ഹിജാബ് വിഷയത്തിലെ കമന്റ്; ഒ.ഐ.സിക്ക് വര്‍ഗീയ ചിന്താഗതിയും പ്രൊപഗാണ്ടയുമെന്ന് ഇന്ത്യ
World News
ഹിജാബ് വിഷയത്തിലെ കമന്റ്; ഒ.ഐ.സിക്ക് വര്‍ഗീയ ചിന്താഗതിയും പ്രൊപഗാണ്ടയുമെന്ന് ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 16th February 2022, 8:14 am

ന്യൂദല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിഷയത്തില്‍ ഇസ്‌ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ (Organization of Islamic Cooperation) ആശങ്ക രേഖപ്പെടുത്തിയതിനെ വിമര്‍ശിച്ച് ഇന്ത്യ.

രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഒ.ഐ.സി ഇടപെട്ടതിനെയാണ് ഇന്ത്യ രൂക്ഷമായി വിമര്‍ശിച്ചത്. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് പ്രസ്താവനയിറക്കിയത്.

”ഒ.ഐ.സിയുടെ വര്‍ഗീയ ചിന്താഗതി പല യാഥാര്‍ത്ഥ്യങ്ങളെയും അംഗീകരിക്കുന്നുണ്ടാവില്ല. ഇന്ത്യക്കെതിരെ ദുഷ്ടലാക്കോടെ പ്രൊപ്പഗാണ്ടയുമായി പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി ചില സ്ഥാപിത താല്‍പര്യങ്ങളാല്‍ ഹൈജാക്ക് ചെയ്യപ്പെടുകയാണ്,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഇത്തരം കമന്റുകള്‍ പറയുന്നത് വഴി ഒ.ഐ.സി സ്വന്തം റെപ്യൂട്ടേഷന്‍ തന്നെയാണ് നശിപ്പിക്കുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു.

കഴിഞ്ഞ ദിവസമായിരുന്നു ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനെക്കുറിച്ച് ഒ.ഐ.സി അഭിപ്രായം പറഞ്ഞത്.

ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്‌ലിങ്ങള്‍ കൊല ചെയ്യപ്പെടുന്നതും കര്‍ണാടകയിലെ കോളേജുകളില്‍ മുസ്‌ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിപ്പിക്കുന്നതുമടക്കമുള്ള വിഷയങ്ങളിലാണ് ഒ.ഐ.സി ആശങ്ക വ്യക്തമാക്കിയത്.

ഒ.ഐ.സിയുടെ ജനറല്‍ സെക്രട്ടറിയേറ്റാണ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. മുസ്‌ലിം സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായും സെക്രട്ടറിയേറ്റ് നിരീക്ഷിച്ചിരുന്നു.

ഇന്ത്യയില്‍ മുസ്‌ലിങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെയുണ്ടായ മുസ്‌ലിം വിരുദ്ധ നിയമനിര്‍മാണങ്ങള്‍ എന്നിവ ഇസ്ലാമോഫോബിയ വളര്‍ന്ന് വരുന്നതിന്റെ കൃത്യമായ ലക്ഷണങ്ങളാണെന്നും ഒ.ഐ.സി പറഞ്ഞു.

വിഷയത്തില്‍ ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയും ഇടപെടണമെന്നും ഒ.ഐ.സി ആവശ്യപ്പെട്ടു.

മുസ്‌ലിം ജനവിഭാഗത്തിന്റെ സുരക്ഷയും രാജ്യത്തെ പൗരന്മാരുടെ ജീവിതശൈലിയുടെ സംരക്ഷണവും ഇന്ത്യാ ഗവണ്‍മെന്റ് ഉറപ്പുവരുത്തണമെന്നും അനീതിയും അക്രമവും ചെയ്യുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്‍ ജനറല്‍ സെക്രട്ടറിയേറ്റ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

ബഹ്റൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, ഈജിപ്ത്, ഇറാന്‍, ഇറാഖ്, കുവൈത്ത്, ഒമാന്‍, പാകിസ്ഥാന്‍, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ, യെമന്‍ തുടങ്ങി 57 അംഗരാജ്യങ്ങളാണ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോപറേഷന്റെ ഭാഗമായുള്ളത്.


Content Highlight: India condemns Organization of Islamic Cooperation comments on hijab row