football news
ഞാൻ ഒരു റൊണാൾഡോ ഫാൻ; പക്ഷെ മെസിയാണ് G.O.A.T; മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഗോൾ മെഷീൻ
സ്പോര്‍ട്സ് ഡെസ്‌ക്
2023 Mar 23, 04:38 pm
Thursday, 23rd March 2023, 10:08 pm

സമകാലിക ഫുട്ബോളിൽ ഒരു പതിറ്റാണ്ടായി നീളുന്ന തർക്കമാണ് മെസിയാണോ റൊണാൾഡോയാണോ G.O.A.T എന്നത്. ഇപ്പോഴും ഫുട്ബോൾ ലോകത്തെ മികച്ച താരമാരെന്ന തർക്കത്തിൽ ഭൂരിപക്ഷം ആരാധകരും രണ്ട്ചേരികളായി വേർതിരിഞ്ഞ് ഇരു താരങ്ങളുടെയും പക്ഷം പിടിക്കാനാണ് സാധ്യത.

എന്നാൽ മെസിയോ റൊണാൾഡോയോ മികച്ച താരം എന്ന ചോദ്യത്തിന് തന്റെ മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർ താരം മാർക്കസ് റാഷ്ഫോർഡ്. 2018ൽ G.O.A.T ഡിബേറ്റിനെക്കുറിച്ച് താരം പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി പ്രചരിക്കുന്നത്.

മെസിയെക്കാൾ റൊണാൾഡോയെയാണ് തനിക്ക് ഇഷ്ടമെന്നും എന്നാൽ മെസിയാണ് ഫുട്ബോളിലെ ഏറ്റവും മികച്ച താരമെന്നുമാണ് റാഷ്ഫോർഡ് അഭിപ്രായപ്പെട്ടിരിക്കുന്നത്.

സി.എൻ.എനിന് നൽകിയ അഭിമുഖത്തിലാണ് മെസിയെയും റൊണാൾഡോയേയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങൾ റാഷ്ഫോർഡ് പങ്കുവെച്ചത്.

“മെസിയാണ് മികച്ച താരമെന്ന് ഞാൻ പറയും, അദ്ദേഹം മൈതാനത്ത് ചെയ്യുന്ന ചില കാര്യങ്ങൾ അസാധ്യമാണ്. ഞാൻ റൊണാൾഡോയുടെ വലിയൊരു ഫാനാണ്. പക്ഷെ എക്കാലത്തെയും മികച്ച പ്ലെയറാരാണെന്ന ചോദ്യത്തിന് ഞാൻ മെസിയെന്നാകും ഉത്തരം പറയുക,’ റാഷ്ഫോർഡ് പറഞ്ഞു.

തന്റെ കരിയറിലാകമാനം 866 മത്സരങ്ങളിൽ നിന്നും 707 ഗോളുകളും 336 അസിസ്റ്റുകളുമാണ് മെസി സ്വന്തമാക്കിയത്. കൂടാതെ ഏഴ് ബാലൻ ഡി ഓർ പുരസ്കാരങ്ങളും നാല് ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും 11 ലീഗ് ടൈറ്റിലുകളും മെസിയുടെ പേരിലുണ്ട്.

റൊണാൾഡോക്ക് അഞ്ച് വീതം ചാമ്പ്യൻസ് ലീഗ്, ബാലൻ ഡി ഓർ പുരസ്കാരങ്ങളാണ് ലഭിച്ചിട്ടുള്ളത്. കൂടാതെ റയൽ, യുവന്റസ്, മാഞ്ചസ്റ്റർ യുണൈറ്റഡ് എന്നീ ക്ലബ്ബുകളിൽ നിന്നായി ലീഗ് ടൈറ്റിലുകളും അദ്ദേഹം വിജയിച്ചിട്ടുണ്ട്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിനായി മികച്ച പ്രകടനമാണ് ഇംഗ്ലീഷ് താരമായ റാഷ്ഫോർഡ് കാഴ്ചവെക്കുന്നത്.


നിലവിൽ 26 മത്സരങ്ങളിൽ നിന്നും 15 വിജയങ്ങളോടെ 50 പോയിന്റുമായി ലീഗ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഏപ്രിൽ രണ്ടിന് ന്യൂ കാസിൽ യുണൈറ്റഡിനെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

Content Highlights:iam a ronaldo fan but messi is goat said Marcus Rashford