ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരായ വിജയത്തിന് പിന്നാലെയാണ് ഇന്ത്യ സെമി ഫൈനലിന് ടിക്കറ്റെടുത്തത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചുകയറിയത്. ഇന്ത്യയോടേറ്റ ഈ പരാജയത്തിന് പിന്നാലെ പാകിസ്ഥാന്‍ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തിരുന്നു.
ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരെന്ന പേരും പെരുമയുമായെത്തി, ഒറ്റ മത്സരം പോലും വിജയിക്കാന്‍ സാധിക്കാതെയാണ് പാകിസ്ഥാന്‍ ടൂര്‍ണമെന്റിനോട് വിട പറഞ്ഞത്.
എന്നാല്‍ ഇന്ത്യയ്‌ക്കെതിരായ തോല്‍വി അംഗീകരിക്കാന്‍ വിസമ്മതിക്കുകയാണ് മുന്‍ പാക് സൂപ്പര്‍ താരം സാഖ്‌ലൈന്‍ മുഷ്താഖ്.
ഇന്ത്യ മികച്ച ടീമാണെങ്കില്‍ പാകിസ്ഥാനെതിരെ കളത്തിലിറങ്ങാന്‍ തയ്യാറാകണമെന്നും അപ്പോള്‍ ഇന്ത്യയാണോ പാകിസ്ഥാനാണോ മികച്ചതെന്ന് വ്യക്തമാകുമെന്നും മുഷ്താഖ് പറഞ്ഞു.
‘രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിനിര്‍ത്തിയാല്‍ ഇന്ത്യ ഒരു മികച്ച ടീമെന്ന് സമ്മതിച്ചുതരുന്നതില്‍ എനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. ഇന്ത്യന്‍ നിരയില്‍ മികച്ച താരങ്ങളുണ്ട്, അവര്‍ മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.
നിങ്ങള്‍ അത്രയും മികച്ച ടീമാണെങ്കില്‍ പത്ത് ടെസ്റ്റും പത്ത് ഏകദിനങ്ങളും പത്ത് ടി-20യും പാകിസ്ഥാനെതിരെ കളിക്കൂ. അപ്പോള്‍ എല്ലാം തന്നെ വ്യക്തമാകും,’ മുഷ്താഖ് പറഞ്ഞു.
പാകിസ്ഥാന്‍ ക്രിക്കറ്റില്‍ കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ഒരുപാട് മാറ്റങ്ങളുണ്ടായെന്നും എന്നാല്‍ മോശം പ്രകടനം അതുപോലെ തന്നെ നില്‍ക്കുന്നുവെന്നും മുഷ്താഖ് വിമര്‍ശിച്ചു.
മാറ്റങ്ങള്‍ ശരിയായ രീതിയിലാണ് ഉണ്ടാകണ്ടതെന്നും അപ്പോള്‍ ഇന്ത്യയെപ്പോലുള്ളവരെ പരാജയപ്പെടുത്താന്‍ പോന്ന ടീമായി പാകിസ്ഥാന്‍ മാറുമെന്നും സാഖ്‌ലൈന്‍ മുഷ്താഖ് കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് ഘട്ട മത്സരം കളിക്കുകയാണ്. ന്യൂസിലാന്‍ഡാണ് എതിരാളികള്‍. ഈ മത്സരത്തില്‍ വിജയിക്കുന്ന ടീം ഗ്രൂപ്പ് ചാമ്പ്യന്‍മാരാകും.
Content Highlight: If you are a good team play 10 ODIs, T20s and Tests against Pakistan, Former Pakistan star Saqlain Mushtaq challenges India