മുന്‍പൊക്കെ കേരളത്തില്‍ ബി.ജെ.പിയുമായി പല ആളുകളും ബന്ധപ്പെടുന്നത് രഹസ്യമായിരുന്നു, പുതുതായി എത്തുന്നവര്‍ പാര്‍ട്ടിയെ എത്രമാത്രം മനസ്സിലാക്കിയിട്ടുണ്ടെന്ന് അറിയില്ല: സി.കെ പത്മനാഭന്‍
തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന് പിന്നാലെ, തെരഞ്ഞെടുപ്പു മത്സര രംഗത്ത് ഇത്തവണയുണ്ടാകില്ലെന്ന് പ്രഖ്യാപിച്ച് ബി.ജെ.പിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ സി.കെ പത്മനാഭന്‍. പാര്‍ട്ടിക്ക് വേണ്ടി നിരവധി തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ടെന്നും യുവാക്കള്‍ക്ക് അവസരം ലഭിക്കാന്‍ വേണ്ടിയാണ് മാറിനില്‍ക്കുന്നതെന്നുമാണ് സി.കെ പത്മനാഭന്‍ മലയാള മനോരമയോട് പ്രതികരിച്ചത്.
അതേസമയം തന്നെ വ്യക്തികള്‍ സ്ഥാനത്തിനു വേണ്ടി നേതൃത്വത്തിനെതിരെ നടത്തുന്ന വിമര്‍ശനം പാര്‍ട്ടിക്കു ഗുണകരമല്ലെന്നും ശോഭാ സുരേന്ദ്രന്റെ പേര് പരാമര്‍ശിക്കാതെ സി.കെ പത്മനാഭന്‍ ചൂണ്ടിക്കാട്ടി.
‘നിരവധി തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്കു വേണ്ടി ഞാന്‍ മത്സരിച്ചിട്ടുണ്ട്. എപ്പോഴും മത്സരിച്ചുകൊണ്ടിരിക്കണം എന്നില്ലല്ലോ. ഇനി യുവാക്കള്‍ വരട്ടെ. പുതിയതായി പാര്‍ട്ടിയിലെത്തിയവരൊക്കെ മത്സരിക്കട്ടെ. ഇക്കാര്യം പാര്‍ട്ടിയുടെ ഉത്തരവാദിത്തപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. തീരുമാനം വ്യക്തിപരമാണ്.
കേരളത്തില്‍ ആദ്യമായി ബി.ജെ.പിക്ക് വേണ്ടി അക്കൗണ്ട് തുറന്നത് ഒ.രാജഗോപാലാണ്. അദ്ദേഹം ഈ തെരഞ്ഞെടുപ്പു രംഗത്തും പാര്‍ട്ടിക്ക് അനിവാര്യനാണ്. മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കും. ഈ പ്രായത്തിലും ചുറുചുറുക്കോടെ പ്രവര്‍ത്തിക്കുന്നയാളാണ്. അദ്ദേഹത്തിനുള്ള സ്വീകാര്യത എല്ലാ തലങ്ങളിലുമുള്ളതാണ്. അതു പ്രയോജനപ്പെടുത്തണ’മെന്നും സി.കെ പത്മനാഭന്‍ പറഞ്ഞു.
എല്ലാക്കാലത്തും താന്‍ പാര്‍ട്ടിയില്‍ വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ടെന്നും മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നില്ലെന്ന വിമര്‍ശനവും അടുത്തിടെ ഉന്നയിച്ചിരുന്നെന്നും പാര്‍ട്ടിയുടെ നന്മയ്ക്ക് വേണ്ടിയാണ് അത്തരം വിമര്‍ശനങ്ങള്‍ എന്നും പത്മനാഭന്‍ പറഞ്ഞു.
വിമര്‍ശിച്ചതിന്റെ പേരില്‍ എന്നോട് ആര്‍ക്കും വിദ്വേഷമുണ്ടായിട്ടില്ല. എന്നാല്‍ വ്യക്തികള്‍ സ്ഥാനങ്ങള്‍ ലഭിക്കാത്തതിന്റെ പേരില്‍ നടത്തുന്ന വിമര്‍ശനം പോസിറ്റീവായി കാണാന്‍ കഴിയില്ല. അതു പാര്‍ട്ടിക്കു ഗുണകരമല്ല. അടുത്തിടെയുണ്ടായ വിവാദം
അങ്ങനെയൊന്നാണ്.
എന്നാല്‍ മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തതല്ലാതെ പാര്‍ട്ടിയുടെ ഒരു വേദിയിലും അതൊരു ചര്‍ച്ചയേ ആയിട്ടില്ലെന്നതാണു കൗതുകകരം. ഒരുപാടു ചുമതലകള്‍ ഏറ്റെടുത്തു മുന്നോട്ടുപോകുന്നതിനിടയില്‍ മറ്റു വിഷയങ്ങളിലേക്കു പോകാന്‍ ഇപ്പോള്‍ പാര്‍ട്ടിക്കു സമയമില്ല, സി.കെ പത്മനാഭന്‍ പറഞ്ഞു.
മുന്‍പൊക്കെ കേരളത്തില്‍ ബി.ജെ.പിയുമായി പല ആളുകളും ബന്ധപ്പെടുന്നത് രഹസ്യമായിരുന്നു. മതന്യൂനപക്ഷങ്ങള്‍ക്കു രാഷ്ട്രീയ സ്വാധീനമുള്ള കേരളത്തില്‍, ബി.ജെ.പിയുമായുള്ള സൗഹൃദത്തിലൂടെ അവരെ പിണക്കാന്‍ ആരും ആഗ്രഹിച്ചിരുന്നില്ല. ഇപ്പോള്‍ സ്ഥിതി മാറി. ആഭിമുഖ്യമുള്ളവരെല്ലാം തന്നെ ബി.ജെ.പി ബന്ധം പരസ്യമാക്കുന്നുവെന്നു മാത്രമല്ല, അതിലുള്ള അഭിമാനം പങ്കുവയ്ക്കുകയും ചെയ്യുന്നു. അതു മലയാളികളുടെ മനഃശാസ്ത്രത്തിലുണ്ടായ മാറ്റം കൂടിയാണെന്നും പത്മനാഭന്‍ അഭിമുഖത്തില്‍ പറഞ്ഞു.
തുടര്‍ച്ചയായി രാജ്യം ഭരിക്കുന്ന പാര്‍ട്ടിയാണ് ഇന്ന് ബി.ജെ.പി. പുതിയതായി പാര്‍ട്ടിയിലേക്കു വരുന്നവരുടെ ആകര്‍ഷണീയത അതു കൂടിയാണ്. പ്രത്യയശാസ്ത്രപരമായി അവര്‍ എത്രമാത്രം ബി.ജെ.പിയെ മനസ്സിലാക്കുന്നു എന്നറിയില്ല. ഈ മാറ്റം ഗുണകരമാണോയെന്നു കാലം തെളിയിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക