ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക വാക്‌പോരു കടുക്കുന്നു. ഇറാനെതിരായ പ്രസ്താവനകള്‍ തന്നെ നേരിട്ട് അഭിസംബോധന ചെയ്തു പറയണമെന്ന പ്രസ്താവനയുമായി മുന്നോട്ടു വന്നിരിക്കുകയാണ് ഇറാന്‍ റെവല്യൂഷനറി ഗാര്‍ഡിലെ കമാന്‍ഡര്‍. മേജര്‍ ജനറല്‍ ഖസീം സുലൈമാനിയാണ് നിശാ ക്ലബുകളിലും ചൂതാട്ട സദസ്സുകളിലും ഉപയോഗിക്കുന്ന ഭാഷയുമായി വരരുതെന്നാണ് ട്രംപിനോട് പറയുന്നത്.
“ഒരു സൈനികനെന്ന നിലയില്‍ നിങ്ങളുടെ ഭീഷണികള്‍ക്ക് മറുപടി നല്‍കുക എന്നത് എന്റെ കര്‍ത്തവ്യമാണ്. ഭീഷണിയുടെ സ്വരത്തിലാണ് നിങ്ങള്‍ സംസാരിക്കാന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ പ്രസിഡന്റിനോടല്ല, എന്നോടു സംസാരിക്കൂ. നിങ്ങളോടു പ്രതികരിക്കാന്‍ അദ്ദേഹത്തിന്റെ ഔന്നത്യം അദ്ദേഹത്തെ അനുവദിക്കില്ല.” സുലൈമാനി പറഞ്ഞതായി ഇറാനിയന്‍ വാര്‍ത്താ ഏജന്‍സിയായ തസ്‌നിം ന്യൂസ് റിപ്പോര്‍ട്ടു ചെയ്യുന്നു.
ഇറാനുമായി യുദ്ധം പ്രഖ്യാപിക്കും എന്ന വെല്ലുവിളി നിര്‍ത്താനും അതിനു സാധ്യമല്ലെങ്കില്‍ ഇറാന്റെ ഭാഗത്തുനിന്നുമുണ്ടായേക്കാവുന്ന നിശിതമായ പ്രതികരണങ്ങള്‍ക്ക് ഒരുങ്ങിക്കൊള്ളാനും അമേരിക്കയോടാവശ്യപ്പെടുന്നതായിരുന്നു സുലൈമാനിയുടെ പ്രസ്താവന.
Also Read: ജിന്ന സ്വപ്‌നം കണ്ട പാകിസ്താനാണ് ലക്ഷ്യം: ഇമ്രാന്‍ ഖാന്‍
“നിങ്ങള്‍ക്കു ചിന്തിക്കാന്‍ സാധിക്കുന്നതിനേക്കാളധികം അടുത്താണ് ഞങ്ങള്‍. വരൂ, ഞങ്ങള്‍ തയ്യാറാണ്. നിങ്ങള്‍ യുദ്ധം തുടങ്ങിയാല്‍, ആ യുദ്ധം അവസാനിപ്പിക്കുന്നത് ഞങ്ങളായിരിക്കും. ഈ യുദ്ധം നിങ്ങള്‍ക്കുള്ളതെല്ലാം നശിപ്പിക്കും” ജനറല്‍ പറയുന്നു.
എന്നാല്‍, അമേരിക്കന്‍ സൈന്യത്തിന്റെ ശക്തിയും വ്യാപ്തിയും ഇറാനു നന്നായി അറിയാമെന്നും സുലൈമാനിയുടെ ആവേശോജ്ജ്വലമായ വാക്കുകള്‍ പൊള്ളയായ പ്രഖ്യാപനങ്ങള്‍ മാത്രമാണെന്നും ഇസ്രാഈല്‍ ഊര്‍ജ്ജ മന്ത്രി യുവാല്‍ സ്റ്റെയ്‌നിറ്റ്‌സ് പറയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലായി ഇരു രാജ്യങ്ങളും ശക്തമായ വാക്‌പോരില്‍ ഏര്‍പ്പെട്ടിരിക്കുകയാണ്. അമേരിക്കന്‍ ഉപരോധം “എല്ലാ യുദ്ധങ്ങളുടെയും മാതാവെ”ന്നു വിശേഷിപ്പിക്കാവുന്നത്ര ഭീകരമായ യുദ്ധത്തിലേക്ക് നയിച്ചേക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് ഹസന്‍ റൂഹാനി പറഞ്ഞിരുന്നു. ഇതിനു മറുപടിയായി, അമേരിക്കയെ ഭീഷണിപ്പെടുത്താന്‍ ഒരിക്കലും മുതിരരുതെന്ന് ട്രംപും പ്രതികരിച്ചിരുന്നു.