national news
കഞ്ചാവ് കേസില്‍ പിടിയിലായി ഐ.ഐ.ടി ബാബ; കൈവശമുണ്ടായിരുന്നത് കഞ്ചാവല്ല പ്രസാദമെന്ന് മൊഴി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Mar 03, 04:55 pm
Monday, 3rd March 2025, 10:25 pm

ജയ്പൂര്‍: കഞ്ചാവ് കൈവശം വെച്ചതിന് ഐ.ഐ.ടി ബാബ എന്ന അഭയ് സിങ് രാജസ്ഥാനില്‍ പിടിയില്‍. 1.50 ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. ശിപ്രപഥ് പൊലീസാണ് അഭയ് സിങ്ങിനെ അറസ്റ്റ് ചെയ്തത്. റിദ്ധി സിദ്ധി ക്ലാസിക് ഹോട്ടലില്‍ നിന്നാണ് ഐ.ഐ.ടി ബാബയെ പിടികൂടിയത്.

സംഭവത്തില്‍ 1985ലെ നാര്‍ക്കോട്ടിക് ഡ്രഗ്സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ട് പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിന് പിന്നാലെ തന്റെ കൈയില്‍ നിന്ന് പിടികൂടിയത് കഞ്ചാവല്ലെന്നും പ്രസാദമാണെന്നുമാണ് ഐ.ഐ.ടി ബാബ മൊഴി നല്‍കിയത്.

ഋഷിമാരുടെ കൈവശം കഞ്ചാവുണ്ടാകുമെന്നും അനധികൃതമാണെങ്കില്‍ മഹാ കുംഭമേളയില്‍ പങ്കെടുത്ത എല്ലാ ഋഷിമാരേയും അറസ്റ്റ് ചെയ്യണമെന്നും ഇയാള്‍ ആവശ്യപ്പെട്ടതായാണ് വിവരം. തുടര്‍ന്ന് അനുവദിനീയമായ അളവിലാണ് കഞ്ചാവ് കൈവശം വെച്ചതെന്ന് ചൂണ്ടിക്കാട്ടി പൊലീസ് ഇയാളെ വിട്ടയച്ചു.

ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറഞ്ഞ് സമൂഹ മാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചതിനെ തുടര്‍ന്നാണ് അഭയ് സിങ് താമസിച്ചിരുന്ന റിദ്ധി സിദ്ധി ക്ലാസിക് ഹോട്ടലില്‍ പൊലീസ് എത്തിയത്.

പിന്നാലെ ഇയാളുടെ റൂമില്‍ നിന്ന് കഞ്ചാവ് പിടികൂടുകയായിരുന്നു. പൊലീസിനെ കണ്ടയുടനെ താന്‍ കഞ്ചാവ് വലിച്ചിട്ടുണ്ടെന്ന് ഐ.ഐ.ടി ബാബ പറഞ്ഞതോടെയാണ് റൂമില്‍ പൊലീസ് പരിശോധന നടത്തിയത്.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശില്‍ വാര്‍ത്താ ചാനല്‍ ചര്‍ച്ചക്കിടെ ആക്രമിക്കപ്പെട്ടതായി ഐ.ഐ.ടി ബാബ ആരോപണം ഉയര്‍ത്തിയിരുന്നു. നോയിഡയിലെ സ്വകാര്യ ചാനലിന്റെ പരിപാടിക്കിടെ ആക്രമിക്കപ്പെട്ടെന്നാണ് ഐ.ഐ.ടി ബാബ ആരോപിച്ചത്.

കാവി വസ്ത്രധാരികളായ ചിലര്‍ ന്യൂസ് റൂമിലേക്ക് കയറി വന്ന് തന്നോട് മോശമായി പെരുമാറിയെന്നും വടികൊണ്ട് അടിച്ചെന്നുമാണ് അഭയ് സിങ് അവകാശപ്പെട്ടത്. തുടര്‍ന്ന് ഐ.ഐ.ടി ബാബ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തിരുന്നു. പിന്നാലെ സെക്ടര്‍ 126ലെ പൊലീസ് ഔട്ട്പോസ്റ്റിന് പുറത്ത് ഇയാള്‍ പ്രതിഷേധവും നടത്തിയിരുന്നു.

പൊലീസ് അനുനയത്തിന് ശ്രമിച്ചതോടെ ഐ.ഐ.ടി ബാബ പ്രതിഷേധത്തില്‍ നിന്ന് പിന്മാറുകയും ചെയ്തു. പിന്നീട് ഈ വിഷയത്തില്‍ തനിക്ക് കൂടുതല്‍ പരാതികളില്ലെന്ന് ഐ.ഐ.ടി ബാബ പറയുകയായിരുന്നു.

Content Highlight: IIT Baba arrested in ganja case