Advertisement
Sports News
അരങ്ങേറ്റത്തില്‍ ഹാട്രിക്കടക്കം അഞ്ച് റണ്‍സിന് അഞ്ച് വിക്കറ്റ്; വെറും 2.5 ഓവറില്‍ വിജയിച്ചത് ലോകകപ്പ് മത്സരം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Jan 21, 11:28 am
Tuesday, 21st January 2025, 4:58 pm

അണ്ടര്‍ 19 വനിതാ ടി-20 ലോകകപ്പ് മത്സരത്തില്‍ മലേഷ്യയ്ക്കരെതിരെ പടുകൂറ്റന്‍ വിജയവുമായി ഇന്ത്യ. കോലാലംപൂരില്‍ നടന്ന മത്സരത്തില്‍ പത്ത് വിക്കറ്റിന്റെ ഗംഭീര വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. സൂപ്പര്‍ താരം വൈഷ്ണവി ശര്‍മയുടെ പ്രകടനത്തിന്റെ ബലത്തിലാണ് ഇന്ത്യ മികച്ച വിജയം സ്വന്തമാക്കിയത്.

മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിക്കി പ്രസാദ് എതിരാളികളെ ബാറ്റിങ്ങിനയച്ചു.

ക്യാപ്റ്റന്റെ തീരുമാനം ശരിവെച്ച് ഇന്ത്യയുടെ ഭാവി താരങ്ങള്‍ പന്തെറിഞ്ഞപ്പോള്‍ മലേഷ്യ വെറും 31 റണ്‍സിന് ഓള്‍ ഔട്ടായി. മലേഷ്യന്‍ നിരയില്‍ ഒരാള്‍ക്ക് പോലും ഇരട്ടയക്കം കാണാന്‍ സാധിച്ചില്ല. അഞ്ച് റണ്‍സ് വീതം നേടിയ വിക്കറ്റ് കീപ്പര്‍ നൂര്‍ അലിയയും ഹുസ്‌നയുമാണ് ടോപ് സ്‌കോറര്‍.

അരങ്ങേറ്റ മത്സരത്തില്‍ തന്നെ ഹാട്രിക് അടക്കം അഞ്ച് വിക്കറ്റ് നേടിയ വൈഷ്ണവി ശര്‍മയുടെ കരുത്തിലാണ് ഇന്ത്യ എതിരാളികളെ കുഞ്ഞന്‍ സ്‌കോറില്‍ തളച്ചത്. നാല് ഓവറും പന്തെറിഞ്ഞ വൈഷ്ണവി വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്താണ് ഫൈഫര്‍ സ്വന്തമാക്കിയത്.

ക്യാപ്റ്റന്‍ നൂര്‍ ദനിയയെ ഇന്ത്യന്‍ ക്യാപ്റ്റന്‍ നിക്കി പ്രസാദിന്റെ കൈകളിലെത്തിച്ചാണ് വൈഷ്ണവി വിക്കറ്റ് വേട്ട ആരംഭിച്ചത്. ശേഷം നൂരിമാനെ ക്ലീന്‍ ബൗള്‍ഡാക്കി രണ്ടാം വിക്കറ്റും സ്വന്തമാക്കി.

18 പന്തില്‍ മൂന്ന് റണ്‍സ് നേടി ഐനിനെ വിക്കറ്റിന് മുമ്പില്‍ കുടുക്കി പുറത്താക്കിയാണ് വൈഷ്ണവി ഹാട്രിക്കിലേക്ക് കാലെടുത്ത് വെച്ചത്. പിന്നാലെയെത്തിയ നൂര്‍ ഇസ്മ ദനിയയെയും താരം എല്‍.ബി.ഡബ്ല്യൂവില്‍ കുടുക്കി. പിന്നാലെയെത്തിയ നസ്വയെ ക്ലീന്‍ ബൗള്‍ഡാക്കിയാണ് താരം തന്റെ ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്.

വൈഷ്ണവിക്ക് പുറമെ ആയുഷി ശുക്ല മൂന്ന് വിക്കറ്റുമായി തിളങ്ങി. എതിരാളികളില്‍ ഒരാള്‍ റണ്‍ ഔട്ടായപ്പോള്‍ ജ്യോതിഷ വി.ജെ ഇന്ത്യയ്ക്കായി ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.

32 റണ്‍സിന്റെ ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 2.5 ഓവറില്‍ വിജയലക്ഷ്യം മറികടന്നു. ഇന്ത്യയ്ക്കായി തൃഷ ഗോംഗാഡി 12 പന്തില്‍ 27 റണ്‍സടിച്ചപ്പോള്‍ കമാലിനി ജി. അഞ്ച് പന്തില്‍ നാല് റണ്‍സും നേടി പുറത്താകാതെ നിന്നു.

ഈ വിജയത്തിന് പിന്നാലെ ഗ്രൂപ്പ് എ സ്റ്റാന്‍ഡിങ്‌സില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച രണ്ട് മത്സരത്തിലും വിജയിച്ചാണ് ഇന്ത്യ ഒന്നാമതെത്തിയത്. രണ്ട് മത്സരം വിജയിച്ച് ശ്രീലങ്കയാണ് രണ്ടാമത്. മികച്ച റണ്‍ റേറ്റാണ് ഇന്ത്യയെ ഒന്നാമതെത്തിച്ചത്.

ഇനി അപരാജിതരുടെ പോരാട്ടത്തിനാണ് ഗ്രൂപ്പ് എ സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങുന്നത്. ജനുവരി 23നാണ് ഇന്ത്യ – ശ്രീലങ്ക മത്സരം. കോലാലംപൂര്‍ തന്നെയാണ് വേദി.

 

 

Content Highlight: ICC Women’s U19 World Cup, Vaishnavi Sharma picks 5 Wickets, India defeated Malesia