Kerala News
ടൂറിസം മേഖലകളിലെ ഡ്രൈ ഡേ ഒഴിവാക്കി; പുതിയ മദ്യനയത്തിന് അംഗീകാരം
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 10, 03:16 am
Thursday, 10th April 2025, 8:46 am

തിരുവനന്തപുരം: ടൂറിസം മേഖലകളിലെ ഡ്രൈ ഡേ ഒഴിവാക്കിക്കൊണ്ടുള്ള പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ അംഗീകാരം. ഇതനുസരിച്ച് ത്രീ സ്റ്റാറിന് മുകളിലുള്ള ഹോട്ടലുകൾക്ക് ഇനി മുതൽ ഡ്രൈ ഡേയിൽ മദ്യം നൽകാം. ഇന്നലെ (ബുധനാഴ്ച) ചേർന്ന മന്ത്രിസഭാ യോഗമാണ് മദ്യനയത്തിന് അനുമതി നൽകിയത്.

വിവാഹം, അന്തർദേശീയ കോൺഫറൻസ് എന്നിവ സംഘടിപ്പിക്കുന്ന ഹോട്ടലുകൾക്കാണ് ഇളവ്. മദ്യം നൽകുന്നതിന് ചടങ്ങുകൾ മുൻകൂട്ടി കാണിച്ച് എക്സൈസ് കമ്മീഷണറുടെ അനുമതി വാങ്ങണം. ത്രീസ്റ്റാറിന് മുകളിലേക്കുള്ള ഹോട്ടലുകൾ, ഹെറിറ്റേജ്, ക്ലാസിക് റിസോർട്ടുകൾ, പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള യാനങ്ങൾ എന്നിവയ്ക്കാണ് അനുമതി ലഭിച്ചിരിക്കുന്നത്.

ഡ്രൈ ഡേയിൽ മദ്യം വിളമ്പുന്നതിനായി 50 ,000 രൂപ നൽകി പ്രത്യേക ഏക ദിന പെർമിറ്റ് എടുക്കണം. പെർമിറ്റ് ലഭിക്കുന്നതിനായി ഏഴ് ദിവസം മുമ്പ് അപേക്ഷിക്കണം. ഒന്നാം തീയതിയിലെ ഡ്രൈ ഡേയിൽ മാത്രമാണ് ഇളവ്. മറ്റു ഡ്രൈ ഡേകളിൽ മദ്യം വിൽക്കാൻ അനുമതിയില്ല. നിലവിൽ ബാർ ലൈസൻസ് ഇല്ലാത്ത ഹോട്ടലുകൾക്കും ഈ ആവശ്യത്തിനായി ഒറ്റ ദിവസത്തേക്കു ലൈസൻസ് എടുക്കാം. ഇന്ത്യൻ റജിസ്‌റ്റർ ഓഫ് ഷിപ്പിങ് (ഐ.ആർ.എസ്) ക്ലാസിഫിക്കേഷനിൽ ഉൾപ്പെട്ട ടൂറിസം കപ്പലുകൾക്കെല്ലാം മദ്യം വിളമ്പാനുള്ള ലൈസൻസ് വാർഷികാടിസ്ഥാനത്തിൽ നൽകും.

പാലക്കാട് എലപ്പുള്ളിയിലേതുപോലെ കൂടുതൽ മദ്യനിർമാണ യൂണിറ്റുകൾ തുടങ്ങാനും മദ്യനയത്തിൽ വ്യവസ്ഥയുണ്ട്. സ്പിരിറ്റ് നിർമാണ യൂണിറ്റുകൾ, ബ്രൂവറി, ഡിസ്റ്റിലറി എന്നിവ തുടങ്ങാം. ഹോർട്ടി വൈനുകൾ ബിവറേജസ് വഴി മാത്രമേ വിൽക്കാവൂ എന്ന വ്യവസ്ഥയിലും ഇളവുനൽകിയിട്ടുണ്ട്.

ലക്ഷദ്വീപിലേക്ക് മദ്യം കയറ്റിയയയ്ക്കാൻ ബിവറേജസ് കോർപ്പറേഷന് അനുമതി നൽകിയിട്ടുണ്ട്. കയറ്റുമതിചെയ്യുന്ന മദ്യത്തിനുള്ള നികുതി കൂട്ടും. ഒപ്പം ബിവറേജസ് മദ്യക്കുപ്പികളിൽ ക്യൂ.ആർ കോഡ് നിർബന്ധമാക്കുകായും ചെയ്യും.

കൂടാതെ ബാറുകളുടെ പാർട്‌ണർഷിപ്പും ഡയറക്ടർബോർഡും പുനഃസംഘടിപ്പിക്കാൻ എക്സൈസിന്റെ മുൻകൂർ അനുമതി വേണ്ടായെന്നും ഒരുമാസത്തിനുള്ളിൽ അറിയിച്ചാൽ മതിയെന്നും പുതിയ മദ്യനയത്തിൽ പറയുന്നു. എന്നാൽ ഒരുമാസത്തിനുള്ളിൽ അറിയിക്കുന്നതിൽ കൃത്യത പാലിച്ചില്ലെങ്കിൽ പിഴചുമത്തും. അതേസമയം ബാറുകളുടെ പ്രവർത്തനസമയം രാത്രി ഒരു മണിക്കൂർകൂടി കൂട്ടണമെന്ന ശുപാർശ അംഗീകരിച്ചില്ല.

കൂടാതെ വ്യവസായ-ഐടി പാർക്കുകളിൽ മദ്യം വിളമ്പാൻ അനുമതി ലഭിക്കും. ഇത് മുൻ മദ്യനയത്തിൽ പ്രഖ്യാപിച്ചതാണെങ്കിലും ചട്ടമുണ്ടാക്കാത്തതിനാൽ ഇതുവരെ തുടങ്ങിയിരുന്നില്ല. ഐ.ടി പാർക്കുകളിലെ മദ്യശാലാനടത്തിപ്പ് പുറംകരാർ നൽകാൻ തീരുമാനിച്ചത് വിവാദമായിരുന്നു. ഇതിൽ അന്തിമ തീരുമാനമായിട്ടില്ല.

 

Content Highlight: Dry days in tourism areas eliminated; new liquor policy approved