ഇന്ത്യ തോറ്റ മത്സരത്തിലും ജയിച്ച് വരുണ്‍ ചക്രവര്‍ത്തി; ചങ്കുകലങ്ങിയ ചരിത്രനേട്ടത്തില്‍ ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം
Sports News
ഇന്ത്യ തോറ്റ മത്സരത്തിലും ജയിച്ച് വരുണ്‍ ചക്രവര്‍ത്തി; ചങ്കുകലങ്ങിയ ചരിത്രനേട്ടത്തില്‍ ഇനി ഇതിഹാസങ്ങള്‍ക്കൊപ്പം
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 11th November 2024, 8:34 am

ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിലെ രണ്ടാം മത്സരത്തില്‍ സന്ദര്‍ശകരെ തകര്‍ത്ത് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയിരുന്നു. സെന്റ് ജോര്‍ജ്‌സ് ഓവലില്‍ നടന്ന മത്സരത്തില്‍ മൂന്ന് വിക്കറ്റിനായിരുന്നു ആതിഥേയരുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 125 റണ്‍സിന്റെ വിജയലക്ഷ്യം ആറ് പന്ത് ബാക്കി നില്‍ക്കെ സൗത്ത് ആഫ്രിക്ക മറികടക്കുകയായിരുന്നു.

സൂപ്പര്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയുടെ ചെറുത്തുനില്‍പാണ് പ്രോട്ടിയാസിനെ എളുപ്പം വിജയിക്കാന്‍ അനുവദിക്കാതിരുന്നത്. നാല് ഓവര്‍ പന്തെറിഞ്ഞ് വെറും 17 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അഞ്ച് വിക്കറ്റാണ് താരം സ്വന്തമാക്കിയത്. താരത്തിന്റെ അന്താരാഷ്ട്ര ടി-20 കരിയറിലെയും ടി-20 ഫോര്‍മാറ്റിലെയും ഏറ്റവും മികച്ച ബൗളിങ് ഫിഗറാണിത്.

റീസ ഹെന്‍ഡ്രിക്‌സ്, ക്യാപ്റ്റന്‍ ഏയ്ഡന്‍ മര്‍ക്രം, മാര്‍കോ യാന്‍സെന്‍, ഹെന്‌റിക് ക്ലാസന്‍, ഡേവിഡ് മില്ലര്‍ എന്നിവരെയാണ് ചക്രവര്‍ത്തി മടക്കിയത്.

മത്സരത്തില്‍ ഇന്ത്യക്ക് വിജയിക്കാന്‍ സാധിച്ചില്ലെങ്കിലും താരത്തിന്റെ ബൗളിങ് പ്രകടനം തലയുയര്‍ത്തി തന്നെ നിന്നു.

കരിയര്‍ ബെസ്റ്റ് ബൗളിങ് പ്രകടനത്തിന് പുറമെ ഒരു നേട്ടവും ചക്രവര്‍ത്തിയെ തേടിയെത്തി. ഇന്ത്യ പരാജയപ്പെട്ട മത്സരത്തില്‍ ഒരു ടി-20 ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് ഫിഗര്‍ എന്ന നേട്ടമാണ് താരം സ്വന്തമാക്കിയത്. ഇതോടെ മറ്റ് ഫോര്‍മാറ്റുകളില്‍ ഈ നേട്ടം സ്വന്തമാക്കിയ കപില്‍ ദേവിനും അജിത് അഗാര്‍ക്കറിനുമൊപ്പം നിരാശയോടെ തന്റെ പേരെഴുതിച്ചേര്‍ക്കാനും ചക്രവര്‍ത്തിക്കായി.

1983ലെ വിന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലാണ് കപില്‍ ദേവിന്റെ പേരില്‍ ഈ നേട്ടം പിറവിയെടുത്തത്. ഇതിഹാസ താരം മൈക്കല്‍ ഹോള്‍ഡിങ്ങിന്റെ കരുത്തില്‍ സന്ദര്‍ശകര്‍ 138 റണ്‍സിന് വിജയിച്ച മത്സരത്തിലായിരുന്നു കപില്‍ ദേവിന്റെ അഴിഞ്ഞാട്ടം.

വിന്‍ഡീസിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഒരാളൊഴികെ എല്ലാവരെയും പുറത്താക്കിയത് കപിലായിരുന്നു. ആറ് മെയ്ഡന്‍ ഉള്‍പ്പടെ 30.3 ഓവറില്‍ 83 റണ്‍സ് വഴങ്ങി ഒമ്പത് വിക്കറ്റാണ് കപില്‍ സ്വന്തമാക്കിയത്.

കിരീബിയന്‍ ഇതിഹാസം ഡെസ്മണ്ട് ഹെയ്ന്‍സിന്റെ വിക്കറ്റ് മാത്രമാണ് കപിലിന് നേടാന്‍ സാധിക്കാതെ പോയത്. ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡും ലെജന്‍ഡ് വിവ് റിച്ചാര്‍ഡ്‌സും ഡുജോണും മാര്‍ഷലുമെല്ലാം കപിലിന്റെ വേഗതയറിഞ്ഞു.

എന്നാല്‍ ഇതിന് മറുപടിയായി വിന്‍ഡീസ് ബൗളര്‍മാര്‍ തിരിച്ചടിച്ചതോടെ ഇന്ത്യ 138 റണ്‍സിന്റെ പരാജയം ഏറ്റുവാങ്ങുകയായിരുന്നു.

2004ലെ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് അഗാര്‍ക്കറിന്റെ പേരില്‍ ഈ നേട്ടം കുറിക്കപ്പെടുന്നത്. ഇന്ത്യ 18 റണ്‍സിന് പരാജയപ്പെട്ട മത്സരത്തില്‍ ആറ് വിക്കറ്റുകളാണ് അഗാര്‍ക്കര്‍ സ്വന്തമാക്കിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് ആന്‍ഡ്രൂ സൈമണ്ട്‌സിന്റെയും മൈക്കല്‍ ക്ലാര്‍ക്കിന്റെയും കരുത്തില്‍ 288 റണ്‍സ് നേടി.

ഒരു മെയ്ഡന്‍ അടക്കം 9.3 ഓവറില്‍ 42 റണ്‍സ് വഴങ്ങി ആറ് വിക്കറ്റ് നേടിയാണ് അഗാര്‍ക്കര്‍ കരുത്ത് കാട്ടിയത്. ആദം ഗില്‍ക്രിസ്റ്റ്, മാത്യു ഹെയ്ഡന്‍, ഡെയ്മിയന്‍ മാര്‍ട്ടിന്‍, ആന്‍ഡ്രൂ സൈമണ്ട്‌സ്, ഇയാന്‍ ഹാര്‍വി എന്നിവരെയാണ് അഗാര്‍ക്കര്‍ മടക്കിയത്. അഗാര്‍ക്കറിന്റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിങ് ഫിഗറും ഇതുതന്നെയായിരുന്നു.

289 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 49 ഓവറില്‍ 270ന് പുറത്താവുകയായിരുന്നു. മൂന്ന് വിക്കറ്റ് നേടിയ ഇയാന്‍ ഹാര്‍വിയും രണ്ട് വിക്കറ്റ് വീതം നേടിയ സൈമണ്ട്‌സും ബ്രാഡ് വില്യംസുമാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിവിട്ടത്.

 

Content highlight: IND vs SA 2nd T20: Varun Chakravarthy created the record of best bowling figure for India in a lost match