പാട്ന: ഇന്ത്യ-പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമുകളുടെ മത്സരവുമായി ബന്ധപ്പെട്ട ബി.സി.സി.ഐയുടെ തീരുമാനത്തിനെതിരെ ആര്‍.ജെ.ഡി നേതാവും ബീഹാര്‍ മുന്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനൊപ്പം ബിരിയാണി പങ്കിട്ട് കഴിക്കാമെങ്കില്‍ ഇന്ത്യ-പാക് ടീമുകളുടെ മത്സരം ഇന്ത്യയില്‍ നടത്താമെന്ന് തേജസ്വി പറഞ്ഞു.
ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്നും തേജസ്വി യാദവ് പറഞ്ഞു. നിക്ഷ്പക്ഷ വേദികളില്‍ മാത്രം പാകിസ്ഥാനെതിരെ ഇന്ത്യ മത്സരിക്കുകയുള്ളുവെന്ന ബി.സി.സി.ഐയുടെ തീരുമാനത്തിനെതിരെയാണ് ആര്‍.ജെ.ഡി നേതാവിന്റെ പ്രതികരണം.
പരസ്പരം ഇരുടീമുകളും രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം സന്ദര്‍ശനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ മെച്ചപ്പെടുത്തുമെന്നും തേജ്വസി യാദവ് പറഞ്ഞു.
നരേന്ദ്ര മോദിക്കാവാമെങ്കില്‍ എന്തുകൊണ്ട് മറ്റുള്ളവര്‍ക്ക് പറ്റില്ല എന്ന ചോദ്യവും തേജസ്വി മുന്നോട്ടുവെച്ചു. 2015ല്‍ നവാസ് ഷെരീഫിന്റെ പേരക്കുട്ടിയുടെ വിവാഹത്തോട് അനുബന്ധിച്ച് മോദി ലാഹോറില്‍ അപ്രതീക്ഷിതമായി സന്ദര്‍ശനം നടത്തിയ സംഭവത്തെ ഉദ്ധരിച്ചായിരുന്നു തേജസ്വിയുടെ വിമര്‍ശനം.
മുന്‍ ക്രിക്കറ്റ് താരം എന്ന നിലയില്‍ കൂടിയാണ് കാണികള്‍ ഉറ്റുനോക്കുന്ന മത്സരങ്ങള്‍ക്കിടെ ഇത്തരത്തില്‍ രാഷ്ട്രീയം കലര്‍ത്തരുതെന്ന് ആവശ്യപ്പെടുന്നതെന്നും തേജസ്വി പറഞ്ഞു. സ്‌പോര്‍ട്‌സിനെ കായികമായി കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എല്ലാവര്‍ക്കും ഒളിമ്പിക്‌സില്‍ പങ്കെടുക്കാമെങ്കില്‍ ഇന്ത്യന്‍ ടീമിന് പാകിസ്ഥാനില്‍ പോയി മത്സരിക്കുന്നതില്‍ എന്താണ് തെറ്റുള്ളതെന്നും തേജസ്വി ചോദിച്ചു.
പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന ചാമ്പ്യന്‍സ് ട്രോഫി 2025നെ സംബന്ധിച്ചുള്ളതാണ് ബി.സി.സി.ഐയുടെ നിര്‍ണായക തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ പാകിസ്ഥാനില്‍ പോകാന്‍ കഴിയില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ പറഞ്ഞിരുന്നു.
ജാര്‍ഖണ്ഡ് സംസ്ഥാന ക്രിക്കറ്റ് ടീമിനായി കളിക്കുകയും ഡല്‍ഹി ഡെയര്‍ഡെവിള്‍സ് ( ഡല്‍ഹി ക്യാപിറ്റല്‍സ്) ഫ്രാഞ്ചൈസിയില്‍ കരാര്‍ നേടുകയും ചെയ്ത വ്യക്തിയാണ് തേജസ്വി യാദവ്. ഇക്കാരണത്താല്‍ തന്നെ തേജസ്വിയുടെ പ്രതികരണത്തിന് രാഷ്ട്രീയേതരമായ പ്രാധാന്യമുണ്ട്.
2025 ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 9 വരെയാണ് ചാമ്പ്യന്‍സ് ട്രോഫി ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ബി.സി.സി.ഐയുടെ തീരുമാനത്തോടെ ചാമ്പ്യന്‍സ് ട്രോഫി നടപടിക്രമങ്ങള്‍ പ്രതിസന്ധിയിലാണ്.
Content Highlight: If Modi can go and eat biryani, indian cricket team can go and play in Pakistan: Tejashwi Yadav