ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ അവസാന മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. നാല് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ 2-1 എന്ന നിലയില്‍ ഇന്ത്യ ലീഡ് ചെയ്യുകയാണ്.
പ്രോട്ടിയാസിനെതിരെ മറ്റൊരു പരമ്പര വിജയം സ്വന്തമാക്കാന്‍ ഇന്ത്യയിറങ്ങുമ്പോള്‍ സ്വന്തം മണ്ണില്‍ പരമ്പര നഷ്ടപ്പെടാതെ കാക്കുകയാണ് സൗത്ത് ആഫ്രിക്കയുടെ ലക്ഷ്യം.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണെ സംബന്ധിച്ച് ഈ മത്സരം അതിനിര്‍ണായകമാണ്. തുടര്‍ച്ചയായ മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായതിന്റെ അപമാനഭാരം ഇറക്കിവെക്കാനും വിമര്‍ശകരുടെ വായടപ്പിക്കാനും സഞ്ജുവിന് ജോഹനാസ്‌ബെര്‍ഗില്‍ മികച്ച പ്രകടനം പുറത്തെടുത്തേ മതിയാകൂ.
ഒരു റെക്കോഡ് നേട്ടം സ്വന്തമാക്കാന്‍ സഞ്ജുവിന് മുമ്പിലുള്ള അവസാന പിടിവള്ളിയാണ് ഈ മത്സരം. ഒരു കലണ്ടര്‍ ഇയറില്‍ 1,000 ടി-20 റണ്‍സ് എന്ന റെക്കോഡാണ് സഞ്ജുവിന് മുമ്പിലുള്ളത്. ഈ നേട്ടത്തിലെത്താന്‍ ആവശ്യമുള്ളതാകട്ടെ 142 റണ്‍സും. തന്റെ കരിയറില്‍ ആദ്യമായാണ് ഒരു കലണ്ടര്‍ വര്‍ഷം 1,000 റണ്‍സെന്ന നേട്ടത്തിന് ഇത്രയുമടുത്ത് സഞ്ജുവെത്തുന്നത്.
2024ല്‍ കളിച്ച 26 ഇന്നിങ്സില്‍ നിന്നും 40.85 ശരാശരിയിലും 161.27 സ്ട്രൈക്ക് റേറ്റിലും 858 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്. രണ്ട് സെഞ്ച്വറികളും ആറ് അര്‍ധ സെഞ്ച്വറികളുമാണ് രാജസ്ഥാന്‍ നായകന്‍ അടിച്ചുകൂട്ടിയത്.
രാജസ്ഥാന്‍ റോയല്‍സിനായി 15 മത്സരത്തില്‍ നിന്നും 48.27 ശരാശരിയിലും 153.47 സ്ട്രൈക്ക് റേറ്റിലും 531 റണ്‍സ് നേടിയ താരം ഇന്ത്യക്കായി 11 ഇന്നിങ്സില്‍ നിന്നും 32.70 ശരാശരിയിലും 175.80 സ്ട്രൈക്ക് റേറ്റിലും 327 റണ്‍സും അടിച്ചെടുത്തു.
2024ല്‍ ഏറ്റവുമധികം ടി-20 റണ്‍സ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ വിരാട് കോഹ്‌ലിക്ക് ശേഷം രണ്ടാമനാണ് സാംസണ്‍. 921 റണ്‍സാണ് 2024ല്‍ വിരാട് നേടിയത്.
ഈ കലണ്ടര്‍ ഇയറില്‍ 1,000 റണ്‍സെന്ന നേട്ടത്തിലെത്താന്‍ ഇനി രണ്ട് ഇന്നിങ്സുകള്‍ മാത്രമാണ് സഞ്ജുവിന് അവശേഷിക്കുന്നത്. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് ശേഷം ഇന്ത്യക്കോ സഞ്ജുവിനോ ടി-20 മത്സരങ്ങള്‍ ഒന്നും തന്നെ അവശേഷിക്കുന്നില്ല എന്നതിനാല്‍ തന്നെ ഈ മാച്ച് സഞ്ജുവിന് നിര്‍ണായകമാണ്.