Champions Trophy
തകര്‍പ്പന്‍ ഹാട്രിക്; കങ്കാരുക്കളെ തകര്‍ത്ത് ഫൈനലിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
2025 Mar 04, 04:08 pm
Tuesday, 4th March 2025, 9:38 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഫൈനലില്‍ പ്രവേശിക്കുന്ന ആദ്യ ടീമായി ഇന്ത്യ. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ഓസ്‌ട്രേലിയ ഉയര്‍ത്തിയ 265 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 11 പന്ത് ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

തുടര്‍ച്ചയായ മൂന്നാം ചാമ്പ്യന്‍സ് ട്രോഫി ഫൈനലിനാണ് ഇന്ത്യ ടിക്കറ്റെടുത്തിരിക്കുന്നത്. 2013ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്ത് കപ്പുയര്‍ത്തിയ ഇന്ത്യ 2017ല്‍ പാകിസ്ഥാനോട് പരാജയപ്പെട്ടിരുന്നു. ഇപ്പോള്‍ ഒരിക്കല്‍ നേടിയതും ശേഷം നഷ്ടപ്പെടുത്തിയതുമായ കിരീടമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് തുടക്കം പാളിയിരുന്നു. യുവതാരം കൂപ്പര്‍ കനോലിയെ ഓസീസിന് പൂജ്യത്തിന് നഷ്ടമായി.

വണ്‍ ഡൗണായെത്തിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനെ ഒപ്പം കൂട്ടി ട്രാവിസ് ഹെഡ് സ്‌കോര്‍ ബോര്‍ഡിന് ജീവന്‍ നല്‍കി. ഒരുവേള 11 പന്തില്‍ ഒരു റണ്‍സ് മാത്രം നേടിയ ഹെഡ് അധികം വൈകാതെ തന്റെ ടിപ്പിക്കല്‍ രീതിയിലേക്ക് ഗിയര്‍ മാറ്റി.

ഒന്നിന് പിന്നാലെ ഒന്നായി ഫോറുകളും അനായാസം സിക്സറുകളുമായി ഹെഡ് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കെതിരെ ആക്രമണമഴിച്ചുവിട്ടു. തുടക്കത്തില്‍ തന്നെ ഹെഡിനെ പുറത്താക്കാനുള്ള ഒന്നിലധികം അവസരം ഇന്ത്യ പാഴാക്കുകയും ചെയ്തതോടെ ഹെഡ് വീണ്ടും ഇന്ത്യയ്ക്ക് തലവേദനയാകുമെന്ന് ആരാധകര്‍ കരുതിയത്.

എന്നാല്‍ ഹെഡ് കാര്യമായ വിനാശം വിതയ്ക്കുന്നത് മുമ്പേ വരുണ്‍ ചക്രവര്‍ത്തി താരത്തെ മടക്കി. 33 പന്തില്‍ 39 റണ്‍സ് നേടി നില്‍ക്കവെ ശുഭ്മന്‍ ഗില്‍ താരത്തെ ക്യാച്ചെടുത്ത് മടക്കുകയായിരുന്നു.

പിന്നാലെയെത്തിയ മാര്‍നസ് ലബുഷാനെയും (36 പന്തില്‍ 29), ജോഷ് ഇംഗ്ലിസിനെയും (12 പന്തില്‍ 11) ഒപ്പം കൂട്ടി സ്മിത് ചെറുതല്ലാത്ത കൂട്ടുകെട്ടുകള്‍ പടുത്തുയര്‍ത്തി.

സ്റ്റീവ് സ്മിത്തിന്റെ വിക്കറ്റാണ് മത്സരത്തിന്റെ ഗതി നിര്‍ണയിച്ച മുഹൂര്‍ത്തം. അലക്സ് കാരിക്കൊപ്പം ചേര്‍ന്ന് അര്‍ധ സെഞ്ച്വറി കൂട്ടുകെട്ടുമായി മികച്ച രീതിയില്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കവെയാണ് ഇന്ത്യ സ്മിത്തിനെ പുറത്താക്കിയത്.

37ാം ഓവറിലെ നാലാം പന്തിലാണ് സ്മിത് പുറത്താകുന്നത്. സൂപ്പര്‍ പേസര്‍ മുഹമ്മദ് ഷമിക്ക് മുമ്പില്‍ പരാജയപ്പെട്ടായിരുന്നു താരത്തിന്റെ മടക്കം. വിക്കറ്റ് ലക്ഷ്യമാക്കി ഷമി തൊടുത്തുവിട്ട ഫുള്‍ ടോസ് ഡെലിവെറിയില്‍ ഷോട്ട് കളിക്കാന്‍ ശ്രമിച്ച സ്മിത്തിന് പിഴച്ചു. ക്ലീന്‍ ബൗള്‍ഡായാണ് താരം പവലിയനിലേക്ക് തിരിച്ചുനടന്നത്.

സ്മിത് പുറത്തായതിന് പിന്നാലെ ഗ്ലെന്‍ മാക്സ്വെല്‍ ക്രീസിലെത്തി. എന്നാല്‍ അഞ്ച് പന്ത് മാത്രമാണ് താരത്തിന് ആയുസ്സുണ്ടായിരുന്നത്. നേരിട്ട നാലാം പന്തില്‍ അക്സര്‍ പട്ടേലിനെ സിക്സറിന് പറത്തി വരവറിയിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ പട്ടേല്‍ മാക്സിയെ ബൗള്‍ഡാക്കി. ഏഴ് റണ്‍സാണ് താരം സ്വന്തമാക്കിയത്.

29 പന്തില്‍ 19 റണ്‍സടിച്ച ബെന്‍ ഡ്വാര്‍ഷിയസിന്റെ ഇന്നിങ്സും ടീമിന് തുണയായി.

48ാം ഓവറിലെ ആദ്യ പന്തിലാണ് അലക്സ് കാരിയെ ഇന്ത്യ മടക്കുന്നത്. ഹര്‍ദിക് പാണ്ഡ്യയുടെ പന്തില്‍ ഷോട്ട് കളിച്ച കാരി സിംഗിള്‍ ഇനിഷ്യേറ്റ് ചെയ്തു. മികച്ച രീതിയില്‍ സിംഗിള്‍ പൂര്‍ത്തിയാക്കിയ താരം ഡബിളിനായി ഓടുകയായിരുന്നു. എന്നാല്‍ ശ്രേയസ് അയ്യരിന്റെ തകര്‍പ്പന്‍ ഡയറക്ട് ഹീറ്റില്‍ താരം പുറത്താവുകയായിരുന്നു.

പുറത്താകും മുമ്പ് താരം അര്‍ധ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. 57 പന്തില്‍ 61 റണ്‍സാണ് താരം അടിച്ചെടുത്തത്.

പിന്നാലെ മുഹമ്മദ് ഷമിയും ഹര്‍ദിക് പാണ്ഡ്യയും ശേഷിച്ച വിക്കറ്റുകളും പിഴുതെറിഞ്ഞു. 264 റണ്‍സിന്റെ ടോട്ടലാണ് ഓസീസ് അടിച്ചെടുത്തത്.

ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്ത്തി. വരുണ്‍ ചക്രവര്‍ത്തിയും രവീന്ദ്ര ജഡജേയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അക്സര്‍ പട്ടേലും ഹര്‍ദിക് പാണ്ഡ്യയും ഓരോ വിക്കറ്റ് വീതവും നേടി ഓസീസിന്റെ പതനം പൂര്‍ത്തിയാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് പത്ത് ഓവറിനിടെ തന്നെ ഓപ്പണര്‍മാരെ രണ്ട് പേരെയും നഷ്ടമായിരുന്നു. ശുഭ്മന്‍ ഗില്‍ 11 പന്തില്‍ എട്ട് റണ്‍സടിച്ച് മടങ്ങിയപ്പോള്‍ 29 പന്തില്‍ 28 റണ്‍സാണ് രോേഹിത് ശര്‍മ സ്വന്തമാക്കിയത്.

മത്സരത്തില്‍ രണ്ട് തവണ രോഹിത് ശര്‍മയ്ക്ക് ജീവന്‍ തിരിച്ചുകിട്ടിയിരുന്നു. യുവതാരം കൂപ്പര്‍ കനോലിയുടെ ക്യാച്ചില്‍ നിന്നും ഒരിക്കല്‍ രക്ഷപ്പെട്ട താരം കനോലിക്ക് തന്നെ വിക്കറ്റ് സമ്മാനിച്ചാണ് മടങ്ങിയത്. വിക്കറ്റിന് മുമ്പില്‍ മുമ്പില്‍ കുടുങ്ങിയായിരുന്നു താരത്തിന്റെ മടക്കം.

ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിധിച്ചതോടെ രോഹിത് ഡി.ആര്‍.എസ് എടുത്തെങ്കിലും മൂന്നാം അമ്പയറും ഓസീസിന് അനുകൂലമായി വിധിയെഴുതി. മൂന്ന് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

മൂന്നാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന വിരാട് കോഹ്ലി – ശ്രേയസ് അയ്യര്‍ ദ്വയമാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇരുവരും ചേര്‍ന്ന് 91 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ടീം സ്‌കോര്‍ 134ല്‍ നില്‍ക്കവെ 45 റണ്‍സ് നേടിയ ശ്രേയസ് അയ്യരിനെ പുറത്താക്കി ആദം സാംപയാണ് കൂട്ടുകെട്ട് പൊളിച്ചത്.

പിന്നാലെയെത്തിയ അക്‌സര്‍ പട്ടേലിനും (30 പന്തില്‍ 27) കെ.എല്‍. രാഹുലിനുമൊപ്പം ചേര്‍ന്ന് വിരാട് സ്‌കോര്‍ ബോര്‍ഡിന്റെ വേഗം കുറയാതെ നോക്കി.

43ാം ഓവറിലെ നാലാം പന്തില്‍ ഇന്ത്യന്‍ ഡഗ് ഔട്ടിനെ നിരാശരാക്കി വിരാട് പുറത്തായി. 98 പന്തില്‍ 84 റണ്‍സ് നേടി നില്‍ക്കവെ ആദം സാംപയുടെ പന്തില്‍ ബെന്‍ ഡ്വാര്‍ഷിയസിന് ക്യാച്ച് നല്‍കിയായിരുന്നു താരം മടങ്ങിയത്.

വിരാടിനൊപ്പം ചെറുത്തിനിന്ന കെ.എല്‍. രാഹുലിന്റെ പ്രകടനവും ആദം സാംപയെ തുടര്‍ച്ചയായ സിക്‌സറുകള്‍ക്ക് പറത്തി അവസാന ഓവറുകളില്‍ ആളിക്കത്തിയ ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടും ഇന്ത്യന്‍ നിരയില്‍ നിര്‍ണായകമായി.

24 പന്തില്‍ 28 റണ്‍സാണ് പാണ്ഡ്യ അടിച്ചെടുത്തത്. മൂന്ന് സിക്‌സറും ഒരു ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

ഒടുവില്‍ ഗ്ലെന്‍ മാക്‌സ്വെല്ലിനെ സിക്‌സറിന് പറത്തി രാഹുല്‍ ഇന്ത്യയെ വിജയത്തിലേക്കും ഫൈനലിലേക്കുമെത്തിച്ചു. 34 പന്തില്‍ പുറത്താകാതെ 42 റണ്‍സാണ് താരം നേടിയത്.

ഐ.സി.സി നോക്ക്ഔട്ട് ചരിത്രത്തില്‍ ഓസീസിനെതിരായ ഏറ്റവുമുയര്‍ന്ന സക്‌സസ്ഫുള്‍ റണ്‍ ചെയ്‌സിന്റെ റെക്കോഡും ഇന്ത്യ സ്വന്തമാക്കി.

ഓസ്‌ട്രേലിയക്കായി നഥാന്‍ എല്ലിസും ആദം സാംപയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോള്‍ കൂപ്പര്‍ കനോലിയും ബെന്‍ ഡ്വാര്‍ഷിയസും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍ മത്സരം. നാളെ നടക്കുന്ന സൗത്ത് ആഫ്രിക്ക – ന്യൂസിലാന്‍ഡ് മത്സരത്തിലെ ജേതാക്കളെയാണ് ഇന്ത്യയ്ക്ക് ഫൈനലില്‍ നേരിടാനുണ്ടാവുക.

 

 

Content Highlight: ICC Champions Trophy 2025: Semi Final: IND vs AUS: India defeated Australia