തകര്‍പ്പന്‍ റെക്കോഡിട്ട് തൊട്ടടുത്ത മത്സരത്തില്‍ നാണക്കേടിന്റെ റെക്കോഡ്; തലകുനിച്ച് ഇഷാന്‍
Sports News
തകര്‍പ്പന്‍ റെക്കോഡിട്ട് തൊട്ടടുത്ത മത്സരത്തില്‍ നാണക്കേടിന്റെ റെക്കോഡ്; തലകുനിച്ച് ഇഷാന്‍
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 28th November 2023, 8:09 pm

 

ഓസ്‌ട്രേലിയയുടെ ഇന്ത്യന്‍ പര്യടനത്തിലെ മൂന്നാം ടി-20ക്ക് അസം ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ തുടക്കമായിരിക്കുകയാണ്. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും വിജയിച്ച ഇന്ത്യ മൂന്നാം മത്സരത്തിലും വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.

മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ രണ്ടാം മത്സരത്തിലേതെന്ന പോലെ ഒരിക്കല്‍ക്കൂടി ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ സംഭവിച്ചതിന്റെ നേര്‍ വിപരീതമാണ് മൂന്നാം ടി-20യില്‍ ബര്‍സാപര സ്റ്റേഡിയത്തില്‍ കണ്ടത്.

 

കഴിഞ്ഞ മത്സരത്തിന്റെ താരമായ യശസ്വി ജെയ്‌സ്വാള്‍ ആറ് പന്തില്‍ ആറ് റണ്‍സ് നടി പുറത്തായി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ മാത്യൂ വേഡിന് ക്യാച്ച് നല്‍കിയാണ് ജെയ്‌സ്വാള്‍ പുറത്തായത്.

തിരുവനന്തപുരത്ത് അര്‍ധ സെഞ്ച്വറി നേടിയ ഇഷാന്‍ കിഷനും നിരാശപ്പെടുത്തി. അഞ്ച് പന്ത് നേരിട്ട് പൂജ്യം റണ്‍സിനാണ് താരം പുറത്തായത്.

ഇതോടെ ഒരു മോശം റെക്കോഡും ഇഷാനെ തേടിയെത്തി. ഒരു ടി-20യില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്താകുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്തിയാണ് ഇഷാന്‍ നാണക്കേടിന്റെ റെക്കോഡിട്ടത്.

ടി-20യില്‍ ഏറ്റവുമധികം പന്തുകള്‍ നേരിട്ട് പൂജ്യത്തിന് പുറത്തായി ഇന്ത്യന്‍ താരങ്ങള്‍

(താരം – നേരിട്ട പന്തുകള്‍ -എതിരാളികള്‍ – വര്‍ഷം എന്നീ ക്രമനത്തില്‍)

കെ.എല്‍. രാഹുല്‍ – 6 – ഇംഗ്ലണ്ട് – 2021

രാഹുല്‍ ത്രിപാഠി – 6 – ന്യൂസിലാന്‍ഡ് – 2023

വിരാട് കോഹ്‌ലി – 5 – ഇംഗ്ലണ്ട് – 2021

ഇഷാന്‍ കിഷന്‍ – 5 – ഓസ്‌ട്രേലിയ – 2023

അതേസമയം, ഇന്ത്യക്ക് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടിരിക്കുകയാണ്. 29 പന്തില്‍ 39 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ വിക്കറ്റാണ് ഇന്ത്യക്ക് അവസാനമായി നഷ്ടമായത്. ആരോണ്‍ ഹാര്‍ഡിയാണ് വിക്കറ്റ് നേടിയത്.

നിലവില്‍ 11 ഓവര്‍ പിന്നിടുമ്പോള്‍ 88 റണ്‍സിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ് ഇന്ത്യ. 24 പന്തില്‍ നിന്നും 28 റണ്‍സുമായി ഋതുരാജ് ഗെയ്ക്വാദും രണ്ട് പന്തില്‍ ഒരു റണ്‍സുമായി തിലക് വര്‍മയുമാണ് ക്രീസില്‍.

 

Content Highlight: Ind vs Aus 3rd T20; Ishan Kishan sets an unwanted record