ദല്‍ഹിയിലെ വായു ഗുണനിലവാരത്തെക്കുറിച്ച് അറിയുന്നവര്‍ ഗുജറാത്തില്‍ അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യില്ല: ചിദംബരം
national news
ദല്‍ഹിയിലെ വായു ഗുണനിലവാരത്തെക്കുറിച്ച് അറിയുന്നവര്‍ ഗുജറാത്തില്‍ അരവിന്ദ് കെജ്‌രിവാളിന് വോട്ട് ചെയ്യില്ല: ചിദംബരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 8th November 2022, 5:16 pm

ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ദല്‍ഹിയിലെ വായുമലിനീകരണം അതിരൂക്ഷമായിരിക്കുന്ന പശ്ചാത്തലത്തിലാണ് വിമര്‍ശനം.

ഗുജറാത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് ചിദംബരം ദല്‍ഹിയിലെ വായു ഗുണനിലവാരത്തെ കുറിച്ച് പറഞ്ഞത്. ദല്‍ഹിയിലെ വായു ഗുണനിലവാരത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാമെങ്കില്‍ ഗുജറാത്തില്‍ അരവിന്ദ് കെജ്‌രിവാളിന് നിങ്ങള്‍ വോട്ട് ചെയ്യുകയില്ലെന്നും ചിദംബരം പറഞ്ഞു.

27 വര്‍ഷം ഗുജറാത്ത് ഭരിച്ച ബി.ജെ.പിക്കെതിരെയും ചിദംബരം ആരോപണങ്ങള്‍ ഉന്നയിച്ചു. സംസ്ഥാനങ്ങള്‍ക്ക് ഏക സിവില്‍ കോഡ് നടപ്പിലാക്കാന്‍ കഴിയില്ല. എന്നാല്‍ പാര്‍ലമെന്റ് നിയമ പ്രകാരം അവരത് നടപ്പിലാക്കും. കേന്ദ്ര ഏജന്‍സികള്‍ അറസ്റ്റ് ചെയ്ത ഭൂരിപക്ഷം ആളുകളും ബി.ജെ.പി ടാര്‍ഗറ്റ് ചെയ്തവരാണെന്നും ചിദംബരം പറഞ്ഞു.

അതേസമയം, കഴിഞ്ഞ ആഴ്ച വായുമലിനീകരണം ഒരു രാഷ്ട്രീയ പ്രശ്നമാക്കി മാറ്റരുതെന്ന് കെജ്‌രിവാള്‍ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാനിനൊപ്പം പറഞ്ഞിരുന്നു. ഇത് കുറ്റപ്പെടുത്താനുള്ള സമയമല്ല. ആം ആദ്മി പാര്‍ട്ടി വായുമലിനീകരണത്തിനെതിരെ ഒന്നിലധികം നടപടികള്‍ പഞ്ചാബില്‍ സ്വീകരിച്ചിട്ടുണ്ട്. അടുത്ത വര്‍ഷം മുതല്‍ അതിന്റെ ഫലം പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളില്‍ രണ്ട് ഘട്ടങ്ങളിലായാണ് ഗുജറാത്തില്‍ തെരഞ്ഞടുപ്പ് നടക്കുന്നത്. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍.

അതേസമയം, രാജ്യതലസ്ഥാനമായ ദല്‍ഹിയിലെ വായു ഗുണനിലവാരം താഴ്ന്നനിലയിലാണ്. വലിയതോതില്‍ സ്‌മോഗ് മൂടിയിരിക്കുകയാണ് ദില്ലിയില്‍. ദല്‍ഹി നഗരത്തില്‍ ശനിയാഴ്ച എയര്‍ ക്വാളിറ്റി ഇന്‍ഡക്സ് 431 ആയിരുന്നു.

Content Highlight: if you believe the air quality in Delhi, you’ll not vote for Arvind Kejriwal says P Chidambaram