കോഴിക്കോട്: കലൂരിലെ ജവഹര്‍ലാല്‍ നെഹ്‌റു രാജ്യാന്തര സ്‌റ്റേഡിയത്തില്‍ ക്രിക്കറ്റ് മത്സരം നടത്തുന്നതിനെതിരെ കേരള ബ്ലാസ്‌റ്റേഴ്‌സ് താരവും മലയാളികളുടെ സ്വന്തം “ഹ്യൂമേട്ട”നുമായ ഇയാന്‍ ഹ്യൂം. ഒരു ക്രിക്കറ്റ് മത്സരത്തിനായി ഫുട്‌ബോള്‍ മൈതാനം നശിപ്പിക്കരുതെന്നും ഇയാന്‍ ഹ്യൂം പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ഇയാന്‍ ഹ്യൂമിന്റെ രൂക്ഷമായ പ്രതികരണം.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ ആദ്യ സീസണില്‍ താന്‍ ഇവിടെ ഉണ്ടായിരുന്നു. ആറു മുതല്‍ എട്ട് ആഴ്ചകളെടുത്താണ് ക്രിക്കറ്റ് സ്‌റ്റേഡിയത്തെ അവര്‍ ഫുട്‌ബോള്‍ സ്‌റ്റേഡിയമാക്കി മാറ്റിയത്. വളരെയധികം സമയമെടുത്താണ് അവര്‍ ഇത് ചെയ്തത്. അന്നുമുതല്‍ വളരെയേറെ സമയമെടുത്ത് ഒരുപാട് പണം ചെലവഴിച്ചാണ് കലൂര്‍ സ്റ്റേഡിയം ഫുട്‌ബോളിനായി പാകപ്പെടുത്തിയെടുത്ത്. ഈ സ്റ്റേഡിയം അണ്ടര്‍ 17 ലോകകപ്പിനു വരെ വേദിയാകാനുള്ള നിലവാരം കൈവരിച്ചുവെന്നും കനേഡിയന്‍ താരം പറഞ്ഞു.
“ഒരു ക്രിക്കറ്റ് മത്സരത്തിനു വേണ്ടി ഫുട്‌ബോള്‍ സ്‌റ്റേഡിയത്തെ നശിപ്പിക്കുന്നത് പരിഹാസ്യമാണ്. കേരളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ജനങ്ങള്‍ക്ക് ക്രിക്കറ്റിനോടുള്ള സ്‌നേഹം ഞാന്‍ മനസിലാക്കിയിട്ടുണ്ട്. അതിനെ ഞാന്‍ കുറച്ചു കാണുകയല്ല.” -ഹ്യൂം പറയുന്നു.
അവിടെ തിരുവനന്തപുരത്ത് ഒരു സ്റ്റേഡിയം ഉണ്ട്. അത് ക്രിക്കറ്റിനു പാകമായതാണെന്നിരിക്കെ എന്തിനാണ് വര്‍ഷങ്ങള്‍ കൊണ്ട് മികച്ച നിലവാരമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയമായി മാറിയ കലൂരിലെ സ്‌റ്റേഡിയത്തെ നശിപ്പിക്കുന്നതെന്നും ഹ്യൂം ചോദിക്കുന്നു.
നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തിലാണ് ഇന്ത്യ-വിന്‍ഡീസ് പരമ്പരയിലെ അഞ്ചാം ഏകദിനം കൊച്ചിയില്‍ നടത്താന്‍ തീരുമാനിച്ചത്. ആദ്യം ഇതിനായി തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടത്താനായിരുന്നു നിശ്ചയിച്ചതെങ്കിലും കെ.സി.എയും കലൂര്‍ സ്റ്റേഡിയം ഉടമകളായ ജി.സി.ഡി.എയും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് വേദി കൊച്ചിയിലേക്കു മാറ്റിയത്.
ഇയാന്‍ ഹ്യൂമിന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്: