ബംഗ്ലാദേശിന് തിരിച്ചടി; സ്റ്റാര്‍ ബൗളര്‍ക്ക് ശിക്ഷ വിധിച്ച് ഐ.സി.സി
Sports News
ബംഗ്ലാദേശിന് തിരിച്ചടി; സ്റ്റാര്‍ ബൗളര്‍ക്ക് ശിക്ഷ വിധിച്ച് ഐ.സി.സി
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 19th June 2024, 2:35 pm

നിലവില്‍ ബംഗ്ലാദേശ് നാലു മത്സരങ്ങളില്‍ മൂന്നു വിജയം സ്വന്തമാക്കി +0.616 നെറ്റ് റേറ്റില്‍ 6 പോയിന്റുമായി ഗ്രൂപ്പ് ഡിയില്‍ രണ്ടാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് സൗത്ത് ആഫ്രിക്ക നാല് മത്സരങ്ങളും വിജയിച്ച് 8 പോയിന്റ് സ്വന്തമാക്കിയിട്ടുണ്ട്.

കഴിഞ്ഞ ജൂണ്‍ 16ന് നേപ്പാളും ബംഗ്ലാദേശുമായി നടന്ന മത്സരത്തിനിടയില്‍ ബംഗ്ലാദേശ് ബൗളര്‍ നേപ്പാള്‍ ക്യാപ്റ്റന്‍ രോഹിത് പൗഡലുമായി കൊമ്പ് കോര്‍ത്തിരുന്നു. തര്‍ക്കത്തില്‍ ഏര്‍പ്പെട്ട ബംഗ്ലാദേശ് പേസര്‍ തന്‍സിം ഹസന്‍ സാക്കിബിനെതിരെ പെരുമാറ്റ ചട്ടത്തിന് നടപടിയെടുത്തു വന്നിരിക്കുകയാണ് ഐ.സി.സി.

പെരുമാറ്റ ചട്ടം ലംഘിച്ചതിന് ലെവല്‍ വണ്‍ കുറ്റക്കാരനായ സാക്കിബ് മാച്ച് ഫീ യുടെ 15 ശതമാനം പിഴ അടക്കേണ്ടതുണ്ട്. മാത്രമല്ല അച്ചടക്കത്തിന്റെ റെക്കോഡില്‍ ഒരു ഡീമെറിറ്റ് പോയിന്റും ചേര്‍ത്തു. താരം നിലവില്‍ മറ്റു അച്ചടക്കലംഘന കുറ്റങ്ങള്‍ ചെയ്തിട്ടില്ലായിരുന്നു.

നേപ്പാളിന്റെ ചേസിങ്ങിലെ മൂന്നാം ഓവറിലാണ് സംഭവം നടന്നത്, ആവേശകരമായ സ്‌പെല്ലിന് ഇടയില്‍ തന്‍സിം നേപ്പാള്‍ നായകന്‍ രോഹിത് പൗഡലുമായി മിഡ് പിച്ച് സംഭാഷണം നടത്തി.

കളിക്കാര്‍ക്കും കളിക്കാരെ പിന്തുണയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും വേണ്ടിയുള്ള ഐ.സി.സി പെരുമാറ്റച്ചട്ടത്തിന്റെ ആര്‍ട്ടിക്കിള്‍ 2.12 തന്‍സിം ലംഘിച്ചതായി കണ്ടെത്തി. അത് ഒരു അന്താരാഷ്ട്ര മത്സരത്തില്‍ കളിക്കാരനോടോ കളിക്കാരനെ പിന്തുണയ്ക്കുന്നവരുമായോ അമ്പയറുമായോ മാച്ച് റഫറിയുമായോ മറ്റേതെങ്കിലും വ്യക്തിയുമായോ അനുചിതമായ ശാരീരിക സമ്പര്‍ക്കമുണ്ടാക്കിയെന്നാണ് കുറ്റാരോപണം.

ഐ.സി.സി നിയമപ്രകാരം 24 മാസ കാലയളവില്‍ ഒരു കളിക്കാരന്‍ നാലോ അതിലധികമോ ഡീമെറിറ്റ് നേടിയാല്‍ അത് സസ്‌പെന്‍ഷനിന് വഴിവെക്കും. രണ്ട് സസ്‌പെന്‍ഷന്‍ പോയിന്റുകള്‍ ഉണ്ടെങ്കില്‍ കളിക്കാരന് അടുത്ത ഒരു ടെസ്റ്റ് മത്സരത്തില്‍ നിന്നോ രണ്ട് ഏകദിനത്തില്‍ നിന്നോ രണ്ട് ട്-20 യില്‍ നിന്നോ ഐ.സി.സിക്ക് വിലക്കാന്‍ സാധിക്കും.

 

 

Content Highlight: ICC Punished Tanzim Hasan Sakib In 2024 T20 World Cup