വിജയശതമാനം കൂട്ടുന്നതിനായി സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദിവാസികുട്ടികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിപ്പിച്ചില്ല; ആരോപണം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍
Education
വിജയശതമാനം കൂട്ടുന്നതിനായി സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദിവാസികുട്ടികളെ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിപ്പിച്ചില്ല; ആരോപണം നിഷേധിച്ച് സ്കൂള്‍ അധികൃതര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th March 2018, 7:57 pm

മാനന്തവാടി: എസ്.എസ്.എല്‍.സി പരീക്ഷയയില്‍ സ്‌കൂളിന്റെ വിജയശതമാനം കൂട്ടാന്‍ സര്‍ക്കാര്‍ വിദ്യാലയത്തിലെ ആദിവാസി വിദ്യാര്‍ത്ഥികളെ പരീക്ഷ എഴുതിപ്പിച്ചില്ലെന്ന് കഴിഞ്ഞ ദിവസമാണ് ഫേസ്ബുക്ക് വഴി ദിലീപ് കുമാര്‍ എന്ന് യുവാവ് ആരോപിച്ചത്. വയനാട് മാനന്തവാടിക്ക് സമീപം നീര്‍വാരം ഗവണ്‍മെന്റ് ഹൈസ്‌ക്കൂളിനെതിരായായിരുന്നു ആരോപണം ഉയര്‍ന്നത്.

തുടര്‍ന്ന് ദിലീപിന്റെ പോസ്റ്റ് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയി. കുട്ടികളുടെ നിരക്ഷരരായ മാതാപിതാക്കളില്‍ നിന്ന് കുട്ടികള്‍ പരീക്ഷ എഴുതുന്നില്ലെന്ന് എഴുതി വാങ്ങിയ ശേഷം കുട്ടികളെ പരീക്ഷക്ക് ഇരുത്താതിരിക്കുകയായിരുന്നെന്നാണ് പ്രധാന ആരോപണം

അമ്മാനി പാറവയല്‍ പണിയ കോളനിയിലെ വിദ്യാര്‍ത്ഥികളായ ബബീഷ്, അമല്‍ എന്നീ കുട്ടികളെയാണ് മതിയായ ഹാജര്‍ നില ഇല്ലെന്ന് പറഞ്ഞ് ഈ വര്‍ഷം പരീക്ഷ എഴുതിക്കാതിരുന്നത്. നിരക്ഷരാരായ രക്ഷിതാക്കളുടെ കൈയ്യില്‍ നിന്ന് ഇതിനുള്ള അപേക്ഷ എഴുതി വാങ്ങിയിരുന്നെന്നും ദീലീപ് പറയുന്നു.

 


Also Read ചോദ്യപേപ്പര്‍ ചോര്‍ച്ച; മാറ്റിവെച്ച പ്ലസ് 2 പരീക്ഷ ഏപ്രില്‍ 25 ന്


എന്നാല്‍ ആരോപണങ്ങള്‍ സ്‌കൂള്‍ അധികൃതര്‍ നിഷേധിച്ചിരിക്കുകയാണ് കുട്ടികള്‍ക്ക് വേണ്ടത്ര ഹാജരില്ലാത്തതിനാലാണ് പരീക്ഷക്ക് ഇരുത്താന്‍ കഴിയാഞ്ഞതെന്നാണ് നീര്‍വാരം സ്‌കൂള്‍ പ്രധാന അധ്യാപകന്‍ പറഞ്ഞത്. കുട്ടികള്‍ നിരന്തരം സ്‌കൂളില്‍ വരാതായതിനാല്‍ രജിസ്റ്ററില്‍ നിന്ന് പേര് വെട്ടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

“”സ്‌കൂളില്‍ വരാതിരിക്കാറുള്ള ചെറിയ ക്ലാസ്സിലുള്ള എസ്.ടി കുട്ടികള്‍ക്ക് സാധാരണഗതിയില്‍ ഹാജര്‍ കൊടുക്കാറുണ്ട്, അവര്‍ ഗ്രാന്റ് വാങ്ങിച്ചോട്ടെ എന്നുകരുതിയിട്ട്. അതുകൊണ്ട് ആഴ്ചയില്‍ നാലുദിവസം വന്നില്ലെങ്കിലും ഒന്നോ രണ്ടോ അബ്‌സെന്റ് കൊടുത്ത് കുട്ടികളെ നിലനിര്‍ത്തും. പത്താംക്ലാസ്സിലെത്തുമ്പോള്‍ അതേപോലെ സ്ഥിരമായി വെറുതെ ഹാജര്‍ കൊടുത്ത് കുട്ടികളെ ക്ലാസ്സില്‍ ഇരുത്താന്‍ പറ്റില്ല,

പത്തില്‍ ജൂണ്‍ മാസം തൊട്ടു ഞങ്ങള്‍ ചുരുങ്ങിയത് ആറുപ്രാവശ്യമെങ്കിലും ഈ കുട്ടികളുടെ കോളനികളില്‍ പോയിട്ടു സ്ഥിരമായിട്ടു വരണം ഇങ്ങനെ ആബ്‌സെന്റ ആകരുത് എന്ന് പ്രത്യേകം പറഞ്ഞിരുന്നു. പക്ഷെ ഈ കുട്ടികള്‍ തീരെ വരാറില്ല സ്‌കൂളില്‍. പിന്നെ ക്ലാസ് അധ്യാപകന്റെ ഔദാര്യത്തില്‍ ആ കുട്ടികളുടെ പേര് അവിടെ നിലനിന്നതാണ്.

ഫിബ്രവരി 17 ആം തിയതിയാണ് കുട്ടികളുടെ പരീക്ഷാര്‍ത്ഥിത്വം ക്യാന്‍സല്‍ ചെയ്യേണ്ടിയിരുന്ന ലാസ്റ്റ് ഡേറ്റ്. ജനുവരി 9 നു ക്യാമ്പ് തുടങ്ങിയത് തൊട്ട് ഫിബ്രവരി 15 ആം തിയതിവരെ ഈ കുട്ടികളെ വെയിറ്റ് ചെയ്തു, കുട്ടികള്‍ വന്നില്ല. ഈ കുട്ടികളുടെ കോളനിയില്‍ പോയപ്പോ അവര്‍ ഓടിഒളിക്കുകയാണ് ചെയ്തത്.


Also Read സി.പി.ഐ.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപത്രിയില്‍ സി.ഐ.ടി.യുവിന്റെ സമരം; വ്യവസ്ഥകള്‍ പാലിക്കാന്‍ മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്ന് പരാതി


അപ്പൊ ആ കുട്ടികള്‍, ഈവര്‍ഷത്തെ പരീക്ഷ എഴുതുന്നില്ല, അവര്‍ സ്‌കൂളില്‍ വന്നിട്ടില്ല, പഠിച്ചിട്ടില്ല, അടുത്ത കൊല്ലം എഴുതി ജയിച്ചോളാം എന്ന് പറഞ്ഞിട്ട് അത് ഫോറത്തില്‍ എഴുതി വാങ്ങിച്ചിട്ടാണ് കാന്ഡിഡേച്ചര്‍ ക്യാന്‍സല്‍ ആക്കുന്നതിനു അപേക്ഷ കൊടുക്കുന്നത്.

ഈ വിവരം ഡി.ഇ.ഒനെ അറിയിച്ചു, പരീക്ഷ കമ്മീഷണറോട് ചോദിച്ചു നിയമാനുസൃതം ചെയ്ത കാര്യമാണ്. തെറ്റായ ഒരു തീരുമാനമല്ല അത്, ഇത് നിയമാനുസൃതം മാനദണ്ഡങ്ങള്‍ പാലിച്ചു ചെയ്തതാണ്. ഈ വിദ്യാര്‍ത്ഥികളുടെ പഠന പിന്നോക്കാവസ്ഥയാണോ എന്ന് അറിയാന്‍ ഇവരെ ആശുപത്രിയില്‍ കൊണ്ടുപോയി പരിശോധ നടത്തിയിട്ടുമുള്ളതുമാണ്. ഈ ഫേസ്ബുക് പോസ്റ്റ് വരുന്നതിനു പത്തു പതിനഞ്ചു ദിവസം മുന്പ്തന്നെ ഈ വിവരങ്ങള്‍ ഡി.ഇ.ഒ, പരീക്ഷ കമ്മീഷണര്‍ എന്നിവരെയെല്ലാം അറിയിച്ച് നിയമാനുസൃതമായിട്ടാണ് കാര്യങ്ങള്‍ ചെയ്തിട്ടുള്ളത്, അല്ലാതെ ക്രമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല” എന്നാണ് സംഭവത്തെ കുറിച്ച് പ്രധാനാധ്യാപകന്‍ വിശദീകരിച്ചത്.

എന്നാല്‍ തങ്ങള്‍ ഡിസംബര്‍ മാസംവരെ സ്‌കൂളില്‍ പോയിട്ടുണ്ടെന്നും ക്രിസ്മസ് പരീക്ഷ എഴുതി വിജയിച്ചു എന്നുമാണ് കുട്ടികള്‍ പറയുന്നത്. ജനുവരി മാസത്തില്‍, കുടുംബാംഗങ്ങളുടെ ശബരിമല തീര്‍ത്ഥാടന യാത്രയുമായി ബന്ധപ്പെട്ടു കുറച്ച് ദിവസം സ്‌കൂളില്‍ പോയിട്ടില്ലെന്നും. അതിനു ശേഷം സ്‌കൂളില്‍ ചെന്നപ്പോള്‍ “ഇനി സ്‌കൂളിലേക്കു വരേണ്ട” എന്ന രീതിയില്‍ ഹെഡ് മാസ്റ്ററും അധ്യാപകരും സംസാരിച്ചു എന്നും, തുടര്‍ന്ന് ഹെഡ് മാസ്റ്ററും ടീച്ചര്‍മാരും വീട്ടില്‍ ചെന്ന് ഇതേ രീതിയില്‍ അറിയിച്ചിട്ട് പോയി എന്നും കുട്ടികളിലൊരാളായ ബബീഷ് പറയുന്നു.

എഴുത്തും വായനയും അറിയാത്ത തന്റെ അടുത്ത് നിന്ന് ഫോമില്‍ ഒപ്പിട്ട് വാങ്ങിയ ശേഷമാണ് അത് കുട്ടിയെ പരീക്ഷക്ക് ഇരുത്തുന്നില്ല് എന്നതായിരുന്നെന്ന് മനസിലാവുന്നതെന്നാണ് ഈ വിഷയത്തെ കുറിച്ച് ബിബിഷിന്റെ അമ്മയായ ജാനു പറഞ്ഞത്.

ജില്ലയുടെ പലഭാഗങ്ങളിലെയും സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളില്‍ വിജയ ശതമാനം കൂട്ടുന്നതിനായി പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികളെ ഇത്തരത്തില്‍ പരീക്ഷ എഴുതിപ്പിക്കാതിരിക്കാറുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

Watch This video: