ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് കളമൊരുങ്ങുകയാണ്. നാല് മത്സരങ്ങളുടെ പരമ്പരയ്ക്കായാണ് സൂര്യകുമാറും സംഘവും പ്രോട്ടിയാസിന്റെ തട്ടകത്തിലെത്തിയിരിക്കുന്നത്. ടി-20 ലോകകപ്പ് ഫൈനലിന്റെ റീ മാച്ചിന് കൂടിയാണ് ഈ പരമ്പര സാക്ഷ്യം വഹിക്കുന്നത്.
ഈ പരമ്പരയില്‍ പല ചരിത്ര നേട്ടങ്ങള്‍ പിറവിയെടുക്കാനുള്ള സാധ്യതകളുമുണ്ട്. സഞ്ജുവിന്റെ 7,000 ടി-20 റണ്‍സും സൂര്യകുമാര്‍ യാദവിന്റെ സൗത്ത് ആഫ്രിക്കക്കെതിരെ ഏറ്റവുമധികം ടി-20 റണ്‍സ് നേടുന്ന താരമെന്ന റെക്കോഡും ഇതില്‍ ചിലതാണ്.
സ്റ്റാര്‍ പേസര്‍ അര്‍ഷ്ദീപ് സിങ്ങിനും സ്റ്റാര്‍ ഓള്‍ രൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യക്കും ഈ പരമ്പര ഏറെ സ്‌പെഷ്യലായി മാറാനുള്ള സാധ്യതകളും ഏറെയാണ്. പ്രോട്ടിയാസിനെതിരായ പരമ്പരയിലെ നാല് മത്സരങ്ങളില്‍ നിന്നുമായി പത്ത് വിക്കറ്റുകള്‍ ആദ്യം നേടുന്നതാരോ, അവരുടെ പേര് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും.
അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവുമധികം വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് ഇത്. കരിയറില്‍ 87 വിക്കറ്റുമായാണ് ഇരുവരും തങ്ങളുടെ കുതിപ്പ് തുടരുന്നത്.
ഇന്ത്യക്കായി ഏറ്റവുമധികം ടി-20 വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ ഇരുവരും നാലാം സ്ഥാനം പങ്കിടുകയാണ്. ഒന്നാമതുള്ള യൂസി ചഹലിനെക്കാളും വെറും ഒമ്പത് വിക്കറ്റ് മാത്രമാണ് ഇവര്‍ക്ക് കുറവുള്ളത്.
ടി-20 ഫോര്‍മാറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം വിക്കറ്റ് നേടിയ താരങ്ങള്‍
2022ല്‍ തന്റെ ടി-20 കരിയര്‍ ആരംഭിച്ച അര്‍ഷ്ദീപ് 18.35 എന്ന ശരാശരിയിലും 13.28 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് പന്തെറിയുന്നത്. 2024 ടി-20 ലോകകപ്പില്‍ യു.എസ്.എക്കെതിരെ ഒമ്പത് റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ് മികച്ച പ്രകടനം. ഇതിന് പുറമെ ന്യൂസിലാന്‍ഡിനെതിരെ മറ്റൊരു ഫോര്‍ഫറും അര്‍ഷ്ദീപ് സ്വന്തമാക്കിയിട്ടുണ്ട്.
2016ലാണ് കുട്ടിക്രിക്കറ്റില്‍ ഹര്‍ദിക് രാജ്യത്തിനായി ആദ്യ മത്സരം കളിക്കുന്നത്. അന്നുതൊട്ട് ഇന്നുവരെ 105 മത്സരത്തിലാണ് പാണ്ഡ്യ ഇന്ത്യന്‍ ജേഴ്‌സിയില്‍ ടി-20 കളിച്ചത്. 93 മത്സരത്തില്‍ പന്തെറിയുകയും ചെയ്തു.
26.01 ശരാശരിയിലും 8.17 എക്കോണമിയിലും പന്തറിയുന്ന പാണ്ഡ്യയുടെ സ്‌ട്രൈക്ക് റേറ്റ് 19.09 ആണ്. മൂന്ന് തവണ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരത്തിന്റെ മികച്ച പ്രകടനം 2023 ഫെബ്രുവരി ഒന്നിന് ന്യൂസിലാന്‍ഡിനെതിരെ അഹമ്മദാബാദില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയതാണ്.
ഇതിന് പുറമെ 100 അന്താരാഷ്ട്ര ടി-20 വിക്കറ്റുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന ചരിത്ര നേട്ടവും ഇവര്‍ക്ക് മുമ്പിലുണ്ട്. 13 വിക്കറ്റുകളാണ് ഇതിനായി ഇവര്‍ക്ക് വേണ്ടത്.
ഇവരില്‍ ആദ്യം ആര് ചഹലിനെ മറികടക്കും, ആര് ആദ്യം 100 വിക്കറ്റിലെത്തും എന്നാണ് ആരാധകര്‍ ഇപ്പോള്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.
Content Highlight: IND vs SA: Hardik Pandya and Arshdeep Singh need 10 wickets to surpass Yuzvendra Chahal