ദേ നിങ്ങളെ എറിഞ്ഞിട്ടവന്‍ പുറത്ത്, ഇനിയെങ്കിലും ജയിക്കുമോ! ഇന്ത്യക്ക് പുഞ്ചിരി, ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി
Sports News
ദേ നിങ്ങളെ എറിഞ്ഞിട്ടവന്‍ പുറത്ത്, ഇനിയെങ്കിലും ജയിക്കുമോ! ഇന്ത്യക്ക് പുഞ്ചിരി, ഓസ്‌ട്രേലിയക്ക് വമ്പന്‍ തിരിച്ചടി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 7th November 2024, 2:39 pm

ഇന്ത്യ എ-യുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ആതിഥേയര്‍ക്ക് വമ്പന്‍ തിരിച്ചടി. സ്റ്റാര്‍ പേസര്‍ മൈക്കല്‍ നെസര്‍ പരിക്കേറ്റ് പുറത്തായതാണ് ഓസ്‌ട്രേലിയ എക്ക് തിരിച്ചടിയായിരിക്കുന്നത്. പരമ്പരയിലെ രണ്ടാം മത്സരത്തിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്.

ഹാംസ്ട്രിങ് ഇന്‍ജുറിക്ക് പിന്നാലെയാണ് താരത്തിന് മത്സരം നഷ്ടമായിരിക്കുന്നത്. എന്നാല്‍ പരിക്കേല്‍ക്കുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ ബാറ്റിങ് ഓര്‍ഡറിനെ എറിഞ്ഞിട്ടാണ് നെസര്‍ ആതിഥേയര്‍ക്ക് മേല്‍ക്കൈ നല്‍കിയത്.

തന്റെ 13ാം ഓവറിനിടെയാണ് താരത്തിന് പരിക്കേല്‍ക്കുന്നത്. ഇതിനോടകം തന്നെ 27 റണ്‍സ് മാത്രം വഴങ്ങി ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍, ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദ് എന്നിവരടക്കം നാല് വിക്കറ്റുകളും നെസര്‍ സ്വന്തമാക്കിയിരുന്നു.

13ാം ഓവറിലെ രണ്ടാം പന്ത് എറിഞ്ഞതിന് പിന്നാലെ താരത്തിന് നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു. വേച്ചുവേച്ചാണ് നെസര്‍ നടന്നത്. ഇതോടെ താരത്തെ തിരിച്ചുവിളിക്കുകയായിരുന്നു.

നെസറിന് പരിക്കേറ്റതായും മത്സരത്തില്‍ ഇനി പന്തെറിയില്ലെന്നും ക്രിക്കറ്റ് ഓസ്‌ട്രേലിയ വക്താവിനെ ഉദ്ധരിച്ച് ഇ.എസ്.പി.എന്‍ ക്രിക്ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ 23ന് നടന്ന ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിലും താരം പരിക്കിന്റെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. എന്നാല്‍ താരം ഓസ്‌ട്രേലിയ എയ്‌ക്കൊപ്പം ട്രെയ്‌നിങ് സെഷനില്‍ പങ്കെടുക്കുകയും പ്ലെയിങ് ഇലവന്റെ ഭാഗമാവുകയുമായിരുന്നു.

മെല്‍ബണിലെ ഇന്ത്യന്‍ തകര്‍ച്ച

മത്സരത്തില്‍ ഇന്ത്യന്‍ നിരയെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയതില്‍ പ്രധാനിയായിരുന്നു നെസര്‍.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് തൊട്ടതെല്ലം പിഴച്ചു. 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ നാല് മുന്‍നിര വിക്കറ്റുകള്‍ നഷ്ടപ്പെട്ടാണ് ഇന്ത്യ വമ്പന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്.

സ്‌കോര്‍ ബോര്‍ഡില്‍ ആദ്യ റണ്‍സ് കയറും മുമ്പ് തന്നെ ഇന്ത്യക്ക് ആദ്യ രണ്ട് വിക്കറ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. മൈക്കല്‍ നെസര്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാം പന്തില്‍ ഓപ്പണര്‍ അഭിമന്യു ഈശ്വരന്‍ പുറത്തായി. കോറി റോക്കിസിയോലിക്ക് ക്യാച്ച് നല്‍കിയാണ് ബ്രോണ്‍സ് ഡക്കായി ഈശ്വരന്‍ പുറത്തായത്. പിന്നാലെയെത്തിയ സായ് സുദര്‍ശനെ ഗോള്‍ഡന്‍ ഡക്കാക്കിയും നെസര്‍ പുറത്താക്കി.

ഏറെ അനുഭവ സമ്പത്തുള്ള കെ.എല്‍. രാഹുലിന്റെയും ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്വാദിന്റെയും സ്ഥിതിയും മറ്റൊന്നായിരുന്നില്ല. നാല് റണ്‍സ് വീതം സ്വന്തമാക്കിയാണ് ഇരുവരും മടങ്ങിയത്.

11/4 എന്ന നിലയില്‍ നില്‍ക്കവെ ക്രീസിലെത്തിയ ധ്രുവ് ജുറെല്‍ ദേവ്ദത്ത് പടിക്കലിനെ ഒപ്പം കൂട്ടി സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. അഞ്ചാം വിക്കറ്റില്‍ അര്‍ധ സെഞ്ച്വറി കൂട്ടുകെട്ട് പടുത്തുയര്‍ത്തിയാണ് ഇവര്‍ ഇന്ത്യയെ വമ്പന്‍ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്.

ടീം സ്‌കോര്‍ 64ല്‍ നില്‍ക്കവെ പടിക്കലിനെയും ഇന്ത്യക്ക് നഷ്ടമായി. മൈക്കല്‍ നെസര്‍ തന്നെയാണ് വിക്കറ്റ് നേടിയത്. 55 പന്തില്‍ 26 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.

പിന്നാലെയെത്തിയ നിതീഷ് കുമാര്‍ റെഡ്ഡി 16 റണ്‍സിനും തനുഷ് കോട്ടിയന്‍ പൂജ്യത്തിനും മടങ്ങി.

ഒടുവില്‍ 161 റണ്‍സിന് ഇന്ത്യയുടെ അവസാന വിക്കറ്റും നഷ്ടമായി. നാല് താരങ്ങള്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഇരട്ടയക്കം കണ്ടത്. 11 റണ്‍സ് എക്സ്ട്രാസ് ഇനത്തിലും ഇന്ത്യന്‍ ടോട്ടലിലെത്തി.

ഓസ്ട്രേലിയ എയ്ക്കായി മൈക്കല്‍ നെസര്‍ നാല് വിക്കറ്റും ബ്യൂ വെബ്സ്റ്റര്‍ മൂന്ന് വിക്കറ്റും നേടി. നഥാന്‍ മക്സ്വീനി, കോറി റോക്കിസിയോലി, സ്‌കോട്ട് ബോളണ്ട് എന്നിവരാണ് ശേഷിച്ച വിക്കറ്റുകള്‍ സ്വന്തമാക്കിയത്.

ആദ്യ ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയ എ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 53ന് രണ്ട് എന്ന നിലയിലാണ്. ക്യാപ്റ്റന്‍ നഥാന്‍ മക്സ്വീനി (30 പന്തില്‍ 14), കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് (22 പന്തില്‍ 3) എന്നിവരുടെ വിക്കറ്റാണ് ആതിഥേയര്‍ക്ക് നഷ്ടമായത്.

42 പന്തില്‍ 26 റണ്‍സുമായി മാര്‍കസ് ഹാരിസും 11 പന്തില്‍ ഒരു റണ്ണുമായി സാം കോണ്‍സ്റ്റാസുമാണ് ക്രീസില്‍.

 

Content  Highlight: IND A vs AUS A: Micheal Neser ruled out