ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരായ മത്സരം മഴ മൂലം ഉപേക്ഷിച്ചതോടെ ഒരു വിജയം പോലും സ്വന്തമാക്കാന്‍ സാധിക്കാതെ പാകിസ്ഥാന്‍ ടൂര്‍ണമെന്റിനോട് വിടപറഞ്ഞിരിക്കുകയാണ്. രണ്ട് തോല്‍വിയും ഒരു സമനിലയുമായി ഒരു പോയിന്റോടെ ഗ്രൂപ്പ് എ-യില്‍ അവസാന സ്ഥാനത്താണ് പാകിസ്ഥാന്‍.
ഈ മത്സരത്തിന് മുമ്പ് തന്നെ പാകിസ്ഥാനും ബംഗ്ലാദേശും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായിരുന്നു. മുഖം രക്ഷിക്കാനുള്ള വിജയം മാത്രം ലക്ഷ്യമിട്ടാണ് ഇരുവരും ഏറ്റുമുട്ടാനൊരുങ്ങിയത്. എന്നാല്‍ മഴ ഈ അവസരവും തല്ലിക്കെടുത്തി.
The ICC #ChampionsTrophy match between Pakistan and Bangladesh is abandoned without a ball bowled 🌧️#PAKvBAN pic.twitter.com/h7uxOhYb9J
— Pakistan Cricket (@TheRealPCB) February 27, 2025
ഇപ്പോള്‍ പാകിസ്ഥാന്റെ പ്രകടനത്തെ കുറിച്ചും ടൂര്‍ണമെന്റില്‍ നിന്നും പുറത്തായതിനെ കുറിച്ചും സംസാരിക്കുകയാണ് നായകന്‍ മുഹമ്മദ് റിസ്വാന്‍. മത്സരം മഴയെടുത്തതിന് പിന്നാലെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘സ്വന്തം മണ്ണില്‍ മികച്ച പ്രകടനം നടത്തണമെന്നാണ് ഞങ്ങള്‍ ആഗ്രഹിച്ചത്. ഞങ്ങള്‍ക്ക് മേലുള്ള പ്രതീക്ഷകളും ഏറെ വലുതായിരുന്നു. ഞങ്ങള്‍ക്ക് മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല, ഇത് നിരാശപ്പെടുത്തുകയാണ്.
നിങ്ങള്‍ക്ക് തെറ്റില്‍ നിന്നും പഠിക്കാന്‍ സാധിക്കും. ഞങ്ങള്‍ കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ഒരുപാട് തെറ്റുകള്‍ വരുത്തി. ഇതില്‍ നിന്നും പഠിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഞങ്ങള്‍ ഇനി ന്യൂസിലാന്‍ഡിലേക്ക് പര്യടനം നടത്താന്‍ ഒരുങ്ങുകയാണ്. അവിടെ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നും, ഇവിടെ അവര്‍ക്കെതിരെ വരുത്തിയ തെറ്റുകളെല്ലാം തിരുത്താന്‍ സാധിക്കുമെന്നുമാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്. അവിടെ ഞങ്ങള്‍ മികച്ച പ്രകടനം പുറത്തെടുക്കും,’ റിസ്വാന്‍ പറഞ്ഞു.
1996 ലോകകപ്പിന് ശേഷം പാകിസ്ഥാന്‍ ആതിഥേയത്വം വഹിക്കുന്ന മത്സരമെന്ന നിലയില്‍ ആരാധകര്‍ക്ക് പ്രതീക്ഷകളേറെയായിരുന്നു. എന്നാല്‍ ആ പ്രതീക്ഷകള്‍ മുഴുവന്‍ പാടെ തെറ്റിക്കുന്നതായിരുന്നു ടീമിന്റെ പ്രകടനം.
ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ന്യൂസിലാന്‍ഡിനോട് തോറ്റാണ് പാകിസ്ഥാന്‍ തുടങ്ങിയത്. കറാച്ചിയില്‍ നടന്ന മത്സരത്തില്‍ 60 റണ്‍സിന്റെ തോല്‍വിയാണ് റിസ്വാനും സംഘത്തിനും ഏറ്റുവാങ്ങേണ്ടി വന്നത്.
രണ്ടാം മത്സരത്തില്‍ ഇന്ത്യയോടാണ് പാകിസ്ഥാന്‍ പരാജയപ്പെട്ടത്. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിന്റെ തോല്‍വിയാണ് ഡിഫന്‍ഡിങ് ചാമ്പ്യന്‍മാര്‍ ഏറ്റുവാങ്ങിയത്.
India win the match by six wickets.#PAKvIND | #ChampionsTrophy pic.twitter.com/woTMIH4M8n
— Pakistan Cricket (@TheRealPCB) February 23, 2025
തങ്ങളുടെ ആദ്യ രണ്ട് മത്സരത്തിലും പരാജയപ്പെട്ടെങ്കിലും ആതിഥേയരുടെ അവസരം പൂര്‍ണമായും ഇല്ലാതിയിരുന്നില്ല. ബംഗ്ലാദേശിന്റെ ജയപരാജയങ്ങളും പാകിസ്ഥാന്റെ യാത്രയില്‍ നിര്‍ണായകമാകുമായിരുന്നു.
ന്യൂസിലാന്‍ഡിനെതിരായ രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശ് വിജയിക്കേണ്ടത് പാകിസ്ഥാന്റെ കൂടി ആവശ്യമായിരുന്നു. ബംഗ്ലാദേശ് – ന്യൂസിലാന്‍ഡ് മത്സരത്തിലും ഇന്ത്യ – ന്യൂസിലാന്‍ഡ് മത്സരത്തിലും കിവികള്‍ പരാജയപ്പെടുകയും ബംഗ്ലാദേശ് – പാകിസ്ഥാന്‍ മത്സരത്തില്‍ ആതിഥേയര്‍ വിജയിക്കുകയും ചെയ്താല്‍ റണ്‍ റേറ്റ് കൂടി കണക്കിലെടുത്ത് പാകിസ്ഥാന് മുന്നേറാനുള്ള സാധ്യതകളുണ്ടായിരുന്നു.
എന്നാല്‍ പാകിസ്ഥാന്റെ ആ സാധ്യതകള്‍ പൂര്‍ണമായും കൊട്ടിയടച്ച് ബംഗ്ലാദേശ് പരാജയപ്പെടുകയായിരുന്നു.
Content Highlight: ICC Champions Trophy 2025: Pakistan captain Muhammad Rizwan reacts to the defeat