Champions Trophy
കുരങ്ങന്‍മാര്‍ പോലും ഇത്രേം പഴം കഴിക്കില്ല, അദ്ദേഹമായിരുന്നു ക്യാപ്റ്റനെങ്കില്‍ എല്ലാം അടി കൊണ്ടേനെ; പാകിസ്ഥാനെതിരെ വസീം അക്രം
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 26, 09:54 am
Wednesday, 26th February 2025, 3:24 pm

സ്വന്തം നാട്ടില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പാകിസ്ഥാന്‍ പുറത്തായിരിക്കുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടാണ് പാകിസ്ഥാന്‍ ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും പുറത്തായത്.

1996 ഏകദിന ലോകകപ്പിന്റെ സഹ ആതിഥേയത്വം വഹിച്ചതിന് ശേഷം ഇതാദ്യമായാണ് പാകിസ്ഥാന്‍ ഒരു ഐ.സി.സി ടൂര്‍ണമെന്റിന്റിന് വേദിയാകുന്നത്. ഈ ടൂര്‍ണമെന്റില്‍ തന്നെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ പുറത്താവുകയും ചെയ്തത് ആരാധകരെയും മുന്‍ താരങ്ങളെയും ചെറിയ തോതിലൊന്നുമല്ല നിരാശരാക്കിയിരിക്കുന്നത്.

2017ലാണ് പാകിസ്ഥാന്‍ അവസാനമായി ഐ.സി.സി കിരീടം നേടിയത്. ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തിയാണ് പാകിസ്ഥാന്‍ കിരീടമണിഞ്ഞത്. അന്നുതൊട്ടിന്നുവരെ ഏകദിനത്തില്‍ ഇന്ത്യയെ പരാജയപ്പെടുത്താന്‍ പാകിസ്ഥാന് സാധിച്ചിട്ടില്ല.

2025 ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരായ തോല്‍വിയില്‍ പ്രതികരിക്കുകയാണ് പാകിസ്ഥാന്റെ എക്കാലത്തെയും മികച്ച താരങ്ങളില്‍ പ്രധാനിയും ക്രിക്കറ്റ് ഇതിഹാസവുമായ വസീം അക്രം. താരങ്ങളുടെ പ്രകടനത്തെയും ഫിസിക്കല്‍ ഫിറ്റ്‌നസ്സിനെയും വിമര്‍ശിച്ച താരം, താരങ്ങളുടെ ഡയറ്റിനെയും ചോദ്യം ചെയ്തു.

‘എനിക്ക് തോന്നുന്നത് ഇന്നിങ്‌സിന്റെ ആദ്യത്തെയോ രണ്ടാമത്തെയോ ഡ്രിങ്ക്‌സ് ബ്രേക്കിനിടെയാണ്, അവിടെ ഒരു പ്ലേറ്റില്‍ നിറയെ വാഴപ്പഴം താരങ്ങള്‍ക്കായി ഒരുക്കിവെച്ചിരുന്നു.

ഇത്രയും പഴം കുരങ്ങന്‍മാര്‍ പോലും കഴിക്കില്ല. ശരിക്കും ഇത് കുരങ്ങന്‍മാരുടെ ഭക്ഷണമാണ്, എന്നാല്‍ അവര്‍ പോലും ഇത്രയൊന്നും കഴിക്കില്ല. ഇപ്പോള്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ ആയിരുന്നെങ്കില്‍ എല്ലാവര്‍ക്കും നല്ല തല്ല് കിട്ടുമായിരുന്നു,’ ഡി.പി വേള്‍ഡ് ചര്‍ച്ചയ്ക്കിടെ വസീം അക്രം പറഞ്ഞു.

മറ്റ് ടീമുകള്‍ വേഗതയോടെയും അഗ്രഷനോടെയും ബാറ്റ് വീശുന്ന സാഹചര്യത്തില്‍ പാകിസ്ഥാന്‍ ഇപ്പോഴും പരമ്പരാഗതമായ രീതിയിലാണ് കളിക്കുന്നതെന്നും ഈ സമ്പ്രദായം മാറേണ്ടതുണ്ടെന്നും അക്രം പറഞ്ഞു.

‘കാര്യമായ മാറ്റങ്ങളുണ്ടാകേണ്ടിയിരിക്കുന്നു. കാലങ്ങളായി വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ നമ്മള്‍ പരമ്പരാഗതമായ രീതികളാണ് പിന്തുടരുന്നത്. ഇതില്‍ മാറ്റം വരണം. പേടിയില്ലാത്ത ക്രിക്കറ്റര്‍മാരെ, യുവതാരങ്ങളെ ടീമിന്റെ ഭാഗമാക്കണം. ടീമില്‍ അഞ്ചോ ആറോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ ദയവായി അങ്ങനെ തന്നെ ചെയ്യൂ,’ അക്രം പറഞ്ഞു.

അതേസമയം, ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിന്നും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍ പുറത്തായിരിക്കുകയാണ്. തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും തോറ്റ പാകിസ്ഥാന്‍, ബംഗ്ലാദേശ് ന്യൂസിലാന്‍ഡിനോട് പരാജയപ്പെട്ടതോടെയാണ് സെമി കാണാതെ പുറത്തായത്.

ഇതോടെ ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും ന്യൂസിലാന്‍ഡും സെമി ഫൈനലിന് യോഗ്യത നേടി. ഇരു ടീമുകളും തങ്ങളുടെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യയ്ക്കെതിരായ രണ്ടാം മത്സരവും പരാജയപ്പെട്ടെങ്കിലും പാകിസ്ഥാന്റെ സെമി സാധ്യതകള്‍ പൂര്‍ണമായും അടഞ്ഞിരുന്നില്ല. ന്യൂസിലാന്‍ഡ് തങ്ങളുടെ രണ്ട് മത്സരങ്ങളും പരാജയപ്പെടുകയും പാകിസ്ഥാന്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തുകയും ചെയ്താല്‍ റണ്‍ റേറ്റിന്റെ കൂടി അടിസ്ഥാനത്തില്‍ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ക്ക് മുമ്പോട്ട് കുതിക്കാന്‍ വഴിയൊരുങ്ങുമായിരുന്നു.

എന്നാല്‍ ന്യൂസിലാന്‍ഡ് വിജയം സ്വന്തമാക്കിയതോടെ പാകിസ്ഥാന്റെ വഴിയും അടയുകയായിരുന്നു.

 

Content Highlight: ICC Champions Trophy 2025: Wasim Akram slams Pakistan Cricket