ഇന്ത്യയില്‍ രണ്ടരമാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നത് 161 ആക്രമണങ്ങള്‍; കണക്കുകള്‍ പുറത്തുവിട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
national news
ഇന്ത്യയില്‍ രണ്ടരമാസത്തിനിടെ ക്രിസ്ത്യാനികള്‍ക്കെതിരെ നടന്നത് 161 ആക്രമണങ്ങള്‍; കണക്കുകള്‍ പുറത്തുവിട്ട് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 21st March 2024, 9:15 pm

ന്യൂദല്‍ഹി: ഇന്ത്യയില്‍ രണ്ടരമാസത്തിനിടെ ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെ നടന്നത് 161 ആക്രമണങ്ങള്‍. ക്രിസ്ത്യന്‍ വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സിവില്‍ സൊസൈറ്റി ഓര്‍ഗനൈസേഷനായ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം (യു.സി.എഫ്) ആണ് പ്രസ്തുത കണക്കുകള്‍ പുറത്തുവിട്ടത്.

രാജ്യത്ത് വലിയ തോതില്‍ ക്രിസ്ത്യാനികളുടെ അവകാശങ്ങളും നീതിയും നിഷേധിക്കപ്പെടുന്നുവെന്ന് ഫോറം ചൂണ്ടിക്കാട്ടി. ജനുവരിയില്‍ മാത്രമായി ക്രിസ്ത്യാനികള്‍ക്കെതിരെ 70 അക്രമ സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

ഫോറം വെളിപ്പെടുത്തിയ വിവരങ്ങള്‍ പ്രകാരം ഫെബ്രുവരിയില്‍ 62 അതിക്രമങ്ങളും മാര്‍ച്ച് മാസത്തിലെ 15 ദിവസങ്ങളിലായി 29 ആക്രമണങ്ങളും ക്രിസ്ത്യന്‍ വിഭാഗത്തില്‍ പെടുന്നവര്‍ക്കെതിരെയും മത സ്ഥാപനങ്ങള്‍ക്കെതിരെയുമായി നടന്നിട്ടുണ്ട്.

നിര്‍ബന്ധിത മതപരിവര്‍ത്തനം, വ്യക്തിപരമായ അതിക്രമങ്ങള്‍, പള്ളികള്‍ക്കും പ്രാര്‍ത്ഥനാ യോഗങ്ങള്‍ക്കും നേരെയുള്ള ആക്രമണം, ക്രിസ്ത്യന്‍ മതത്തില്‍ വിശ്വസിക്കുന്നവര്‍ക്കെതിരെയുള്ള അതിക്രമം, ഒറ്റപ്പെടുത്തല്‍, വ്യാജ ആരോപണങ്ങള്‍ തുടങ്ങിയ രീതികളിലാണ് അതിക്രമങ്ങള്‍.

ഇതിനുപുറമെ 2024ലെ 75 ദിവസത്തിനുള്ളില്‍ മതപരിവര്‍ത്തനം നടത്തിയെന്ന വ്യാജ ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ 122 ക്രിസ്ത്യാനികള്‍ തടവിലാക്കപ്പെടുകയോ അറസ്റ്റ് ചെയ്യപ്പെടുകയോ ചെയ്തിട്ടുണ്ട്.

ക്രിസ്ത്യന്‍ മതം പിന്തുടരുന്നതിന്റെ പേരില്‍ ഛത്തീസ്ഗഡില്‍ ഏതാനും കുടുംബങ്ങള്‍ക്ക് പൊതുകിണറില്‍ നിന്ന് പ്രദേശവാസികള്‍ വെള്ളം നിഷേധിച്ചു. മത ആചാരപ്രകാരം ശവസംസ്‌കാരം നടത്താനുള്ള അനുമതി പോലും സംസ്ഥാനത്ത് ക്രിസ്ത്യാനികള്‍ക്ക് നിഷേധിക്കപ്പെടുന്നതായി യു.സി.എഫ് ചൂണ്ടിക്കാട്ടി.

നാടുകടത്തുന്നതിന് സമാനമായി മൃതശരീരങ്ങള്‍ മണ്ണിലിട്ട് ദഹിപ്പിക്കുമെന്ന് പ്രദേശവാസികള്‍ ക്രിസ്ത്യാനികളെ ഭീഷണിപ്പെടുത്തുന്നതായും ഫോറം പത്രക്കുറിപ്പില്‍ പറഞ്ഞു.

ഉത്തര്‍പ്രദേശില്‍ സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുന്നതും ഇടപെടലുകള്‍ നടത്തുന്നതുമായ ക്രിസ്ത്യന്‍ വൈദികര്‍ക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നും യു.സി.എഫ് ചൂണ്ടിക്കാട്ടി. 19 സംസ്ഥാനങ്ങളില്‍ ക്രിസ്ത്യാനികള്‍ ജീവന് ഭീഷണി നേരിടുന്നുണ്ടെന്നും ഫോറം പറഞ്ഞു.

ക്രിസ്ത്യന്‍ വിഭാഗത്തിനെതിരെയുള്ള ഇത്തരം അതിക്രമങ്ങളില്‍ അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം ആവശ്യപ്പെട്ടു. സമാധാനപരമായ തെരഞ്ഞെടുപ്പാണ് രാജ്യത്ത് നടക്കേണ്ടതെന്നും യു.സി.എഫ് വ്യക്തമാക്കി.

Content Highlight: In India, 161 attacks were committed against Christians in two and a half months