ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം മത്സരം സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ തുടരുകയാണ്. ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുന്നത്.
മത്സരത്തില്‍ ആദ്യ ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 185 റണ്‍സിന് പുറത്തായി. വിരാട് കോഹ്‌ലിയടക്കമുള്ള മുന്‍നിര ബാറ്റര്‍മാര്‍ ഒരിക്കല്‍ക്കൂടി നിരാശപ്പെടുത്തിയ മത്സരത്തില്‍ 40 റണ്‍സ് നേടിയ റിഷബ് പന്താണ് ടോപ് സ്‌കോററായത്.
Well THAT was a spicy finish to Day One at the SCG!
ഒന്നാം ഇന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയക്കും ആദ്യ ദിനം തിരിച്ചടിയേറ്റു. ആദ്യ ദിനത്തിലെ അവസാന പന്തില്‍ ഉസ്മാന്‍ ഖവാജയെ മടക്കി ജസ്പ്രീത് ബുംറ ഓസ്‌ട്രേലിയക്ക് ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി.
പരമ്പരയിലുടനീളമുള്ള മികച്ച പ്രകടനത്തിന് പിന്നാലെ ഇന്ത്യന്‍ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പ്രശംസിക്കുകയാണ് മുന്‍ ഓസ്‌ട്രേലിയന്‍ പരിശീലകനായ ജസ്റ്റിന്‍ ലാംഗര്‍. ഫീല്‍ഡിങ്ങിലെയും ബൗളിങ്ങിലെയും ജഡേജയുടെ മികവ് എടുത്തുപറഞ്ഞ ലാംഗര്‍ തന്റെ ടീമിലെ ആദ്യ താരം ജഡേജയായിരിക്കുമെന്നും അഭിപ്രായപ്പെട്ടു.
‘എന്റെ ടീമിലെ ആദ്യ താരമായി രവീന്ദ്ര ജഡേജയെ തന്നെയാകും ഞാന്‍ തെരഞ്ഞെടുക്കുക. അവന്‍ ഒരു പുള്ളിപ്പുലിയെ പോലെയാണ് ഫീല്‍ഡ് ചെയ്യുന്നത്. പന്തെറിയുന്നതാകട്ടെ കിറുകൃത്യമായും. അവന്റെ ബാറ്റിങ് സ്‌കില്ലുകളും വളരെ മികച്ചതാണ്. എന്നെ സംബന്ധിച്ച് രവീന്ദ്ര ജഡേജ ഒരു കംപ്ലീറ്റ് പാക്കേജാണ്.
കഴിഞ്ഞ കാലങ്ങളില്‍ അവന്റെ ബാറ്റിങ്ങിലും പന്തെറിയുന്ന രീതിയിലും ഞാന്‍ വളരെയധികം ആകൃഷ്ടനായി. സിഡ്‌നി പോലെ ഒരു ബുദ്ധിമുട്ടേറിയ പിച്ചില്‍ അവന്‍ ധൈര്യസമേതം ബാറ്റ് ചെയ്തു. റിഷബ് പന്തുമായുള്ള അവന്റെ കൂട്ടുകെട്ടാണ് ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായത്,’ ലാംഗര്‍ പറഞ്ഞു.
വിരാട് കോഹ്‌ലി പുറത്തായതിന് പിന്നാലെ ആറാം നമ്പറിലാണ് ജഡേജ ബാറ്റിങ്ങിനിറങ്ങിയത്. റിഷബ് പന്തിനൊപ്പം 25ലധികം ഓവറുകള്‍ ബാറ്റ് ചെയ്താണ് ജഡേജ ഇന്ത്യയുടെ മിഡില്‍ ഓര്‍ഡറില്‍ രക്ഷകനായത്. 48 റണ്‍സിന്റെ കൂട്ടുകെട്ടാണ് അഞ്ചാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ 95 പന്ത് നേരിട്ട ജഡേജ 26 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇന്ത്യന്‍ നിരയില്‍ റിഷബ് പന്തിന് ശേഷം ഏറ്റവുമധികം റണ്‍സ് നേടിയ രണ്ടാമത് താരവും ജഡേജ തന്നെ.
അതേസമയം, പരമ്പര കൈവിടാതിരിക്കാന്‍ നിര്‍ണായകമായ സിഡ്‌നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയം അനിവാര്യമാണ്. ആദ്യ നാല് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-1ന് പുറകിലാണ്. ബോര്‍ഡര്‍ – ഗവാസ്‌കര്‍ ട്രോഫി നഷ്ടപ്പെടാതിരിക്കാന്‍ സിഡ്‌നി ടെസ്റ്റില്‍ വിജയിച്ച് പരമ്പര സമനിലയിലെത്തിക്കുക എന്നത് മാത്രമാണ് ഇന്ത്യയുടെ മുമ്പിലുള്ള ഏക പോംവഴി.
എന്നാല്‍ ഓസ്‌ട്രേലിയക്ക് ഈ മത്സരത്തില്‍ പരാജയപ്പെടാതെ പിടിച്ചുനിന്നാല്‍ പരമ്പര സ്വന്തമാക്കാന്‍ സാധിക്കും. 2014-15ന് ശേഷം ആദ്യമായി അലന്‍ ബോര്‍ഡറിന്റെയും സുനില്‍ ഗവാസ്‌കറിന്റെയും പേരിലുള്ള ട്രോഫി സ്വന്തമാക്കാനാണ് കമ്മിന്‍സിന്റെയും കൂട്ടരുടെയും ശ്രമം.
Content highlight: IND vs AUS: Justin Langer praises Ravindra Jadeja