ഇയാന്‍ ഗില്ലന്‍ കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ച്; ബിബി തോമസ് അസിസ്റ്റന്റ് കോച്ച്
Sports News
ഇയാന്‍ ഗില്ലന്‍ കാലിക്കറ്റ് എഫ്.സി ഹെഡ് കോച്ച്; ബിബി തോമസ് അസിസ്റ്റന്റ് കോച്ച്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 18th July 2024, 7:04 pm

അടുത്തിടെ പ്രഖ്യാപിച്ച സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റിനായി കാലിക്കറ്റ് ഫുട്ബോള്‍ ക്ലബ്ബിന്റെ (കാലിക്കറ്റ് എഫ്.സി) മുഖ്യ പരിശീലകനായി ഇയാന്‍ ആന്‍ഡ്രൂ ഗില്ലനെ നിയമിച്ചു. മുന്‍ ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ടീം കോച്ച് ആണ് ഇയാന്‍ ഗില്ലന്‍.

കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നുള്ള 6 ടീമുകള്‍ മത്സരിക്കുന്ന സൂപ്പര്‍ ലീഗ് കേരള ടൂര്‍ണമെന്റ് സെപ്റ്റംബറില്‍ ആരംഭിക്കും. ഒന്നരക്കോടി രൂപയാണ് ടൂര്‍ണമെന്റിലെ സമ്മാനത്തുക. ലീഗ് ഘട്ടത്തില്‍ 30 മത്സരങ്ങളാണുള്ളത്. സെമി ഫൈനലും ഫൈനലും ഒക്ടോബറില്‍ നടക്കും. 6 വിദേശ താരങ്ങളും 9 ദേശീയ താരങ്ങളും കേരളത്തില്‍ നിന്നുള്ള കളിക്കാരുമടക്കം 25 താരങ്ങളാണ് കാലിക്കറ്റ് എഫ്.സി ടീമിലുള്ളത്. കോഴിക്കോട് കോര്‍പ്പറേഷന്‍ സ്റ്റേഡിയമാണ് കാലിക്കറ്റ് എഫ്.സിയുടെ ഹോം ഗ്രൗണ്ട്. അഞ്ച് മത്സരങ്ങളാണ് ടീം ഇവിടെ കളിക്കുക.

No description available.

 

കാലിക്കറ്റ് എഫ്.സിയുടെ പുതിയ പരിശീലകന്‍ ആന്‍ഡ്രൂ ഗില്ലന് ഫുട്ബോള്‍ പരിശീലനത്തില്‍ 25-ലധികം വര്‍ഷത്തെ അനുഭവസമ്പത്തുണ്ട്. 58 കാരനായ ഗില്ലന്‍ ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീന്‍സ്, ഓസ്ട്രേലിയ, ഇംഗ്ലണ്ട് എന്നിവിടങ്ങളിലെ പ്രമുഖ ഫുട്ബോള്‍ ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുണ്ട്. നേപ്പാളിലെ ലളിത്പൂര്‍ സിറ്റി ഫുട്ബോള്‍ ക്ലബ്ബിന്റെ ഹെഡ് കോച്ച് ആയിട്ടാണ് ഒടുവില്‍ പ്രവര്‍ത്തിച്ചത്. ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനില്‍ (എ.എ.ഫ്.സി) ‘എ’ ലൈസന്‍സുള്ള ഗില്ലന്‍ അവിടെ നിന്ന് പ്രൊഫഷണല്‍ കോച്ചിങ് ഡിപ്ലോമ നേടിയിട്ടുണ്ട്.

No description available.

മുന്‍ അണ്ടര്‍-21 ഇന്ത്യന്‍ താരവും അണ്ടര്‍ 16 ദേശീയ വനിതാ ടീമിന്റെ മുഖ്യ പരിശീലകനുമായിരുന്ന ബിബി തോമസ് മുട്ടത്ത് ആണ് കാലിക്കറ്റ് എഫ്.സിയുടെ അസിസ്റ്റന്റ് കോച്ച്. 46 കാരനായ ബിബി തോമസ് ബെംഗളൂരു എഫ്.സിയുടെ ടെക്‌നിക്കല്‍ ഡയറക്ടറും സന്തോഷ് ട്രോഫി കര്‍ണാടക ടീമിന്റെ മുഖ്യ പരിശീലകനുമാണ്. മാത്രമല്ല 2023-24 ലെ സന്തോഷ് ട്രോഫിയില്‍ കേരള ടീമിന്റെ സെലക്ടറുമായിരുന്നു.

അന്താരാഷ്ട്ര പ്രശസ്ത ഫുട്‌ബോള്‍ പരിശീലകനായ ഗില്ലന് പരിശീലകന്‍, മാനേജര്‍, ടെക്‌നിക്കല്‍ ഡയറക്ടര്‍ എന്നീ നിലകളിലുള്ള അനുഭവപരിചയവും വൈദഗ്ധ്യവും കൊണ്ട് കാലിക്കറ്റ് എഫ്.സിക്ക് കരുത്തേകാനാകുമെന്ന് ഫ്രാഞ്ചൈസി ഉടമ വി.കെ. മാത്യൂസ് പറഞ്ഞു.

5000 ജീവനക്കാരുള്ള മുന്‍നിര ആഗോള ഏവിയേഷന്‍ സോഫ്റ്റ്‌വയര്‍ നിര്‍മാതാക്കളായ ഐ.ബി.എസിന്റെ സ്ഥാപകനും എക്‌സിക്യൂട്ടീവ് ചെയര്‍മാനുമാണ് വി.കെ. മാത്യൂസ്.

 

 

Content Highlight: Ian Gillan Calicut FC Head Coach


Community-verified icon