ന്യൂദല്‍ഹി: കൊവിഡിനെതിരെ റഷ്യയില്‍ വികസിപ്പിച്ച വാക്‌സിനായ സ്ഫുടിനിക് 5 ഇന്ത്യയിലെത്തിക്കാന്‍ ശ്രമമെന്ന് ഐ.സി.എം.ആര്‍. വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ച് റഷ്യയുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും ഐ.സി.എം.ആര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
‘സ്ഫുട്‌നിക് 5 വാക്‌സിന്‍ എത്തിക്കുന്നത് സംബന്ധിച്ചും ആലോചനകള്‍ നടക്കുന്നുണ്ട്. ഇന്ത്യയും റഷ്യയും തമ്മില്‍ ആശയവിനിമയം നടത്തുന്നുണ്ട്. ചില പ്രാഥമിക വിവരങ്ങള്‍ ഇത് സംബന്ധിച്ച് കൈമാറിയിട്ടുമുണ്ട്,’ കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മൂന്ന് വാക്‌സിനുകള്‍ ഇന്ത്യയില്‍ പരീക്ഷണ സജ്ജമെന്നും മന്ത്രാലയം അറിയിച്ചു.
അതേസമയം രോഗം വന്ന് മാറിയവര്‍ക്ക് കൊവിഡ് വീണ്ടും വരാനുള്ള സാധ്യത അപൂര്‍വ്വമാണ്. രോഗിയുടെ പ്രതിരോധ ശേഷിയനുസരിച്ചാണ് വീണ്ടും വരാനുള്ള സാധ്യതയെന്നും ഐ.സി.എം.ആര്‍ അറിയിച്ചു.
ആളുകള്‍ കാണിക്കുന്ന അശ്രദ്ധയാണ് രാജ്യത്ത് കൊവിഡ് വര്‍ധിച്ചു കൊണ്ടേയിരിക്കുന്നതിന് കാരണം. ആളുകള്‍ പലപ്പോളും നിരുത്തരവാദപരമായാണ് പ്രവര്‍ത്തിക്കുന്നതെന്നും പലരും മാസ്‌ക് ധരിക്കാതെയുമാണ് നടക്കുന്നതെന്നും ഐ.സി.എം.ആര്‍ പറഞ്ഞു.
റഷ്യയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ വാണിജ്യാടിസ്ഥാനത്തില്‍ നിര്‍മിക്കാന്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഓഗസ്റ്റ് മാസം അവസാനത്തോടെ വാക്‌സിന്‍ ജനങ്ങളിലേക്കെത്തിക്കുമെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ വാക്സിന്‍ രജിസ്റ്റര്‍ ചെയ്തതായും തന്റെ മകള്‍ ആദ്യത്തെ കൊവിഡ് വാക്സിന്‍ എടുത്തതായും റഷ്യന്‍ പ്രസിഡന്റ് വ്ളാദിമര്‍ പുടിന്‍ പറഞ്ഞിരുന്നു.
ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്‌സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും വ്‌ളാദിമര്‍ പുടിന്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം ഒാക്‌സഫോര്‍ഡ് സര്‍വ്വകലാശാലയുമായി ബന്ധപ്പെട്ട് നിര്‍മിക്കുന്ന വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടന്ന് കൊണ്ടിരിക്കുകയാണ്.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക