കോപം അകറ്റിനിര്‍ത്തിയാല്‍ കോഹ്‌ലിയുടെ ബാറ്റിങ്ങില്‍ വലിയ മാറ്റം കൊണ്ടുവരാന്‍ സാധിക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ താരം ഇന്‍സമാം ഉള്‍ഹക്ക്. ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ ഒന്നാം ഇന്നിംഗ്സില്‍ കോഹ്‌ലി 42 റണ്‍സ് നേടി പുറത്തായതിനു പിന്നാലെയാണ് ഇന്‍സമാം ഉള്‍ഹക്കിന്റെ പ്രതികരണം പുറത്ത് വന്നത്. ഒലി റോബിന്‍സിന്റെ പന്തിലാണ് കോഹ്‌ലി പുറത്തായത്.
39-40 എന്ന നിലയില്‍ ആയിരുന്നു കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ്. ദേഷ്യമാണ് അതിന് കാരണം. കോഹ്‌ലിയുടെ പ്രകടനം മികച്ചതായിരുന്നില്ലെന്നും അദ്ദേഹത്തിന്റെ സ്ഥിരശൈലിയില്‍ നിന്നും വത്യസ്തമായാണ് കഴിഞ്ഞ ദിവസം കളിച്ചതെന്നും ഇന്‍സമാം പറഞ്ഞു.
ഒന്നാം ടെസ്റ്റില്‍ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാതെ പോയതുകൊണ്ടാവാം അദ്ദേഹത്തിന് ദേഷ്യം വര്‍ധിച്ചത്. എന്നാല്‍ ഒന്നോ രണ്ടോ പരാജയങ്ങള്‍കൊണ്ട് കോഹ്‌ലിയെ പോലെയുള്ള ഒരു താരത്തെ തളര്‍ത്താന്‍ സാധിക്കില്ല. നൂറ് പന്തില്‍ 65-70 റണ്‍സ് നേടിയാല്‍ തന്നെ അത് അദ്ദേഹത്തിന്റെ ആന്മവിശ്വാസം വര്‍ധിപ്പിക്കുമെന്നും ഇന്‍സമാം അഭിപ്രായപ്പെട്ടു.
രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സാണ് നേടിയത്. ഒപ്പണര്‍ കെ.എല്‍ രാഹുല്‍ പുറത്താകാതെ നേടിയ 129 റണ്‍സും രോഹിത് ശര്‍മയുടെ 83 റണ്‍സുമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. അഞ്ച് ടെസ്റ്റകളാണ് പരമ്പരയില്‍ ഉള്ളത്.