ച് ഇന്ത്യയിൽ കൂടുതൽ യുവാക്കൾ ആത്മഹത്യ ചെയ്യുന്നതായി സെപ്റ്റംബർ 10 ന് നടന്ന ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ വിദഗ്ധർ പറഞ്ഞു.

ആത്മഹത്യക്കെതിരെയുള്ള ബോധവത്ക്കരണവും  പോരാട്ടവും ലക്ഷ്യമിട്ട് എല്ലാ വർഷവും സെപ്റ്റംബർ 10ന് ലോക ആത്മഹത്യാ പ്രതിരോധ ദിനമായി ആചരിക്കുന്നുണ്ട്. “ആത്മഹത്യയെക്കുറിച്ചുള്ള ചിന്താഗതി മാറ്റുക” എന്നതാണ് ഈ വർഷത്തെ പ്രമേയം.

ഇന്ത്യയിലെ കൗമാരപ്രായക്കാർക്കിടയിലെ (15-19 വയസ്സ്) മരണ കാരണങ്ങളിൽ പ്രധാന കാരണമാണ് ആത്മഹത്യയെന്നും വിദഗ്ദ്ധർ കൂട്ടിച്ചേർത്തു. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ (എൻ.സി.ആർ.ബി) കണക്കുകൾ പ്രകാരം, ആത്മഹത്യ ചെയ്യുന്ന കേസുകളിൽ 40 ശതമാനത്തിലേറെയും 30 വയസിന് താഴെയുള്ള യുവാക്കളാണ്.

‘ഇന്ത്യയിൽ, ആത്മഹത്യ ചെയ്യുന്ന യുവാക്കളുടെ എണ്ണം വളരെ കൂടുതലാണ്. ആഗോള ശരാശരിയെ അപേക്ഷിച്ച് ഇന്ത്യയിൽ ആത്മഹത്യ ചെയ്ത യുവാക്കളുടെ എണ്ണം ഏകദേശം ഇരട്ടിയാണ്. ഇന്ത്യയിൽ പ്രതിദിനം ഏകദേശം 160 യുവാക്കൾ ആത്മഹത്യ ചെയ്യുന്നുണ്ട്. ആത്മഹത്യയിലേക്ക് നയിക്കുന്ന ചില പൊതു കാരണങ്ങൾ ഇവയാണ് സമ്മർദ്ദപൂരിതമായ കുടുംബ ചുറ്റുപാടുകൾ, മാനസികാരോഗ്യം ഇല്ലായ്മ , ലഹരി വസ്തുക്കളുടെ ഉപയോഗം, പ്രണയബന്ധങ്ങളിലുണ്ടാകുന്ന പരാജയം, സുഹൃത്തുക്കൾ തമ്മിലുള്ള മോശമായ ബന്ധവും ഏകാന്തതയും,’ എയിംസിലെ സൈക്യാട്രി വിഭാഗത്തിലെ പ്രൊഫ. നന്ദകുമാർ പറഞ്ഞു.

ഇന്ത്യയിൽ ആത്മഹത്യ കാരണം പ്രതിവർഷം 1,70,000 ജീവനുകൾ നഷ്ടപ്പെടുന്ന സാഹചര്യത്തിൽ, രാജ്യത്ത് ആത്മഹത്യാ കേസുകൾ തടയുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത് പ്രധാനമാണെന്ന് ലോക ആത്മഹത്യാ പ്രതിരോധ ദിനത്തിൽ ലാൻസെറ്റ് ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ പഠനത്തിൽ ഒരു വിദഗ്ധൻ പറഞ്ഞു.

 

ആത്മഹത്യ ഒരു പ്രധാന പൊതുജനാരോഗ്യ വെല്ലുവിളിയാണ്, ആഗോളതലത്തിൽ ഓരോ വർഷവും 7,00,000ത്തിലധികം മരണങ്ങൾ നടക്കുന്നു. 2022ൽ മാത്രം 1.71 ലക്ഷം പേർ ആത്മഹത്യ ചെയ്തുവെന്ന് എൻ.സി.ആർ.ബിയുടെ കണക്കുകൾ വ്യക്തമാക്കുന്നു.

’15നും 39നും ഇടയിൽ പ്രായമുള്ളവരുടെ ആത്മഹത്യ, ആഗോളതലത്തിലും നമ്മുടെ രാജ്യത്തും നാം അഭിമുഖീകരിക്കുന്ന ഏറ്റവും ഗുരുതരമായ പൊതുജനാരോഗ്യ പ്രതിസന്ധികളിലൊന്നാണ്,’ ലൈവ് ലവ് ലാഫ്, സൈക്യാട്രിസ്റ്റും ചെയർപേഴ്സനുമായ ഡോ. ശ്യാം ഭട്ട് പറഞ്ഞു.

മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആത്മഹത്യ തടയുന്നതിനുമായി ദേശീയ മാനസികാരോഗ്യ പരിപാടി, കിരൺ ഹെൽപ്പ് ലൈൻ തുടങ്ങിയ സംരംഭങ്ങൾ സർക്കാർ ആരംഭിച്ചിട്ടുണ്ടെന്ന് മാനസ്തലി സ്ഥാപക ഡയറക്ടറും സീനിയർ സൈക്യാട്രിസ്റ്റുമായ ഡോ. ജ്യോതി കപൂർ പറഞ്ഞു.

‘എന്നിരുന്നാലും, ആത്മഹത്യാ നിരക്ക് കുറയ്ക്കുന്നതിന് കൂടുതൽ അവബോധം,  അടിസ്ഥാന സാമൂഹിക സാമ്പത്തിക പ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് കൂടുതൽ പഠിക്കേണ്ടത് അത്യാവശ്യമാണ്, ‘ അവർ പറഞ്ഞു.

 

 

 

ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന് ശ്രമിക്കുക. ഹെല്പ് ലൈന് നമ്പറുകള് – 1056, 0471- 2552056

 

Content Highlight: India faces surge in youth suicides, double the global average: Experts