Advertisement
World
അമേരിക്കന്‍ പ്രതിസന്ധി ലോക സാമ്പത്തിക മാന്ദ്യത്തിന് കാരണമാകുമെന്ന് ഐ.എം.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
2013 Oct 14, 03:20 am
Monday, 14th October 2013, 8:50 am

[]വാഷിങ്ടണ്‍ : അമേരിക്കന്‍ സാമ്പത്തിക പ്രതിസന്ധി എത്രയും വേഗം പരിഹരിക്കേണ്ടതാണെന്നും അതല്ലാത്തപക്ഷം ലോകം മറ്റൊരു സാമ്പത്തിക മാന്ദ്യത്തിലേക്ക് നീങ്ങുമെന്നും ലോക ബാങ്കിന്റെ മുന്നറിയിപ്പ്.

അമേരിക്ക അപകടകരമായ ഘട്ടത്തിലേക്ക് പ്രവേശിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം മതിയെന്ന് ലോക ബാങ്ക് അധ്യക്ഷന്‍ ജിം യോങ് കിം പറഞ്ഞു.

പ്രതിസന്ധി പരിഹരിക്കേണ്ട അവസാന ദിവസം 17ാം തിയതിയാണ് അന്നും പരിഹാരമുണ്ടായില്ലെങ്കില്‍ ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കേണ്ടി വരുമെന്ന് ഐ.എം.എഫ് മേധാവി ക്രിസ്റ്റീന ലഗാര്‍ഡ് മുന്നറിയിപ്പ് നല്‍കി

പ്രതിസന്ധി പരിഹരിക്കുന്നതിന് അടിയന്തര പോംവഴികള്‍ ആവിഷ്‌കരിക്കാത്തപക്ഷം പലിശനിരക്കിലെ വര്‍ധന, വിശ്വാസ്യത നഷ്ടപ്പെടല്‍, വളര്‍ച്ച താഴോട്ടു പോകല്‍ തുടങ്ങിയ പ്രത്യാഘാതങ്ങള്‍ അനിവാര്യമാണെന്ന് ലോക ബാങ്ക് അധ്യക്ഷന്‍ വിശദീകരിച്ചു.

കടമെടുക്കാന്‍ പ്രസിഡന്റിനുള്ള അധികാരം ഈ മാസം 17ന് തീരുകയാണ്. അത് അല്പകാലത്തേക്ക് നീട്ടിക്കൊടുക്കാമെന്ന് റിപ്പബ്ലിക്കന്‍ പ്രതിനിധിസഭാംഗങ്ങള്‍ പറഞ്ഞിരുന്നു.

എന്നാല്‍ ഹ്രസ്വകാലത്തേക്ക് മാത്രമായി ഇത് നീട്ടുന്നതിനോട് താത്പര്യമില്ലെന്ന് ഒബാമ ശനിയാഴ്ച വ്യക്തമാക്കി. കടമെടുപ്പുപരിധി ഇപ്പോഴത്തെ 16.7 ലക്ഷം കോടി ഡോളറില്‍ (1033.23 ലക്ഷംകോടി രൂപ) നിന്ന് ഉയര്‍ത്തിയില്ലെങ്കില്‍ യു.എസ്. കടുത്ത സാമ്പത്തികപ്രതിസന്ധിയിലാകും.

ഒബാമ കെയര്‍ എന്നറിയപ്പെടുന്ന സാമൂഹികസുരക്ഷാ പദ്ധതിയുടെ പേരില്‍ ഇടഞ്ഞ റിപ്പബ്ലിക്കന്‍ ജനപ്രതിനിധിസംഘങ്ങള്‍ ബജറ്റ് പാസ്സാക്കാന്‍ കൂട്ടാക്കാത്തതോടെയാണ് യു.എസ്. സാമ്പത്തിക പ്രതിസന്ധിയിലായത്.

ഇതേ തുടര്‍ന്ന് സ്വീകരിച്ച അടച്ചിടല്‍ നയം സാമ്പത്തിക വളര്‍ച്ച നിരക്കില്‍ മാറ്റം വരുത്തുന്നതായി ട്രഷറി സെക്രട്ടറി ജാക് ല്യൂ അറിയിച്ചു.

പ്രതിസന്ധിക്ക് അമേരിക്ക ഉടന്‍ പരിഹാരം കാണണമെന്ന് ജി20 രാജ്യങ്ങളും ആവശ്യപ്പെട്ടിട്ടുണ്ട്. വാഷിങ്ടണില്‍ അംഗരാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും കേന്ദ്രബാങ്കുകളുടെ തലവന്മാരുടെയും യോഗത്തിന് ശേഷം പുറത്തിറക്കിയ പ്രഖ്യാപനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.