Advertisement
Kerala News
ക്രിസ്മസ് ആഘോഷിച്ചതിന് അധ്യാപകരെ വി.എച്ച്.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവം; അപലപിച്ച് കേന്ദ്ര സഹമന്ത്രി ജോര്‍ജ് കുര്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2024 Dec 23, 07:59 am
Monday, 23rd December 2024, 1:29 pm

ന്യൂദല്‍ഹി: സ്‌കൂളില്‍ ക്രിസ്മസ് കരോള്‍ നടത്തിയതിയതില്‍ ഭീഷണിയുയര്‍ത്തിയ വിശ്വ ഹിന്ദു പരിഷത്തിന്റെ നീക്കത്തെ ശക്തമായി അപലപിച്ച് കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍.

ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുന്നുവെന്നും മന്ത്രി പറഞ്ഞു.

കേരളസര്‍ക്കാരിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും സംഭവത്തില്‍ സര്‍ക്കാരെടുത്ത നിയമ നടപടിയെ പിന്തുണക്കുന്നതായും കേന്ദ്ര മന്ത്രി പറഞ്ഞു.

ഡി.വൈ.എഫ്.ഐയും യൂത്ത് കോണ്‍ഗ്രസും പ്രതിഷേധ കരോള്‍ നടത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്‌കൂളുകളില്‍ ക്രിസ്മസ് ആഘോഷം ആവാമെന്ന തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും അതോടൊപ്പം നബിദിനവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിക്കണമെന്നും പറയുകയുണ്ടായി.

ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ സ്‌കൂളുകളില്‍ നടത്തുന്നതോടെ എല്ലാ മതങ്ങളിലെയും ആഘോഷങ്ങള്‍ കുട്ടികള്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്നും ഈ തീരുമാനങ്ങളെയെല്ലാം സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി പറഞ്ഞു.

അതേസമയം ബി.ജെ.പി പ്രവര്‍ത്തകര്‍ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി ഇപ്പോള്‍ വരെ ക്രിസ്മസ് പരിപാടിയില്‍ പങ്കെടുക്കുകയാണെന്നുമാണ് ബി.ജെ.പി നേതാവ് വി.മുരളീധരന്റെ പ്രതികരണം.

നടന്ന കാര്യത്തെ കുറിച്ച് അന്വേഷിക്കട്ടെയെന്നും കാര്യങ്ങള്‍ വ്യക്തമാകട്ടെയെന്നും വി.മുരളീധരന്‍ പറയുകയുണ്ടായി.

Content Highlight: Incident of VHP activists threatening teachers for celebrating Christmas; Union Minister of State George Kurien condemned