Champions Trophy
ചെയ്‌സ് മാസ്റ്റര്‍ ഈസ് ബാക്ക്; വിന്റേജ് വിരാട്! സെഞ്ച്വറി; പാകിസ്ഥാനെ ചാരമാക്കി ഇന്ത്യ
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 23, 04:25 pm
Sunday, 23rd February 2025, 9:55 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.

സെഞ്ച്വറി നേടിയ വിരാട് കോഹ്ലിയുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. അര്‍ധ സെഞ്ച്വറി നേടിയ ശ്രേയസ് അയ്യരിന്റെ പ്രകടനവും ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന് മോശമല്ലാത്ത തുടക്കം ലഭിച്ചു. ആദ്യ വിക്കറ്റില്‍ ബാബര്‍ അസവും ഇമാം ഉള്‍ ഹഖും ചേര്‍ന്ന് 41 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ തുടര്‍ച്ചയായ ഓവറുകളില്‍ ഇരുവരെയും നഷ്ടപ്പെട്ട പാകിസ്ഥാന്‍ സമ്മര്‍ദത്തിലായി.

മൂന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനും സൗദ് ഷക്കീലും ചേര്‍ന്ന് പടുത്തുയര്‍ത്തിയ സെഞ്ച്വറി കൂട്ടുകെട്ടാണ് പാകിസ്ഥാനെ തകര്‍ച്ചയില്‍ നിന്നും കരകയറ്റിയത്. ടീം സ്‌കോര്‍ 47ല്‍ നില്‍ക്കവെ ഒന്നിച്ച ഈ കൂട്ടുകെട്ട് പിരിയുന്നത് 151ലാണ്. റിസ്വാനെ മടക്കി അക്സര്‍ പട്ടേലാണ് ബ്രേക് ത്രൂ സമ്മാനിച്ചത്. 77 പന്തില്‍ 46 റണ്‍സാണ് ക്യാപ്റ്റന്‍ നേടിയത്.

അധികം വൈകാതെ സൗദ് ഷക്കീലിന്റെ വിക്കറ്റും പാകിസ്ഥാന് നഷ്ടമായി. 76 പന്തില്‍ 62 റണ്‍സ് നേടി നില്‍ക്കവെ ഹര്‍ദിക് പാണ്ഡ്യയാണ് വിക്കറ്റ് നേടിയത്.

39 പന്തില്‍ 38 റണ്‍സ് നേടിയ ഖുഷ്ദില്‍ ഷായാണ് മൂന്നാമത് മികച്ച റണ്‍ ഗെറ്റര്‍.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് തരക്കേടില്ലാത്ത തുടക്കമാണ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്.

ടീം സ്‌കോര്‍ 31ല്‍ നില്‍ക്കവെ അഞ്ചാം ഓവറിലെ അവസാന പന്തില്‍ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 15 പന്തില്‍ 20 റണ്‍സുമായി നില്‍ക്കവെ ഷഹീന്‍ അഫ്രിദിക്ക് വിക്കറ്റ് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്.

വണ്‍ ഡൗണായെത്തിയ വിരാട് കോഹ്‌ലി ശുഭ്മന്‍ ഗില്ലിനെ ഒപ്പം കൂട്ടി ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിച്ചു. ഇതിനിടെ വിരാട് കോഹ്‌ലി ഏകദിന കരിയറിലെ 14,000 റണ്‍സ് മാര്‍ക്കും പിന്നിട്ടിരുന്നു. മത്സരത്തില്‍ 15 റണ്‍സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയായിരുന്നു വിരാടിന്റെ നേട്ടം പിറവിയെടുത്തത്.

രണ്ടാം വിക്കറ്റില്‍ 69 റണ്‍സാണ് ഗോട്ട് – ബേബി ഗോട്ട് കൂട്ടുകെട്ട് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്തുവെച്ചത്. മികച്ച രീതിയില്‍ ബാറ്റ് വീശി അര്‍ധ സെഞ്ച്വറിയിലേക്ക് കുതിക്കവെ അബ്രാര്‍ അഹമ്മദ് ഗില്ലിനെ മടക്കി. 52 പന്തില്‍ 46 റണ്‍സ് നേടിയാണ് ഗില്‍ മടങ്ങിത്.

ഗില്ലിന് പിന്നാലെയെത്തിയ ശ്രേയസ് അയ്യരിനെ ഒപ്പം കൂട്ടി വിരാട് പാകിസ്ഥാന്റെ വിധിയെഴുതി. മൂന്നാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ഇരുവരും ഇന്ത്യയെ വിജയതീരത്തേക്കെത്തിച്ചത്.

തുടക്കത്തില്‍ കൂടുതല്‍ പന്തുകള്‍ നേരിട്ടാണ് ശ്രേയസ് അയ്യര്‍ ക്രീസില്‍ നിലയുറപ്പിച്ചത്. എന്നാല്‍ അധികം വൈകാതെ ശ്രേയസ് അയ്യര്‍ താളം കണ്ടെത്തിയതോടെ പാകിസ്ഥാന്‍ കൂടുതല്‍ പ്രതിസന്ധിയിലായി.

വിജയത്തിന് 28 റണ്‍സകലെ ശ്രേയസ് അയ്യരുടെ വിക്കറ്റും ഇന്ത്യയ്ക്ക് നഷ്ടമായി. 67 പന്തില്‍ 56 റണ്‍സ് നേടിയാണ് താരം തിരിച്ചുനടന്നത്. അഞ്ചാം നമ്പറിലെത്തിയ ഹര്‍ദിക് പാണ്ഡ്യ ആറ് പന്തില്‍ എട്ട് റണ്‍സുമായി പുറത്തായി.

ഒടുവില്‍ ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ വിരാട് ബൗണ്ടറി നേടി തന്റെ സെഞ്ച്വറിയും ഇന്ത്യയുടെ വിജയവും പൂര്‍ത്തിയാക്കി.

പാകിസ്ഥാനായി ഷഹീന്‍ അഫ്രിദി രണ്ട് വിക്കറ്റെടുത്തപ്പോള്‍ അബ്രാര്‍ അഹമ്മദും ഖുഷ്ദില്‍ ഷായും ഓരോ വിക്കറ്റ് വീതവും നേടി.

 

Content Highlight: ICC Champions trophy 2025: IND vs PAK: India defeated Pakistan