national news
ഇന്ത്യ ആക്രമിച്ചത് ജെയ്‌ഷേ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമെന്ന് സൂചന ;ചിത്രങ്ങള്‍ പുറത്തുവിട്ട് പാക്കിസ്ഥാന്‍ ; പ്രതികരിക്കാതെ ഇന്ത്യ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Feb 26, 04:13 am
Tuesday, 26th February 2019, 9:43 am

ന്യൂദല്‍ഹി: അതിര്‍ത്തിക്ക് അപ്പുറത്ത് ഇന്ത്യ ആക്രമിച്ചത് ഭീകരസംഘടനയായ ജെയ്‌ഷേ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രമെന്ന് റിപ്പോര്‍ട്ട്. ജെയ്‌ഷേ മുഹമ്മദിന്റെ ബാലാകോട്ടയിലെ താവളമാണ് തകര്‍ത്തതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

അതേസമയം ഇന്ത്യന്‍ ആക്രമണത്തില്‍ ഒരു നാശനഷ്ടവും ഉണ്ടായിട്ടില്ലെന്നും പാക്ക് സൈന്യത്തിന്റെ തിരിച്ചാക്രമണത്തില്‍ ഇന്ത്യന്‍ സൈന്യം തിരികെ പോകുകയായിരുന്നെന്നും പാക്ക് സൈനിക മേധാവി പ്രതികരിച്ചു. ചില ചിത്രങ്ങളും പാക്കിസ്ഥാന്‍ പുറത്തുവിട്ടിട്ടുണ്ട്.

എന്നാല്‍ ഇന്ത്യ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. വാര്‍ത്ത എജന്‍സിയായ എ.എന്‍.ഐയാണ് ഭീകരാക്രമണം സംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇന്ന് പുലര്‍ച്ചേ 3.30നാണ് വ്യോമസേന അതിര്‍ത്തിക്കപ്പുറത്തെ ഭീകരാക്രമണ കേന്ദ്രങ്ങള്‍ തകര്‍ത്തത്.

Also Read  കശ്മീരി ജനതക്ക് പ്രത്യേക അവകാശം നല്‍കുന്ന വകുപ്പുകള്‍ എടുത്തുകളയണം: വാദം ഇന്ന് തുടങ്ങും

ഇന്ത്യന്‍ വ്യോമസേനയുടെ 12 മിറാഷ് വിമാനങ്ങളാണ് ആക്രമണം നടത്തിയത്. 1000 കിലോയിലധികം സ്‌ഫോടക വസ്തുക്കള്‍ ഇന്ത്യ ഉപയോഗിച്ചെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

പാക്ക് സൈന്യം തിരിച്ച് ആക്രമിച്ചതോടെ ഇന്ത്യ സ്‌ഫോടന വസ്തുക്കള്‍ നിക്ഷേപിച്ചെന്ന് പറഞ്ഞ സൈനിക മേധാവി പിന്നീട് അധികം വന്ന ഇന്ധനമാണ് നിക്ഷേപിച്ചതെന്ന് മാറ്റി പറഞ്ഞിരുന്നു.

ആക്രമണ വിവരം ഇന്ത്യന്‍ സൈന്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും വിവിധ വ്യോമസേന വൃത്തങ്ങള്‍ എ.എന്‍.ഐയോട് പ്രതികരിച്ചിട്ടുണ്ട്. പാക്ക് അധിന കാശ്മീരില്‍ ഇന്ത്യ മിന്നല്‍ ആക്രമണം നടത്തുകയും സുരക്ഷിതമായി തിരിച്ചെത്തിയെന്നും ഇവര്‍ സ്ഥിരീകരിച്ചു.

Also Read  പുല്‍വാമ ഭീകരാക്രമണത്തിന് ഉപയോഗിച്ച കാര്‍ തിരിച്ചറിഞ്ഞു; ജെയ്‌ഷെ അംഗമായ ഉടമ ഒളിവിലെന്ന് എന്‍.ഐ.എ

ഇതിനിടെ ഇന്ന് പുലര്‍ച്ചേ ഇന്ത്യയുടെ മിന്നല്‍ ആക്രമണ ശേഷം അതിര്‍ത്തി ഗ്രാമങ്ങളില്‍ പാക്കിസ്ഥാന്‍ കരസേന കരാര്‍ ലംഘിച്ച് വെടിവെപ്പ് നടത്തിയതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്.
DoolNews Video