ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ നാലാമത്തെയും അവസാനത്തെയും മത്സരം ജോഹനാസ്‌ബെര്‍ഗിലെ വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ബാറ്റിങ് തെരഞ്ഞെടുത്തു.
മത്സരത്തില്‍ ഒമ്പത് ഓവര്‍ പൂര്‍ത്തിയാകും മുമ്പ് തന്നെ ഇന്ത്യ 100 റണ്‍സ് മാര്‍ക് പിന്നിട്ടിരിക്കുകയാണ്. ആദ്യ വിക്കറ്റില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മയും നല്‍കിയ വെടിക്കെട്ട് തുടക്കം മൂന്നാം നമ്പറിലിറങ്ങിയ തിലക് വര്‍മയും ഏറ്റെടുത്തിരിക്കുകയാണ്.
തലങ്ങും വിലങ്ങും സിക്‌സറുകള്‍ പറന്ന മത്സരത്തില്‍ ഒരു തകര്‍പ്പന്‍ നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. അന്താരാഷ്ട്ര ടി-20യില്‍ 1500 സിക്‌സറുകള്‍ എന്ന ചരിത്ര നേട്ടമാണ് ഇന്ത്യ സ്വന്തമാക്കിയത്.
ഈ ചരിത്ര നേട്ടത്തിലെത്തുന്ന രണ്ടാമത് മാത്രം ടീമാണ് ഇന്ത്യ. ഇതിന് മുമ്പ് വെസ്റ്റ് ഇന്‍ഡീസ് മാത്രമാണ് ടി-20യില്‍ 1500 സിക്‌സറുകള്‍ സ്വന്തമാക്കിയത്. ഇന്ത്യയുടെ 1500ാമത് സിക്‌സര്‍ പിറവിയെടുത്തത് സഞ്ജു സാംസണിന്റെ ബാറ്റില്‍ നിന്നുമായിരുന്നു.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം സിക്‌സറുകള്‍ നേടിയ ടീം.
മത്സരം നിലവില്‍ പത്ത് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 129 എന്ന നിലയിലാണ്. 30 പന്തില്‍ 59 റണ്‍സുമായി സഞ്ജു സാംസണും 12 പന്തില്‍ 25 റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.
ഇരു ടീമിനെ സംബന്ധിച്ചും ഈ മത്സരം നിര്‍ണായകമാണ്. പരമ്പരയില്‍ ഇതിനോടകം 2-1ന് ലീഡെടുത്ത ഇന്ത്യക്ക് നാലാം മത്സരം വിജയിച്ചാല്‍ സീരീസ് സ്വന്തമാക്കാം. അതേസമയം, ആതിഥേയരായ സൗത്ത് ആഫ്രിക്കയാകട്ടെ വിജയത്തോടെ പരമ്പര സമനിലയില്‍ പിടിക്കാനുള്ള ശ്രമത്തിലാണ്.