ഇന്ത്യക്ക് യു.എസിൽ വിശ്വാസമില്ല, അവർ റഷ്യയോടടുക്കുന്നു; ഇന്ത്യ തന്ത്രപരമായി നീങ്ങുന്നുവെന്ന് നിക്കി ഹേലി
World News
ഇന്ത്യക്ക് യു.എസിൽ വിശ്വാസമില്ല, അവർ റഷ്യയോടടുക്കുന്നു; ഇന്ത്യ തന്ത്രപരമായി നീങ്ങുന്നുവെന്ന് നിക്കി ഹേലി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 9th February 2024, 8:02 am

വാഷിങ്ടൺ: ഇന്ത്യ റഷ്യക്കൊപ്പമല്ല, യു.എസിനൊപ്പമാണ് സഖ്യം ആഗ്രഹിക്കുന്നതെങ്കിലും യു.എസിന് നയിക്കാൻ കഴിയുമെന്ന് ഇന്ത്യ വിശ്വസിക്കുന്നില്ലെന്നും യു.എസ് പ്രസിഡന്റ്‌ തെരഞ്ഞെടുപ്പിലെ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി നിക്കി ഹേലി.

ഫോക്സ് ബിസിനസ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ട്രംപ് ഭരണകൂടത്തിന് കീഴിൽ യു.എസിന്റെ യു.എൻ അംബാസിഡറായിരുന്ന നിക്കി ഹേലി.

താൻ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് സംസാരിച്ചിരുന്നുവെന്നും നിലവിലെ ആഗോള സാഹചര്യത്തിൽ തന്ത്രപരമായി കരുക്കൾ നീക്കുന്ന ഇന്ത്യ റഷ്യയോട് കൂടുതൽ അടുക്കുകയാണ് എന്നും അവർ പറഞ്ഞു.

‘ഞാൻ ഇന്ത്യക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഞാൻ മോദിയുമായി സംസാരിച്ചിരുന്നു. ഇന്ത്യക്ക് നമ്മളുമായി പങ്കാളിത്തത്തോട് താത്പര്യമുണ്ട്. റഷ്യയുമായി പങ്കാളിത്തത്തിലേർപ്പെടാൻ അവർക്ക് താത്പര്യമില്ല.

പക്ഷേ പ്രശ്നം എന്താണെന്ന് വെച്ചാൽ നമ്മൾ വിജയിക്കുമെന്ന് ഇന്ത്യക്ക് വിശ്വാസമില്ല. നമുക്ക് നയിക്കാൻ സാധിക്കുമെന്ന് അവർ വിശ്വസിക്കുന്നില്ല. നമ്മളെ ഇപ്പോൾ വളരെ ദുർബലരായാണ് അവർ കാണുന്നത്. ഇന്ത്യ എപ്പോഴും തന്ത്രപരമായാണ് നീങ്ങുന്നത്.

വളരെ തന്ത്രപരമായി റഷ്യക്കൊപ്പം നിൽക്കുന്നു. കാരണം അവിടെ നിന്ന് അവർക്ക് ധാരാളം ആയുധങ്ങൾ ലഭിക്കും,’ നിക്കി ഹേലി പറഞ്ഞു.

തങ്ങൾ ദൗർബല്യത്തിൽ നിന്ന് പുറത്തു കടക്കുകയും വീണ്ടും നയിക്കാൻ തുടങ്ങുകയും ചെയ്താൽ സുഹൃത്തുക്കളായ ഇന്ത്യയും ഓസ്ട്രേലിയയും ന്യൂസിലൻഡും ഇസ്രഈലും ജപ്പാനും ദക്ഷിണ കൊറിയയുമെല്ലാം യു.എസിനൊപ്പം നിൽക്കുമെന്നും നിക്കി ഹേലി അഭിപ്രായപ്പെട്ടു.

ചൈനയെ ആശ്രയിക്കുന്നത് ലഘൂകരിക്കാൻ ജപ്പാനും ഇന്ത്യയും ഒരു ബില്യൺ ഡോളറിന്റെ പദ്ധതികളാണ് നടപ്പിലാക്കിയത് എന്നും നിക്കി ചൂണ്ടിക്കാട്ടി.

ചൈന യു.എസുമായി യുദ്ധത്തിന് ഒരുങ്ങുകയാണെന്നും ചൈനീസ് സർക്കാർ നിയന്ത്രണങ്ങൾ കൂടുതൽ കടുപ്പിക്കുന്നുവെന്നും അവർ പറഞ്ഞു.

റിപ്പബ്ലിക്കൻ പാർട്ടിയിൽ ഡൊണാൾഡ് ട്രംപിന്റെ പ്രധാന എതിരാളിയാണ് നിക്കി ഹേലി. ട്രംപിനെയും ബൈഡനെയും ‘മുൻകോപികളായ വയസ്സന്മാർ’ എന്ന് നിക്കി ഹേലി വിളിച്ചിരുന്നു.

Content Highlight: India does not trust America to lead… played it smart, and stayed close with Russia, says Nikki Haley