ഭോപ്പാല്‍: ബി.ജെ.പി നേതാക്കള്‍ സൗജന്യമായി പണവുമായി സമീപിച്ചാല്‍ സ്വീകരിക്കാന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരോട് പറഞ്ഞിട്ടുണ്ടെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥ്. തന്റെ സര്‍ക്കാരിന് കാലാവധി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
‘എന്നോട് എം.എല്‍.എമാര്‍ പണം വാഗ്ദാനം ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞാല്‍ അവര്‍ (ബി.ജെ.പി) മറ്റ് ഉപാധികളൊന്നും വെച്ചിട്ടില്ലെങ്കില്‍ വാങ്ങിക്കോളാനാണ് പറയുക’, കമല്‍നാഥ് പറഞ്ഞു.
നേരത്തെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എം.പിയുമായ ദിഗ്‌വിജയ് സിംഗ് സര്‍ക്കാരിനെ താഴെയിറക്കാന്‍ ബി.ജെ.പി ശ്രമിക്കുന്നുണ്ടെന്ന ആരോപണവുമായി രംഗത്തെത്തിയിരുന്നു.
മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ മുഖ്യമന്ത്രിയാകാനും നരോത്തം മിശ്ര ഉപമുഖ്യമന്ത്രിയാകാനും ആഗ്രഹിക്കുന്നു,സംസ്ഥാനം 15 വര്‍ഷമായി കൊള്ളയടിച്ചവര്‍ 25 മുതല്‍ 35 കോടി വരെ നല്‍കാമെന്ന് പറഞ്ഞ് കോണ്‍ഗ്രസ് എംഎല്‍എ മാരെ വശീകരിക്കുകയാണെന്നായിരുന്നു ദിഗ് വിജയ് സിംഗ് പറഞ്ഞത്.
ആദ്യഗഡു വായി അഞ്ച് കോടി നല്‍കും രണ്ടാമത്തെ ഗഡു രാജ്യസഭാ നോമിനേഷന് ശേഷവും അവസാനത്തെ ഗഡു സര്‍ക്കാരിനെ താഴെയിറക്കിയ ശേഷവും ഇങ്ങനെയാണ് വാഗ്ദാനം എന്നാണ് ദിഗ് വിജയ് സിംങ് പറഞ്ഞത്.