ഇന്ത്യയുടെ ആദ്യ ദേശീയ ബഹിരാകാശ ദിനാഘോഷം ഇന്ന്
national news
ഇന്ത്യയുടെ ആദ്യ ദേശീയ ബഹിരാകാശ ദിനാഘോഷം ഇന്ന്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd August 2024, 11:42 am

ന്യൂദൽഹി: ‘ചന്ദ്രനെ തൊടുമ്പോൾ ജീവിതങ്ങളെ സ്പർശിക്കുന്നു: ഇന്ത്യയുടെ ബഹിരാകാശ സാഗ’ എന്ന പ്രമേയവുമായി ഇന്ത്യയുടെ ആദ്യ ദേശീയ ബഹിരാകാശ ദിനം ഇന്ന് ആഘോഷിക്കപ്പെടുന്നു.

2023-ൽ ചന്ദ്രയാൻ-3 ദൗത്യം ചന്ദ്രനിൽ സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്തോടെ ഇന്ത്യ ചരിത്രത്തിൽ ഇടം പിടിക്കുകയായിരുന്നു. ഈ ദിനത്തിന്റെ സ്മരണക്കയാണ് ഓഗസ്റ്റ് 23 ദേശീയ ബഹിരാകാശ ദിനമായി ആചരിക്കുന്നത്.

ബഹിരാകാശ ദിനാഘോഷത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്റെ എക്സ് അക്കൗണ്ട് വഴി എല്ലാവർക്കും ആശംസകൾ അറിയിച്ചിട്ടുണ്ട്.

‘ആദ്യ ദേശീയ ബഹിരാകാശ ദിനത്തിൽ എല്ലാവർക്കും ആശംസകൾ. ബഹിരാകാശ മേഖലയിലെ നമ്മുടെ രാജ്യത്തിൻ്റെ നേട്ടങ്ങൾ ഞങ്ങൾ അഭിമാനത്തോടെ ഓർക്കുന്നു. സംഭാവനകളെ പ്രശംസിക്കാനുള്ള ദിനം കൂടിയാണിത്. നമ്മുടെ ബഹിരാകാശ ശാസ്ത്രജ്ഞർ ഈ മേഖലയുമായി ബന്ധപ്പെട്ട ഭാവി തീരുമാനങ്ങൾ തയാറാക്കിയിട്ടുണ്ട്. വരും കാലങ്ങളിൽ ഞങ്ങൾ കൂടുതൽ കാര്യങ്ങൾ ചെയ്യും,’ അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്ന് വിക്ഷേപിച്ച ചന്ദ്രയാൻ-2 ൻ്റെ തുടർച്ചയായിരുന്നു ചന്ദ്രയാൻ-3 ദൗത്യം. 2023 ഓഗസ്റ്റ് 23-ന് ചന്ദ്രയാൻ-3 വിക്രം ലാൻഡറിൻ്റെ സോഫ്റ്റ് ലാൻഡിങ് വിജയകരമായി പൂർത്തിയാക്കി. അമേരിക്ക, റഷ്യ, ചൈന എന്നിവയ്ക്ക് ശേഷം ഈ നേട്ടം കൈവരിക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. പ്രഗ്യാൻ റോവറിൻ്റെ അകമ്പടിയോടെ വിക്രം ലാൻഡർ ‘ശിവശക്തി’ എന്നറിയപ്പെടുന്ന സ്ഥലത്ത് സ്പർശിച്ചു.

ചന്ദ്രോപരിതലത്തിൽ സുരക്ഷിതമായ ലാൻഡിങ് നടത്തുക, ചന്ദ്രനെ വലയം വെക്കുക, ശാസ്ത്രീയ പരീക്ഷണങ്ങൾ നടത്തുക എന്നിവയായിരുന്നു ചന്ദ്രയാൻ മിഷന്റെ ലക്ഷ്യങ്ങൾ.

ബഹിരാകാശ പര്യവേക്ഷണത്തിൽ ഇന്ത്യയുടെ വർധിച്ചുവരുമ്പോൾ കഴിവുകളുടെയും ബഹിരാകാശ ശാസ്ത്രവും സാങ്കേതികവിദ്യയും വികസിപ്പിക്കുന്നതിനുള്ള പ്രതിബദ്ധതയുടെയും ഉദാഹരണമായാണ് ദേശീയ ബഹിരാകാശ ദിനത്തെ കാണുന്നത്.

ബഹിരാകാശ ദിനാഘോഷത്തോട് അനുബന്ധിച്ച് ഐ.എസ്. ആർ.ഒയുടെ വെബ്‌സൈറ്റിലും യൂട്യൂബ് ചാനലിലും പരിപാടികളുടെ തത്സമയ സ്ട്രീമിങ് നടക്കും. ഒപ്പം ന്യൂദൽഹിയിലെ ഭാരത് മണ്ഡപത്തിൽ ആഘോഷങ്ങളും ഉണ്ട്. ഈ പരിപാടികളിലൂടെ പൊതുജനങ്ങളിൽ ശാസ്ത്രത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക യുവജനങ്ങളിൽ ശാസ്ത്രത്തോടും കണക്കിനോടും താത്പര്യം ഉണ്ടാക്കുക ഭാവി തലമുറകളെ രാജ്യത്തിൻ്റെ ബഹിരാകാശ പദ്ധതികളിൽ സംഭാവന ചെയ്യാൻ പ്രചോദിപ്പിക്കുക എന്നിവയാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

 

 

 

Content Highlight: India celebrates first National Space Day marking Chandrayaan-3’s historic moon landing