ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പ്രതിഷേധം രൂക്ഷം; സൈനിക ആസ്ഥാനത്തേക്ക് ഇരച്ച് കയറി പാര്‍ട്ടി പ്രവര്‍ത്തകര്‍
World News
ഇമ്രാന്‍ ഖാന്റെ അറസ്റ്റില്‍ പ്രതിഷേധം രൂക്ഷം; സൈനിക ആസ്ഥാനത്തേക്ക് ഇരച്ച് കയറി പാര്‍ട്ടി പ്രവര്‍ത്തകര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 9th May 2023, 10:51 pm

ലാഹോര്‍: മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹരീഖ്-ഇ- ഇന്‍സാഫ് അധ്യക്ഷനുമായ ഇമ്രാന്‍ ഖാന്റെ അറസ്റ്റിന് പിന്നാലെ പാകിസ്ഥാനില്‍ വ്യാപക പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി ലാഹോറിലെ സൈനിക കമാന്‍ഡര്‍മാരുടെ വസതിയിലേക്ക് പി.ടി.ഐ പ്രവര്‍ത്തകര്‍ ഇരച്ച് കയറി.

റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്തും പ്രവര്‍ത്തകര്‍ കയറി പ്രതിഷേധിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പങ്കുവെക്കുന്നുണ്ട്. പെഷവാറിലെ റേഡിയോ സ്‌റ്റേഷനും പ്രതിഷേധക്കാര്‍ തീവെച്ചിട്ടുണ്ട്.

നിലവില്‍ ഇസ്‌ലാമാബാദില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. ഇസ്‌ലാമാബാദിനെ കൂടാതെ റാവല്‍പിണ്ടി, ലാഹോര്‍, കറാച്ചി, ഗുജ്‌റന്‍വാല, ഫൈസലാബാദ്, മുള്‍ട്ടാന്‍, പെഷവര്‍, മര്‍ദന്‍ എന്നിവിടങ്ങളിലും പ്രതിഷേധങ്ങള്‍ നടക്കുന്നുണ്ടെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

റാവല്‍പിണ്ടിയില്‍ സൈന്യത്തിന്റെ ആസ്ഥാനത്ത് പ്രധാന ഗേറ്റ് തകര്‍ത്തു. കറാച്ചിയില്‍ പ്രതിഷേധക്കാരും പൊലീസും ഏറ്റുമുട്ടി. ഇമ്രാന്‍ ഖാനെ മോചിപ്പിക്കുക എന്ന മുദ്രാവാക്യങ്ങള്‍ വിളിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.

ചൊവ്വാഴ്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ മുന്‍ വശത്ത് നിന്നാണ് ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്തത്.

എന്നാല്‍ സംഭവത്തില്‍ അലഹാബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പൊലീസിനെ രൂക്ഷമായി വിമര്‍ശിച്ചു. ഇസ്‌ലാമാബാദ് പൊലീസ് മേധാവി ഉടനെ കോടതിയില്‍ ഹാജരാകണമെന്നും ഏത് കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തതെന്ന് വ്യകതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കലാപക്കേസിലും വധശ്രമക്കേസിലും കോടതിയില്‍ ഹാജരാകാനെത്തിയതായിരുന്നു ഇമ്രാന്‍ ഖാന്‍. അതേസമയം കോടതിയിലേക്കുള്ള യാത്രാമധ്യേ ഒരു മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥനെതിരെ ഇമ്രാന്‍ ഖാന്‍ വീഡിയോ വഴി ആരോപണം ഉന്നയിച്ചിരുന്നു.

അതിന് പിന്നാലെയാണ് അറസ്റ്റ് സംഭവിക്കുന്നത്.
നേരത്തെയും ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്യുന്നതിന് വേണ്ടി പൊലീസ് ശ്രമിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ അന്ന് അറസ്റ്റ് ചെയ്യാന്‍ സാധിച്ചിരുന്നില്ല.

content highlight: Imran Khan’s arrest sparks protests; Party workers stormed the military headquarters