വാഷിംഗ്ടണ്‍: ക്യാപിറ്റോള്‍ മന്ദിരത്തില്‍ അരങ്ങേറിയ അക്രമങ്ങള്‍ക്കും നാടകീയ നീക്കങ്ങള്‍ക്കും പിന്നാലെ സുതാര്യമായ രീതിയില്‍ അധികാര കൈമാറ്റം ഉറപ്പാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇതാദ്യമായാണ് ട്രംപ് പരസ്യമായി തന്റെ പരാജയം അംഗീകരിക്കുന്നത്.
” അമേരിക്കയുടെ പുതിയ ഭരണത്തിന്റെ ഉദ്ഘാടനം ജനുവരി 20 ന് നടക്കും. ഇപ്പോഴെന്റെ ശ്രദ്ധ അനായാസവും ക്രമപരവുമായ ഒരു ഭരണകൈമാറ്റം ഉറപ്പുവരുത്തുന്നതിലാണ്. ഇത് അനുരഞ്ജനത്തിന്റെ സമയമാണ്,” ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു. വീഡിയോ സന്ദേശത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
വീഡിയോയില്‍ യു.എസ് സര്‍ക്കാരിന്റെ ഇരിപ്പിടത്തില്‍വെച്ച് ഒരു സ്ത്രീയെ വെടിവെച്ചു കൊന്ന സംഭവത്തില്‍ ട്രംപ് പ്രകോപിതനായി. എല്ലാവരോടും സംയമനം പാലിക്കണമെന്നും അനുരഞ്ജനത്തിന് വേണ്ടി പ്രവര്‍ത്തിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
വ്യാഴാഴ്ച നടന്ന അക്രമ സംഭവത്തില്‍ ലോകനേതാക്കളെല്ലാവരും ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. 25ാമത് ഭേദഗതി ഉപയോഗിച്ച് ട്രംപിനെ പുറത്താക്കണമെന്നുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ അമേരിക്കയില്‍ ഉയര്‍ന്നിരുന്നു. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ഉള്‍പ്പെടെ ട്രംപിനുള്ള പിന്തുണ കുറഞ്ഞിരുന്നു.
വ്യാഴാഴ്ച പുതിയ പ്രസിഡന്റായി ജോ ബൈഡനെ പ്രഖ്യാപിക്കുന്നതിനുള്ള യു.എസ് കോണ്‍ഗ്രസ്-സെനറ്റ് സംയുക്ത യോഗം നടക്കുന്നതിനിടെ ട്രംപ് അനുകൂലികള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സംഘര്‍ഷത്തില്‍ നാലുപേര്‍ കൊല്ലപ്പെട്ടു.
വാഷിംഗ്ടണിലേക്ക് മാര്‍ച്ച് നടത്താനും തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കാതിരിക്കാനും നേരത്തെ ട്രംപ് ആഹ്വാനം ചെയ്തിരുന്നു. അമേരിക്കന്‍ ചരിത്രത്തിലാധ്യമായാണ് വാഷിംഗ്ടണ്‍ ഡി.സിയില്‍ ഇത്ര ഗൗരവമായ സുരക്ഷാ ലംഘനങ്ങള്‍ നടന്നത്.
ജോ ബൈഡന്റെ വിജയം സ്ഥിരീകരിക്കുന്നത് തടയാന്‍ അക്രമികള്‍ ഇലക്ട്രല്‍ കോളേജ് വോട്ടെണ്ണുന്നത് തടയുകയായിരുന്നു. വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സിനേയും മറ്റ് കോണ്‍ഗ്രസ് അംഗങ്ങളേയും സുരക്ഷ കണക്കിലെടുത്ത് സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു.
അമേരിക്കന്‍ ജനാധിപത്യത്തിന്റെ പ്രതീകമായി കാണുന്ന ക്യാപിറ്റോള്‍ മന്ദിരത്തിനു നേരെയുള്ള അക്രമം ലിബറല്‍ ജനാധിപത്യത്തിന് പേരുകേട്ട അമേരിക്കയുടെ പ്രശസ്തിക്ക് വലിയ പ്രഹരമാണ് ഏല്‍പ്പിച്ചത്.