ഭോപ്പാല്‍: മധ്യപ്രദേശില്‍ കോടതി വിധിയില്‍ പ്രതിഷേധിച്ച് 3000ത്തോളം ജൂനിയര്‍ ഡോക്ടര്‍മാര്‍ രാജിവെച്ചു. സമരം നിര്‍ത്തി 24 മണിക്കൂറിനുള്ളില്‍ സേവനം ആരംഭിക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി നിര്‍ദേശിച്ചതിനു പിന്നാലെയാണ് ഡോക്ടര്‍മാര്‍ കൂട്ടത്തോടെ രാജിവെച്ചത്. ഹൈക്കോടതി വിധിയെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
മധ്യപ്രദേശിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തെ ‘നിയമവിരുദ്ധം’ എന്നാണ് കോടതി വിശേഷിപ്പിച്ചത്. തിങ്കളാഴ്ചയാണ് വിവിധ ആവശ്യങ്ങള്‍ ഉന്നിയിച്ച് ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. തങ്ങളുടെ ആവശ്യങ്ങള്‍ പരിഗണിക്കും വരെ സമരം തുടരുമെന്ന് മധ്യപ്രദേശ് ജൂനിയര്‍ ഡോക്ടര്‍ അസോസിയേഷന്‍ (എം.പി.ജെ.ഡി.എ) പ്രസിഡന്റ് അരവിന്ദ് മീന പറഞ്ഞു.
സ്‌റ്റൈപ്പന്റ് വര്‍ദ്ധിപ്പിക്കണം, ഡോക്ടര്‍മാര്‍ക്കും കുടുംബാഗംങ്ങള്‍ക്കും കൊവിഡ് ചികിത്സ സൗജന്യമാക്കണം എന്നിവയാണ് സമരക്കാരുടെ ആവശ്യം. എന്റോള്‍മെന്റ് സര്‍ക്കാര്‍ നിര്‍ത്തലാക്കിയെന്നും, അതിനാല്‍ പി.ജി പരീക്ഷ എഴുതാന്‍ സാധിക്കുന്നില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നു.