കോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവം; പാലയില്‍ രണ്ട് പേര്‍ പിടിയില്‍
കോട്ടയം: പൂഞ്ഞാറില്‍ കോടതി ജീവനക്കാരിയെ ആക്രമിച്ച സംഭവത്തില്‍ രണ്ട് പേര്‍ പിടിയില്‍. പൂഞ്ഞാര്‍ സ്വദേശികളായ ജെയിംസ്, മകന്‍ നിഹാല്‍ എന്നിവരാണ് പൊലീസ് പിടിയിലായത്.
ജെയിംസിന്റെ മകളുടെ വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് പാല കുടുംബക്കോടതി ഉത്തരവ് കൈമാറാനെത്തിയ കോടതിജീവനക്കാരിയെ ജെയിംസും നിഹാലും കൂടി ആക്രമിക്കുകയായിരുന്നു.
തന്നെ കല്ലുകൊണ്ട് ഇടിക്കാന്‍ ശ്രമിച്ചെന്ന ജീവനക്കാരിയുടെ പരാതിയില്‍ ഈരാറ്റുപേട്ട പൊലീസാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ജെയിംസിന്റെ മകള്‍ ഹേമയും ഭര്‍ത്താവ് തലയോലപ്പറമ്പ് സ്വദേശി അമലും തമ്മില്‍ വിവാഹമോചനത്തിന് പാലാകോടതിയില്‍ ഹരജി നല്‍കിയിരുന്നു.
ജര്‍മനിയിലായ ഹേമയും അമലും ഈയിടെയാണ് നാട്ടിലെത്തിയത്. വിവാഹമോചനക്കേസ് നടക്കുന്നതിനിടെ ഹേമ മകള്‍ ഹെലനുമായി കഴിഞ്ഞ 28ന് ജര്‍മനിയിലേക്കു മടങ്ങി.
ഇതിനിടെ കുഞ്ഞിനെ കാണണമെന്ന അമലിന്റെ ഹരജിയില്‍ കുഞ്ഞിനെ കോടതി അറിയാതെ കേരളത്തിനു വെളിയില്‍ കൊണ്ടുപോകരുതെന്ന് കുടുംബക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് കൈമാറാനാണ് കോടതി ജീവനക്കാരി ജെയിംസിന്റെ വീട്ടിലെത്തിയത്.
അമലിന്റെ കാറിലായിരുന്നു യുവതി സ്ഥലത്ത് എത്തിയത്. തുടര്‍ന്ന് കോടതി ജീവനക്കാരി അമലിന്റെ ആളാണെന്ന് പറഞ്ഞുകൊണ്ട് ജെയിംസും നിഹാലും ആക്രമിക്കുകയായിരുന്നു.