കരിയറിലെ ആദ്യ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ചരിത്രം; ആരും ആഗ്രഹിക്കുന്ന തുടക്കം
Sports News
കരിയറിലെ ആദ്യ മത്സരത്തിലെ ആദ്യ ഓവറില്‍ തന്നെ ചരിത്രം; ആരും ആഗ്രഹിക്കുന്ന തുടക്കം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 6th October 2024, 9:26 pm

ഇന്ത്യ – ബംഗ്ലാദേശ് ടി-20 പരമ്പരയിലെ ആദ്യ മത്സരം ഗ്വാളിയോറില്‍ തുടരുകയാണ്. മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് 127 റണ്‍സിന് പുറത്തായി. 32 പന്തില്‍ പുറത്താകാതെ 35 റണ്‍സ് നേടിയ മെഹ്ദി ഹസന്‍ മിറാസാണ് ടോപ് സ്‌കോറര്‍.

25 പന്തില്‍ 27 റണ്‍സ് നേടിയ ക്യാപ്റ്റന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോയാണ് ബംഗ്ലാ നിരയില്‍ ചെറുത്തുനില്‍പിന് ശ്രമിച്ചത്.

ഇന്ത്യന്‍ നിരയില്‍ പന്തെറിഞ്ഞവരില്‍ നിതീഷ് കുമാര്‍ റെഡ്ഡിയൊഴികെ എല്ലാവരും വിക്കറ്റ് നേടിയിരുന്നു. അര്‍ഷ്ദീപ് സിങ്ങും വരുണ്‍ ചക്രവര്‍ത്തിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ മായങ്ക് യാദവ്, വാഷിങ്ടണ്‍ സുന്ദര്‍, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും നേടി.

ഇന്ത്യക്കായി അരങ്ങേറിയ ആദ്യ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം പുറത്തെടുത്താണ് മായങ്ക് യാദവ് കയ്യടി നേിടയത്. ഒരു മെയ്ഡനടക്കം നാല് ഓവര്‍ പന്തെറിഞ്ഞ താരം 21 റണ്‍സ് വിട്ടുനല്‍കി ഒരു വിക്കറ്റും സ്വന്തമാക്കി. കരിയറിലെ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കി അന്താരാഷ്ട്ര അരങ്ങേറ്റം കളറാക്കാനും താരത്തിനായി.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് മായങ്ക് യാദവ് തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. കരിയറിലെ ആദ്യ ടി-20യില്‍ തന്നെ മെയ്ഡന്‍ ഓവര്‍ എറിയുന്ന അഞ്ചാമത് ഇന്ത്യന്‍ താരമെന്ന നേട്ടമാണ് യാദവ് സ്വന്തമാക്കിയത്. കരിയറിലെ ആദ്യ ഓവര്‍ തന്നെ മെയ്ഡനാക്കിയാണ് മായങ്കിന്റെ തുടക്കം എന്നതാണ് ഈ നേട്ടത്തെ ഏറെ സ്‌പെഷ്യലാക്കുന്നത്.

ഈ നേട്ടത്തിലെത്തിയവരെല്ലാവരും പേസര്‍മാരാണ് എന്നതാണ് മറ്റൊരു രസകരമായ വസ്തുത.

ആദ്യ ടി-20യില്‍ തന്നെ മെയ്ഡന്‍ ഓവര്‍ എറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍

(താരം – എതിരാളികള്‍ – വര്‍ഷം എന്നീ ക്രമത്തില്‍)

അജിത് അഗാര്‍കര്‍ – സൗത്ത് ആഫ്രിക്ക – 2006

ഖലീല്‍ അഹമ്മദ് – വെസ്റ്റ് ഇന്‍ഡീസ് – 2018

നവ്ദീപ് സെയ്‌നി – വെസ്റ്റ് ഇന്‍ഡീസ് – 2019

അര്‍ഷ്ദീപ് സിങ് – ഇംഗ്ലണ്ട് – 2022

മായങ്ക് യാദവ് – ബംഗ്ലാദേശ് – 2024*

പരിക്കില്‍ നിന്നും മടങ്ങിയെത്തിയ മായങ്ക് യാദവ് അരങ്ങേറ്റത്തില്‍ തന്നെ വരവറിയിച്ചിരിക്കുകയാണ്. ഐ.പി.എല്ലിന് ശേഷം താരം കളിക്കുന്ന ആദ്യ മത്സരമെന്ന പ്രത്യേകത കൂടി ഈ മത്സരത്തിനുണ്ട്.

ഐ.പി.എല്ലില്‍ വേഗത കൊണ്ട് മായാജാലം കാണിച്ചതിന് പിന്നാലെയാണ് മായങ്ക് യാദവ് എന്ന സ്റ്റാര്‍ പേസറെ ആരാധകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പഞ്ചാബ് കിങ്‌സിനെതിരായ അരങ്ങേറ്റ മത്സരത്തില്‍ നാല് ഓവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് താരം നേടിയത്. മത്സരത്തിലെ പ്ലെയര്‍ ഓഫ് ദി മാച്ച് അവാര്‍ഡും മായങ്ക് മറ്റാര്‍ക്കും നല്‍കിയില്ല.

ശേഷം റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയും താരം തന്റെ വേഗത വ്യക്തമാക്കി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റാണ് താരം പിഴുതെറിഞ്ഞത്.

ഈ മത്സരത്തിലും കളിയിലെ താരമാവാന്‍ മായങ്കിന് സാധിച്ചിരുന്നു. ഐ.പി.എല്‍ കരിയറിലെ ആദ്യ രണ്ട് മത്സരങ്ങളിലും തുടര്‍ച്ചയായി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം നേടുന്ന ചരിത്രത്തിലെ ആദ്യ താരമെന്ന നേട്ടവും ഇതിന് പിന്നാലെ യാദവ് സ്വന്തമാക്കിയിരുന്നു.

 

 

Content highlight: IND vs BAN: Mayank Yadav becomes the fifth India bowler to bowl a maiden on their debut in T20Is