ന്യൂദല്‍ഹി: ആണവ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ പരസ്പരം കൈമാറി ഇന്ത്യയും പാകിസ്ഥാനും. ആണവ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഓരോ വര്‍ഷവും പരസ്പരം അറിയിക്കണമെന്ന കരാറിന്റെ അടിസ്ഥാനത്തിലാണ് നിലവിലെ വിവരങ്ങളുടെ കൈമാറ്റം. ദല്‍ഹിയിലെയും ഇസ്‌ലാമാബാദിലെയും നയതന്ത്ര മാര്‍ഗങ്ങള്‍ വഴിയാണ് ആണവ കേന്ദ്രങ്ങളുടെ വിവരങ്ങള്‍ ഇരുരാജ്യവും കൈമാറിയത്.
ആണവ സ്ഥാപനങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങള്‍ നിരോധിക്കുന്നതിനുള്ള കരാറിലെ വ്യവസ്ഥകള്‍ പ്രകാരമാണ് പട്ടിക കൈമാറ്റം നടന്നതെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇരുരാജ്യങ്ങളും 1988 ഡിസംബര്‍ 31ന് ഒപ്പുവെച്ച ഉടമ്പടി 1991ല്‍ ആണ് പ്രാവര്‍ത്തികമാക്കുന്നത്. എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ഇന്ത്യയും പാകിസ്ഥാനും തങ്ങളുടെ ആണവനിലയങ്ങളെ കുറിച്ച് പരസ്പരം അറിയിക്കണമെന്ന് ഉടമ്പടി നിര്‍ദേശിക്കുന്നുണ്ട്.
1992 ജനുവരി ഒന്ന് മുതല്‍ ഈ കരാര്‍ കൃത്യമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഇരു രാജ്യങ്ങളും തമ്മിലുള്ള തുടര്‍ച്ചയായ 33 മത്തെ പട്ടിക കൈമാറ്റം കൂടിയാണിത്.
നിലവില്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനുശേഷം ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങളില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇരുരാജ്യങ്ങളും ആണവ നിലയങ്ങളുടെ വിവരങ്ങള്‍ പരസ്പരം കൈമാറിയിരിക്കുന്നത്.
Content Highlight: India and Pakistan exchange information on nuclear facilities