അമ്പത് നൂറാക്കാന്‍ അവന് വേണ്ടി വന്നത് വെറും 13; വെടിക്കെട്ടില്‍ ഇവന്‍ രണ്ടാമന്‍
Sports News
അമ്പത് നൂറാക്കാന്‍ അവന് വേണ്ടി വന്നത് വെറും 13; വെടിക്കെട്ടില്‍ ഇവന്‍ രണ്ടാമന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 8th July 2024, 12:51 pm

ഇന്ത്യയുടെ സിംബാബ്‌വേ പര്യടനത്തിലെ രണ്ടാം ടി-20യില്‍ ഇന്ത്യ നൂറ് റണ്‍സിന്റെ പടുകൂറ്റന്‍ ജയം സ്വന്തമാക്കിയിരുന്നു. ആതിഥേരുടെ അടിത്തറയിളക്കിയാണ് ഇന്ത്യ രണ്ടാം മത്സരം പിടിച്ചടക്കിയത്. ഹരാരെയില്‍ നടന്ന മത്സരത്തില്‍ നൂറ് റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ ഉയര്‍ത്തിയ 235 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഷെവ്റോണ്‍സ് 134ന് പുറത്തായി.

സൂപ്പര്‍ താരം അഭിഷേക് ശര്‍മയുടെ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്. 47 പന്തില്‍ 100 റണ്‍സാണ് താരം നേടിയത്. എട്ട് സിക്‌സറും ഏഴ് ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. കരിയറിലെ രണ്ടാം അന്താരാഷ്ട്ര ടി-20യിലാണ് താരം സെഞ്ച്വറി നേട്ടം പൂര്‍ത്തയാക്കിയത്.

ഇന്ത്യക്കായി അന്താരാഷ്ട്ര ടി-20 സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന പ്രായം കുറഞ്ഞ നാലാമത് താരമെന്ന നേട്ടവും ഇതോടെ അഭിഷേക് തന്റെ പേരിലാക്കി.

പതിഞ്ഞ് തുടങ്ങിയ താരം പിന്നാലെ കത്തിക്കയറുകയായിരുന്നു. അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ 33 പന്തുകള്‍ നേരിട്ട അഭിഷേക് ശര്‍മ, അര്‍ധ സെഞ്ച്വറി സെഞ്ച്വറിയിലേക്ക് കണ്‍വേര്‍ട്ട് ചെയ്യാന്‍ നേരിട്ടത് വെറും 13 പന്തുകളാണ്. തുടര്‍ച്ചയായ മൂന്ന് പന്തുകളില്‍ സിക്‌സറടിച്ചുകൊണ്ടാണ് താരം ട്രിപ്പിള്‍ ഡിജിറ്റ് പൂര്‍ത്തിയാക്കിയത്.

ഇതിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടമാണ് താരം സ്വന്തമാക്കിയത്. ഒരു അന്താരാഷ്ട്ര ടി-20യില്‍ അര്‍ധ സെഞ്ച്വറി സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്യാന്‍ ഏറ്റവും കുറവ് പന്തുകള്‍ നേരിട്ട രണ്ടാമത് താരമെന്ന നേട്ടമാണ് അഭിഷേക് ശര്‍മ സ്വന്തമാക്കിയത്.

ടി-20ഐയില്‍ ഏറ്റവും വേഗത്തില്‍ അര്‍ധ സെഞ്ച്വറി സെഞ്ച്വറിയായി കണ്‍വേര്‍ട്ട് ചെയ്ത ഇന്ത്യന്‍ താരങ്ങള്‍ (നേരിട്ട പന്തുകളുടെ അടിസ്ഥാനത്തില്‍)

(താരം – പന്തുകള്‍ – എതിരാളികള്‍)

രോഹിത് ശര്‍മ – 12 – ശ്രീലങ്ക

അഭിഷേക് ശര്‍മ – 13 – സിംബാബ്‌വേ*

സൂര്യകുമാര്‍ യാദവ് – 16 – ഇംഗ്ലണ്ട്

സുരേഷ് റെയ്‌ന – 17 – സൗത്ത് ആഫ്രിക്ക

സൂര്യകുമാര്‍ യാദവ് – 17 -ന്യൂസിലാന്‍ഡ്

സൂര്യകുമാര്‍ യാദവ് – 19 – ശ്രീലങ്ക

ശുഭ്മന്‍ ഗില്‍ – 19 – ന്യൂസിലാന്‍ഡ്

ഋതുരാജ് ഗെയ്ക്വാദ് – 20 – ഓസ്‌ട്രേലിയ

കെ.എല്‍. രാഹുല്‍ – 20 – വെസ്റ്റ് ഇന്‍ഡീസ്

രോഹിത് ശര്‍മ – 20 – വെസ്റ്റ് ഇന്‍ഡീസ്

അഭിഷേക് ശര്‍മക്ക് പുറമെ ഋതുരാജ് ഗെയ്ക്വാദും റിങ്കു സിങ്ങും വെടിക്കെട്ട് പ്രകടനം പുറത്തെടുത്തിരുന്നു. ഗെയ്ക്വാദ് 47 പന്തില്‍ 11 ബൗണ്ടറിയും ഒരു സിക്സറുമായി പുറത്താകാതെ 77 റണ്‍സടിച്ചപ്പോള്‍ 22 പന്തില്‍ പുറത്താകാതെ 48 റണ്‍സാണ് റിങ്കു അടിച്ചുനേടിയത്. അഞ്ച് സികസറും രണ്ട് ബൗണ്ടറിയും അടക്കം 218.18 സ്ട്രൈക്ക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.

ഒടുവില്‍ നിശ്ചിത ഓവര്‍ അവസാനിച്ചപ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 234 എന്ന പടുകൂറ്റന്‍ സ്‌കോറിലാണ് ഇന്ത്യയെത്തിയത്.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ്‌വേയുടെ ഒറ്റ താരത്തിന് പോലും ഇന്ത്യയെ കാര്യമായി പരീക്ഷിക്കാന്‍ കഴിഞ്ഞില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തിയ ബൗളര്‍മാര്‍ ഷെവ്‌റോണ്‍സിന്റെ മൊമെന്റവും ഇല്ലാതാക്കി. 39പന്തില്‍ 43 റണ്‍സ് നേടിയ വെസ്‌ലി മധേവരെയാണ് ടീമിന്റെ ടോപ് സ്‌കോറര്‍.

ഒടുവില്‍ 134 റണ്‍സിന് സിംബാബ്‌വേയുടെ എല്ലാ വിക്കറ്റും നഷ്ടമായി.

ഇന്ത്യക്കായി ആവേശ് ഖാനും മുകേഷ് കുമാറും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ രവി ബിഷ്ണോയ് രണ്ട് വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറാണ് ശേഷിക്കുന്ന വിക്കറ്റ് നേടിയത്.

ഈ വിജയത്തിന് പിന്നാലെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 1-1ന് ഒപ്പമെത്താനും ഇന്ത്യക്കായി.

ബുധനാഴ്ചയാണ് പരമ്പരയിലെ മൂന്നാം മത്സരം. ഹരാരെ തന്നെയാണ് വേദി.

 

 

Also Read: ഇങ്ങനെയൊരു സെഞ്ച്വറി നേട്ടം ചരിത്രത്തിലാദ്യം; അഭിഷേകിന്റെ വെടിക്കെട്ടിൽ സിംബാബ്‌വെ ചാരം

 

Also Read: ‘അവര്‍ ലോകചാമ്പ്യന്‍മാരാണ്, വൈകിയാലും ലോകചാമ്പ്യന്‍മാരെ പോലെ തന്നെ കളിക്കും’; തോല്‍വി അംഗീകരിച്ച് റാസ

 

Content Highlight: IND vs ZIM:  Abhishek Sharma’s explosive innings against Zimbabwe