ന്യൂദല്‍ഹി: ഡോക്ടര്‍മാരുള്‍പ്പടെയുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെ നടക്കുന്ന അക്രമസംഭവങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഐ.എം.എ. ഇക്കാര്യമുന്നയിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കത്തയച്ചതായി ഐ.എം.എ വ്യക്തമാക്കി.
‘ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം രാജ്യത്ത് വര്‍ധിച്ചുവരികയാണ്. ആതുര സേവനത്തിന് തന്നെ ഇത് ഭീഷണിയായിക്കൊണ്ടിരിക്കുകയാണ്,’ ഐ.എം.എ കത്തില്‍ പറയുന്നു.
അസമില്‍ കൊവിഡ് രോഗി മരിച്ചതിന് ബന്ധുക്കള്‍ ഡോക്ടറെ മര്‍ദിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഐഎംഎ നടപടി. ഇത് തടയുന്നതിന് ശക്തവും കാര്യക്ഷമവും ആയ നിയമം വേണമെന്നും അമിത്ഷായ്ക്ക് അയച്ച കത്തില്‍ ഐ.എം.എ ആവശ്യപ്പെട്ടു.
‘മഹാമാരി കാലത്ത് ജനങ്ങള്‍ക്കായി നിലകൊള്ളുന്നവരാണ് രാജ്യത്തെ ഭൂരിഭാഗം വരുന്ന ആരോഗ്യപ്രവര്‍ത്തകരും. ഈ സമയത്ത് അവര്‍ക്ക് നേരെയുണ്ടാകുന്ന ഗുരുതരഭീഷണികള്‍ അംഗീകരിക്കാന്‍ കഴിയില്ല. രാജ്യത്തിന്റെ പലഭാഗത്തും ഇത്തരം അക്രമങ്ങള്‍ ദിവസവും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്’, ഐ.എം.എ വ്യക്തമാക്കി.