എ.ഐ.സി.സി ജനറൽ സെക്രട്ടറിയും രാജസ്ഥാനിൽ നിന്നുള്ള രാജ്യസഭാ എം.പിയുമായ കെ.സി. വേണുഗോപാൽ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നാണ് സൂചന. 2026ൽ മാത്രം കാലാവധി അവസാനിക്കുന്ന അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ് ഇതോടുകൂടി കോൺഗ്രസിന് നഷ്ടമായേക്കും.
സമാനമാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലും ബി.ജെ.പി രണ്ടാം സ്ഥാനത്ത് വന്ന പാലക്കാട് നിയോജക മണ്ഡലം വിട്ട് ഷാഫി പറമ്പിൽ എം.എൽ.എ വടകര ലോക്സഭാ മണ്ഡലത്തിൽ മത്സരിക്കുമെന്ന വാർത്തയും.
കെ.സി. വേണുഗോപാൽ കാലാവധി അവസാനിക്കാതെ രാജ്യസഭാംഗത്വം രാജിവെക്കുന്നതോടെ ഉപതെരഞ്ഞെടുപ്പ് സംജാതമാകും. രാജസ്ഥാനിലെ നിയമസഭാ സീറ്റുകളുടെ എണ്ണം രാജ്യസഭാ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നതിനാൽ ഈ സീറ്റ് കോൺഗ്രസ് നിലനിർത്തുന്നതിനുള്ള സാധ്യത വിരളമാണ്.
2018 രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ആകെയുള്ള 200 സീറ്റുകളിൽ 99ഉം കോൺഗ്രസ് നേടിയിരുന്നു. ബി.ജെ.പി 73 സീറ്റുകളും. എന്നാൽ അഞ്ച് വർഷങ്ങൾക്കിപ്പുറം, 2023 നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് 69 സീറ്റുകളിലേക്ക് ചുരുങ്ങിയപ്പോൾ ബി.ജെ.പി 115ലേക്കാണ് ഉയർന്നത്.
രാജസ്ഥാനില്‍ ബി.ജെ.പിയുടെ സിറ്റിങ് എം.പിമാരും ലോക്‌സഭാ മത്സരത്തിന് ഒരുങ്ങുന്നുണ്ടെന്നും അതിനാല്‍ കോണ്‍ഗ്രസിന് സീറ്റ് നഷ്ടമാകില്ല എന്നുമാണ് മറുവാദം. എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ സീറ്റ് ഉറപ്പിക്കാന്‍ കോണ്‍ഗ്രസിന് അല്പമെങ്കിലും വിയര്‍ക്കേണ്ടി വരും. ഹിമാചല്‍ പ്രദേശിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നമുക്ക് മുന്നിലുള്ള ഉദാഹരണമാണല്ലോ. ഹിമാചലില്‍ 68 അംഗ നിയമസഭയില്‍ വെറും 25 എം.എല്‍.എമാര്‍ മാത്രം ഉണ്ടായിട്ടും ബി.ജെ.പി രാജ്യസഭാ സീറ്റ് നേടി.
ആറ് കോണ്‍ഗ്രസ് എം.എല്‍.എമാരും സര്‍ക്കാരിനെ പിന്തുണക്കുന്ന മൂന്ന് സ്വതന്ത്രരും ബി.ജെ.പിക്ക് വോട്ട് ചെയ്തതോടെ ഹിന്ദി ഹൃദയഭൂമിയില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന ഒരേയൊരു സംസ്ഥാനവും ആശങ്കയുടെ നിഴലിലാണ്.
പിന്നെ രാജസ്ഥാനില്‍ എങ്ങനെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാന്‍ സാധിക്കുക.
ഈ വർഷം ഏപ്രിൽ മൂന്നിന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് (കോൺഗ്രസ്), കേന്ദ്രമന്ത്രി ഭൂപേന്ദ്ര യാദവ് (ബി.ജെ.പി), നിലവിൽ രാജസ്ഥാൻ മന്ത്രിയായ കിരോരി ലാൽ മീണ (ബി.ജെ.പി) എന്നിവരുടെ കാലാവധി അവസാനിക്കുകയാണ്. രാജസ്ഥാൻ നിയമസഭ തെരഞ്ഞെടുപ്പിൽ സവായ് മധോപൂരിൽ നിന്ന് തിരൂരി ലാൽമീണ വിജയിച്ചതിനാൽ രാജ്യസഭാ എം.പി സ്ഥാനം രാജിവെച്ചു.
മൻമോഹൻ സിങ്ങിന്റെ സീറ്റിലേക്ക് സോണിയ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. സോണിയയെ കൂടാതെ ബി.ജെ.പിയുടെ ചുന്നിലാൽ ഗരാസിയ, മദൻ റാത്തോർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.